Complaint | 'വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഫോടോയെടുത്ത് പിഴയടപ്പിക്കുന്നു'; പാര്കിംഗിന്റെ പേരില്‍ ട്രാഫിക് പൊലീസ് പൊതുജനങ്ങളെ പീഡിപ്പിക്കുന്നതായി പരാതി; നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതായും ആക്ഷേപം
കട്ടപ്പന: (www.kvartha.com) പാർകിംഗിന്റെ പേരിൽ ട്രാഫിക് പൊലീസ് പൊതുജനങ്ങളെ പീഡിപ്പിക്കുന്നതായി പരാതി. ടൗണിലെ റോഡിരികിൽ പാർക് ചെയ്തിട്ടുളള വാഹനങ്ങളുടെ ഫോടോയെടുത്ത് അനധികൃത പാർകിംഗ് എന്ന പേരിൽ പിഴയടപ്പിക്കുകയാണെന്നാണ് ഉയരുന്ന പരാതി. ട്രാഫിക് പൊലീസിനെതിരെ പ്രദേശവാസികൾ സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.
പരാതിക്കാർ പറയുന്നത്:
'കട്ടപ്പന ടൗണിൽ എവിടെയൊക്കെയാണ് പാർകിംഗ് നിരോധിച്ചിരിക്കുന്നുവെന്ന് ചോദിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയിരുന്നു. നഗരസഭയിൽ ട്രാഫിക് റെഗുലേറ്ററി കമിറ്റി ചേർന്ന് നോ പാർകിംഗ് പോയിന്റുകൾ നിജപ്പെടുത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എവിടെയൊക്കയാണ്, അങ്ങനെ നിജപ്പെടുത്തിയ വിവരം പൊതുജനങ്ങളുടെ അറിവിലേക്ക് മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയിട്ടുണ്ടോ, ഗസറ്റ് നോടിഫികേഷൻ നടത്തിയിട്ടുണ്ടോ എന്നീ വിവരങ്ങളാണ് വിവരാവകാശ പ്രകാരം ചോദിച്ചത്. എന്നാൽ, ഇവയെല്ലാം ചെയ്തിട്ടുണ്ടെന്നും അതിന്റെ രേഖകളെല്ലാം നഗരസഭ അധികൃതരുടെ കൈവശമാണെന്നുമായിരുന്നു ട്രാഫിക് പൊലീസ് നൽകിയ മറുപടി.
ട്രാഫിക് പൊലീസ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ നഗരസഭയിൽ നൽകിയ അപേക്ഷക്കു ലഭിച്ച മറുപടിയിൽ നഗരസഭയോ ഗ്രാഫിക്ക് റെഗുലേറ്ററി കമിറ്റിയോ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ചു. ട്രാഫിക് പൊലീസ് എസ്എച്ഒ തെറ്റായ വിവരം നൽകിയെന്ന് ആരോപിച്ച് പരാതിക്കാർ അപലേറ്റ് അധികാരിയായ കട്ടപ്പന ഡിവൈഎസ്പിക്ക് അപീൽ നൽകി. അപീലിനെ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ട ഡിവൈഎസ്പിക്കുള്ള മറുപടിയിൽ സബ് ഇൻസ്പെക്ടർ തന്റെ മുൻകാമിയായിരുന്ന എസ്എച്ഒയും മുൻ മുനിസിപൽ ചെയർമാനും വാക്കാൽ നൽകിയ നിർദേശത്തെ തുടർന്നാണ് ഇത്തരത്തിൽ മറുപടി നൽകിയതെന്നാണ് പറഞ്ഞത്.
ഒരു സ്ഥലത്ത് പാർക് ചെയ്തിരിക്കുന്ന വാഹനത്തിന് അനധികൃത പാർകിംഗിന്റെ പേരിൽ പിഴയടപ്പിക്കണമെങ്കിൽ ട്രാഫിക് റെഗുലേറ്ററി കമിറ്റി ചേർന്ന് നോപാർകിംഗ് പോയിന്റുകൾ നിശ്ചയിച്ച് അത് നടപ്പിലാക്കുന്നതിന് ഒരുമാസം മുമ്പ് പത്ര പരസ്യം മുഖേനയോ പാർകിംഗ് സ്ഥലങ്ങൾ ഏതൊക്കെയെന്ന് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തണം. പൊതുജനങ്ങളിൽ ആർക്കും അക്കാര്യത്തിൽ എതിർപ്പില്ലെങ്കിൽ തുടർന്ന് ഗസറ്റിൽ പരസ്യം ചെയ്യണമെന്നും ആണ് നിയമം അനുശാസിക്കുന്നത്.
എന്നാൽ ഇതൊന്നും ചെയ്യാതെ ആരെങ്കിലും പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിൽ വഴിയിൽ പാർക് ചെയ്തതായി കാണുന്ന മുഴുവൻ വാഹനങ്ങളുടെയും പടമെടുത്ത് പിഴയടപ്പിക്കുകയാണ്. അതേസമയം പൊലീസ് സ്റ്റേഷൻ ജൻക്ഷൻ മുതൽ പളളിക്കവല വരെയുള്ള ഭാഗത്ത് നടപ്പാത കയ്യേറി കാൽനടയാത്രക്കാർക്ക് അസൗകര്യം സൃഷ്ടിച്ച് പാർക് ചെയ്തിരിക്കുന്നത് നിരവധി വാഹനങ്ങളാണ്. ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ചില സാഹചര്യങ്ങളിൽ ടൗണിലെ ട്രാഫിക് ബ്ലോകുകളിൽ പെട്ടു പോകുന്ന വാഹനങ്ങളുടെ ഫോടോയെടുത്ത് പിഴയടപ്പിക്കുന്നതായും പരാതിയുണ്ട്. നിയമ വിരുദ്ധമായി പൊതുജനങ്ങളെ ശല്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്'.
Keywords: News, Kerala, Traffic, Police, Complaint, Traffic police are harassing for parking.