വ്യാപാരതന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട്

 


തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല ചില്ലറ വില്‍പനശൃംഖലയായ കണ്‍സ്യൂമര്‍ഫെഡ് ചെറുകിട വ്യാപാരമേഖലയിലെ ആള്‍ശേഷി വര്‍ധന ലക്ഷ്യമിട്ട് പരിശീലന സ്ഥാപനം തുടങ്ങുന്നു. കേരളത്തിലെ പരമ്പരാഗതവും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ചെറുകിട വ്യാപാരസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് ഇത്. ചെറുകിട വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം ചെറുക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രസക്തിയേറെയാണ്.

3000 ചെറുകിട വില്‍പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപഭോക്തൃസഹകരണ മേഖലയിലെ അപ്പെക്‌സ് ബോഡിയായ കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ ഇടുക്കി ജില്ലയിലാണ് ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീട്ടെയ്ല്‍ മാനേജ്‌മെന്റ് ആരംഭിക്കുന്നത്. ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഒരു വര്‍ഷത്തെ ഡിപ്‌ളോമ കോഴ്‌സുമാണ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആദ്യം തുടങ്ങുകയെന്ന് പ്രസിഡന്റ് അഡ്വ. ജോയിതോമസ് പറഞ്ഞു. തുടര്‍ന്ന് റീട്ടെയ്ല്‍ മാനേജ്‌മെന്റില്‍ എം.ബി.എ കോഴ്‌സും ആരംഭിക്കും.

വ്യാപാരതന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട്
ഇടുക്കി ജില്ലാ ആസ്ഥാനത്തോടു ചേര്‍ന്നുള്ള ചെറുതോണിയില്‍ വൈദ്യുത ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറവില്‍പനശാലകളില്‍ സൂപ്പര്‍വൈസര്‍മാരായും ഫ്‌ളോര്‍ മാനേജര്‍മാരായും ജോലിയില്‍ പ്രവേശിക്കാനുള്ള അവസരവുമുണ്ടാകും.

കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സജീവമാകാന്‍തന്നെയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പദ്ധതി. സര്‍ക്കാര്‍ സഹായത്തോടെ കണ്‍സ്യൂമര്‍ഫെഡ് പ്രവര്‍ത്തിപ്പിക്കുന്ന മെഡിക്കല്‍ ഷോപ്പുകളിലേക്ക് ആവശ്യത്തിനു ഫാര്‍മസിസ്‌റുമാരെ കിട്ടാത്ത സാഹചര്യത്തില്‍ കെമിസ്‌റുമാരെ പരിശീലിപ്പിച്ചെടുക്കാനായി റെഗുലര്‍ കോളജ് തുടങ്ങാനാണ് പദ്ധതിയെന്ന് കണ്‍സ്യൂമര്‍ഫെഡ് എം.ഡി ഡോ. റിജി ജി. നായര്‍ പറഞ്ഞു. അതോടൊപ്പം ഫുഡ് പ്രോസസിംഗ് കോഴ്‌സുകളുള്ള ഇന്‍സ്റ്റിറ്റിയൂട്ടും അടുത്ത വര്‍ഷം ആരംഭിക്കാന്‍ പദ്ധതിയുണ്ട്.

ഫാര്‍മസി കോഴ്‌സുകളുമായി തൃശൂരിലാണ് ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി അടുത്ത വിദ്യാഭ്യാസവര്‍ഷത്തില്‍ ആരംഭിക്കുക. 60 കുട്ടികളുടെ ഡി.ഫാം ബാച്ചാണ് ഇവിടെയുണ്ടാകുക. അതോടൊപ്പംതന്നെ നാലു വര്‍ഷത്തെ ബി ഫാം കോഴ്‌സും വൈകാതെ തുടങ്ങും. ആറുമാസം മുമ്പ് കേച്ചേരിയില്‍ ഏഴുകോടി രൂപയ്ക്ക് കണ്‍സ്യൂമര്‍ ഫെഡ് വാങ്ങിയ സ്ഥലത്ത് സ്ഥാപനം തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിച്ചുണ്ടെന്ന് ഡോ.റിജി ജി നായര്‍ പറഞ്ഞു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം മികച്ച ശമ്പളത്തില്‍ ജോലിയും ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

ലാഭവും നഷ്ടവുമില്ലാതെ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്‌റോറുകള്‍ കണ്‍സ്യൂമര്‍ഫെഡ് 1998ലാണ് ആരംഭിച്ചത്. 13 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കുന്ന ഈ മെഡിക്കല്‍ സ്‌റോറുകളില്‍ നൂറെണ്ണം കണ്‍സ്യൂമര്‍ഫെഡ് നേരിട്ടും 600 എണ്ണം സഹകരണമേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ നേരിട്ടു പ്രവര്‍ത്തിപ്പിക്കുന്നവയുടെ എണ്ണം ഇരട്ടിയാക്കാനാണ് പദ്ധതിയെന്ന് മാനേജിംഗ് ഡയറക്ടര്‍ വ്യക്തമാക്കി. മരുന്നുവില്‍പനമേഖലയിലെ കള്ളക്കളികളെ അതിജീവിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് സാധിച്ചിട്ടുണ്ടെന്നും 2017 ആകുമ്പോഴേക്കും നീതി മെഡിക്കല്‍ സ്‌റോറുകളുടെ എണ്ണം 2500 ആക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടൊപ്പംതന്നെ മരുന്നുവിതരണം സുഗമമാക്കാന്‍ കൂടുതല്‍ മെഡിക്കല്‍ വെയര്‍ഹൌസുകളും കണ്‍സ്യൂമര്‍ഫെഡ് തുടങ്ങും. 201213 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ ഇത് അഞ്ചില്‍ നിന്ന് എട്ടാക്കാനാണ് പദ്ധതി. ചക്ക, തേങ്ങ, മാങ്ങ തുടങ്ങിയവയില്‍ നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഉപയുക്തമാകും വിധം വൊക്കേഷണല്‍ കോഴ്‌സുകള്‍ നടത്തുന്ന ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രൊസസിംഗ് (ടിഫ്‌പ്രോ) ആണ് കണ്‍സ്യൂമര്‍ഫെഡിന്റെ മറ്റൊരു പദ്ധതി.

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ തുടങ്ങുന്ന സ്ഥാപനത്തില്‍ അടുത്ത വര്‍ഷം ആറുമാസ ഡിപ്‌ളോമ കോഴ്‌സാണ് ആരംഭിക്കുന്നത്. സ്വയംതൊഴില്‍ മേഖലയില്‍ ജാം, അച്ചാര്‍ തുടങ്ങിയവ ഉണ്ടാക്കാനും സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളിലൂടെ അവയുടെ വിതരണം കാര്യക്ഷമമായി നടത്താനുമുതകുന്ന പദ്ധതികളാണ് ഇന്‍സ്‌റിറ്റിയൂട്ടിന്റേത്. മൂന്ന് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സ്ഥിരം അധ്യാപകര്‍ക്കൊപ്പം വിദഗ്ദ്ധരായ ഗസ്‌റ് അധ്യാപകരുടെ സേവനവുമുണ്ടാകുമെന്ന് ഡോ.റിജി ജി നായര്‍ പറഞ്ഞു.

Keywords:  Retail, Business, Market, Consumer fed, Training, Center, Triveni Institute of retail management, Trissur, Kerala, Malayalam news, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia