Disaster | ഉരുൾപൊട്ടലിൽ വയനാട് നടുങ്ങി; ദയനീയം സ്ഥിതിഗതികൾ; രക്ഷാപ്രവർത്തനം തുടരുന്നു; 36 പേരുടെ മരണം സ്ഥിരീകരിച്ചു
വയനാട് ഉരുൾപൊട്ടലിൽ ചൂരൽമല, വെള്ളാർമല ഭാഗത്തുനിന്ന് 12 മൃതദേഹങ്ങൾ കണ്ടെത്തി. അട്ടമലയിൽ നിന്ന് അഞ്ചും പോത്തുകല്ലിൽ നിന്ന് 10 ഉം മൃതദേഹങ്ങൾ കണ്ടെത്തിയതായി നിലമ്പൂർ എംഎൽഎ പി വി അൻവർ അറിയിച്ചു
കൽപറ്റ: (KVARTHA) വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഭീകരമായ ഉരുൾപൊട്ടലിൽ നാട് നടുങ്ങി. പുലർച്ചെ രണ്ടു മണിയോടെ ഉണ്ടായ ഈ ദുരന്തത്തിൽ നിരവധി പേർ മരണപ്പെട്ടു, നിരവധി പേർ കാണാതായി. 36 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളുടെ സേവനം ദുരന്തമുഖത്തുണ്ട്. എൻഡിആർഎഫ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുടുങ്ങിപ്പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതിവേഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു.
മുണ്ടക്കൈ, ചുരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി. നിരവധി വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി. വീടുകളിലും വെള്ളവും ചെളിയും കയറി.നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.
പുലർച്ചെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഓടിരക്ഷപ്പെട്ടു. വയനാട് ഉരുൾപൊട്ടലിൽ ചൂരൽമല, വെള്ളാർമല ഭാഗത്തുനിന്ന് 12 മൃതദേഹങ്ങൾ കണ്ടെത്തി. അട്ടമലയിൽ നിന്ന് അഞ്ചും പോത്തുകല്ലിൽ നിന്ന് 10 ഉം മൃതദേഹങ്ങൾ കണ്ടെത്തിയതായി നിലമ്പൂർ എംഎൽഎ പി വി അൻവർ അറിയിച്ചു. വയനാടിന്റെ അതിർത്തി മേഖലയാണ് പോത്തുകൽ
മന്ത്രിമാരുടെ സന്ദർശനം
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അൽപസമയത്തിനകം എത്തിച്ചേരും. റവന്യു, പൊതുമരാമത്ത്, പട്ടിക ജാതി- പട്ടികവർഗം വകുപ്പ് മന്ത്രിമാർ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാർഗം വയനാട്ടിൽ എത്തും.
ദുരന്തം വ്യാപകം
മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്.