CPM | കാരാട്ടിന്റെ മൂഢസ്വർഗങ്ങൾ, അഥവാ സിപിഎം ഇനിയും തിരിച്ചറിയാത്ത സത്യങ്ങൾ

 


/ ഭാമനാവത്ത്

കണ്ണൂർ: (www.kvartha.com) സ്വയം വിമർശനവും തെറ്റുതിരുത്തുകയും തീരുമാനങ്ങൾ പുന:പരിശോധിക്കുകയും ചെയ്യുകയെന്നത് ഏതു പാർടിയും പൊതുവെ സ്വീകരിച്ചു വരുന്ന കാര്യമാണ്. തെറ്റിനെ എത്രമാത്രം ഉൾകൊണ്ടു ഗൗരവകരമായി കാണുന്നുവോ അതിനെ ആശ്രയിച്ചായിരിക്കാം പിന്നീടുള്ള ശരിയിലേക്കുള്ള പ്രയാണത്തിന്റെ ഗതിവേഗം. എത്ര വേഗം തെറ്റുകണ്ടെത്തുന്നുവോ അത്രയും വേഗം കറക്റ്റ് ചെയ്യാനും കഴിയും ചരിത്രത്തിലെ ചില വീഴ്ചകൾ വ്യക്തികളെയും പാർടിയെയും തുടച്ചുനീക്കുന്നതിനും ലോകം സാക്ഷിയായിട്ടുണ്ട്.

CPM | കാരാട്ടിന്റെ മൂഢസ്വർഗങ്ങൾ, അഥവാ സിപിഎം ഇനിയും തിരിച്ചറിയാത്ത സത്യങ്ങൾ

ഇങ്ങനെ നോക്കുമ്പോൾ കാൽ നൂറ്റാണ്ടിന് ശേഷം സ്വന്തം തെറ്റുകൾ തിരിച്ചറിയുകയും അതു തിരുത്താൻ കഴിയാതെ കുറ്റസമ്മതത്തിന്റെ രൂപത്തിൽ വഴുവഴുക്കൻ രീതിയിൽ പറഞ്ഞു പോവുകയും ചെയ്യുന്ന ഒരു പാർടി ഇൻഡ്യയിലുണ്ട്. കേരളമെന്ന ഒറ്റ തുരുത്തിൽ കമ്യുണിസ്റ്റ് ഓഫ് ഇൻഡ്യ മാർക്സിസ്റ്റ് ഒറ്റപ്പെട്ടു പോയിട്ടും ഇവർക്ക് ഇനിയും നേരം വെളുത്തിട്ടില്ല. എത്ര യാഥാർത്ഥ്യ ബോധമില്ലാതെയാണ് ഈ പാർടിയുടെ നേതാക്കൾ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതെന്ന് കർണാടക തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള പ്രതികരണങ്ങളിൽ കാണാം.

കാരാട്ടിന്റെ മൂഡസ്വർഗങ്ങൾ

സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട് കണ്ണൂരിൽ ഇ കെ നായനാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ പറഞ്ഞത് കർണാടകയിലെ ജയം കോൺഗ്രസിന്റെതല്ല, ജനങ്ങളുടെതാണെന്നാണ്. ഉത്തരേൻഡ്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ബിജെപിക്ക് ബദലാവാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർകാർ അധികാരമേൽക്കുമ്പോൾ തൊട്ടടുത്ത കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാതിരുന്നത് പ്രതിപക്ഷ ഐക്യം തകർക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ പ്രകാശ് കാരാട്ട് പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് പരിശോധിച്ചാൽ മൂഡസ്വർഗത്തിലാണ് സിപിഎമിന്റെ മുൻ ജെനറൽ സെക്രടറിയെന്ന് ഏതു കൊച്ചു കുട്ടിക്കും മനസിലാകും.

കർണാടകയിലെ ജയം കോൺഗ്രസിന്റെതല്ലെങ്കിൽ കേരളത്തിൽ സിപിഎം തുടർച്ചയായി രണ്ടു തവണ ജയിച്ചതിന്റെ ക്രെഡിറ്റും ജനങ്ങൾക്കുള്ളതാണോ?. വരുന്ന ഉത്തരേൻഡ്യൻ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ എവിടെയാണ് ബിജെപിക്ക് ബദലെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമും മറ്റു പ്രാദേശിക പാർടികളുമുള്ളത്. മധ്യപ്രദേശ്, ഹരിയാന എവിടെയും ഒരു തരി പോലുമില്ല. രാജസ്താൻ ഭരിക്കുന്നത് കോൺഗ്രസ് സർകാരാണ്. ഇവിടെ ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിലാണ് പാർട്ടി. ഇനി പണ്ട് സിപിഎമിന് സ്വാധീനമുണ്ടായിരുന്ന തെലങ്കാനയിലും ഒറ്റയ്ക്ക് നിന്ന് ഒരു നിയമസഭാ മണ്ഡലം പോലും ജയിക്കാൻ അശക്തമാണ് പാർടി. ഇങ്ങനെ നാടൻ ഭാഷയിൽ ഉപ്പുവെച്ച കലം പോലെയായ ഒരു പാർടിയുടെ ഡെൽഹിയിൽ അടയിരിക്കുന്ന നേതാക്കളിലൊരാളാണ് യാഥാർത്ഥ്യ ബോധമില്ലാത്ത കോൺഗ്രസിനെ തങ്ങൾ മൂക്കിൽ വലിച്ചു കളയുമെന്ന് പറയുന്നത്.

കർണാടകയിലെ കളികൾ

കർണാടകയിലെ സത്യപ്രതിജ്ഞയ്ക്ക് പിണറായിയെ വിളിക്കാത്ത കാര്യം അവിടെ നിൽക്കട്ടെ .
കർണാടകയിൽ സിപിഎം വോട് ചേയ്തത് ആർക്കെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും തോറ്റു തുന്നം പാടിയ സിപിഎമിന് കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കി വിജയാഘോഷം നടത്തിയപ്പോൾ ഇളിഭ്യരായി നോക്കി നിൽകേണ്ടി വന്നു. പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാതെ പോയ നിരാശയുടെ പടുകുഴിയിൽ നിന്നാണ് നേതാക്കളുടെ വീരവാദമെന്നതാണ് വിചിത്രം. കർണാടകയിൽ മത്സരിച്ചയിടങ്ങളില്‍ പലയിടത്തും നോടക്കും (NOTA) പിറകിലാണ് മാർക്സിസ്റ്റ് പാർടി. ആകെ നാലിടത്ത് മാത്രമായിരുന്നു സിപിഎം കര്‍ണാടകയില്‍ മത്സരിച്ചത്. അതില്‍ ഒരിടത്ത് മൂന്നാം സ്ഥാനം ലഭിച്ചത് മാത്രമാണ് സിപിഎമിനെ സംബന്ധിച്ച് ആശ്വസിക്കാനുള്ള ആകെ വക.

ചി​ക്ക​ബെ​ല്ലാ​പു​ര​യി​ലെ ബാ​ഗേ​പ​ള്ളി മണ്ഡലത്തിലാണ് സിപിഎം മൂന്നാം സ്ഥാനത്തെത്തിയത്. ഡോ. അനില്‍‌കുമാര്‍ ആയിരുന്നു അവിടെ സിപിഎം സ്ഥാനാര്‍ഥി. 19403 വോടുകള്‍ നേടിയാണ് അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയത്. പോസ്റ്റല്‍ ബാലറ്റിലും ഇവിഎമിന്‍റെ ആദ്യഘട്ട വോടെണ്ണലിലും അനില്‍‌കുമാര്‍ ബാഗേപള്ളിയില്‍ ലീഡ് ചെയ്തിരുന്നു. കോ​ലാ​റി​ലെ കെജിഎ​ഫ്‌ (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്) ലേക്ക് വന്നാല്‍ നോടക്കും പിറകിലായിരുന്നു സിപിഎമിന്‍റെ സ്ഥാനം. 1003 വോടുകള്‍ മാത്രമാണ് സിപിഎമിന് കെജിഎഫില്‍ ലഭിച്ചത്. അതേ മണ്ഡലത്തില്‍ സിപിഐയും മത്സരിച്ചിരുന്നു. സിപിഐക്ക് 914 വോട് ലഭിച്ചപ്പോള്‍ നോടയ്ക്ക് 1376 വോട് ലഭിച്ചു. 80924 വോടോടെ കോണ്‍ഗ്രസിന്‍റെ രൂപകലയാണ് അവിടെ വിജയിച്ചത്. ബിജെപിയുടെ അശ്വിന്‍ സമ്പങ്കി 30750 വോടോടെ രണ്ടാമതെത്തി. സിപിഎം മത്സരിച്ച മറ്റൊരു മണ്ഡലമായ ബം​ഗ​ളൂ​രു​വി​ലെ കെആ​ർ പു​രത്ത് സിപിഎമിന് ലഭിച്ചത് 1215 വോടാണ്.

ബാഗേപള്ളിയിലെ വോട് ചോർന്നത് എവിടേക്ക് ?

പാർടി ജയിക്കുമെന്ന് കരുതിയ മണ്ഡലമാണ് ബാഗേപള്ളി. എന്നാൽ അവിടെ ജയിച്ചത് കോൺഗ്രസാണ്. ബിജെപിക്ക് രണ്ടാം സ്ഥാനവും രണ്ടു തവണ ജയിച്ച സിപിഎമിന് മൂന്നാം സ്ഥാനവും ലഭിച്ചു. 38,000 വോടുള്ള ജെ.ഡി എസിന്റെ പിൻതുണയും 50,000 ത്തിലേറെ സ്വന്തം വോടുമുള്ള സിപിഎം എങ്ങനെ തോറ്റുവെന്നാണ് ചോദ്യം. കഴിഞ്ഞ തവണ വെറും നാലായിരം വോട് മാത്രമുള്ള ബിജെപി 32 ശതമാനം വോടുകളോടെ രണ്ടാം സ്ഥാനത്തെക്കുകയും ചെയ്തു. വെറും 12 ശതമാനത്തിലേക്ക് സിപിഎം കുപ്പുകുത്തിയത് ബാഗേപള്ളിയിൽ സ്വന്തം അണികളും പ്രവർത്തകരും കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് വോട് ചെയ്തുവെന്നതാണ് കണക്കുകൾ പറയുന്നത്. സിപിഎം പിബി അംഗം എംഎ ബേബിയുടെ നേതൃത്വത്തിലാണ് ബാഗേപള്ളിയിൽ കാംപ് ചെയ്തു പ്രവർത്തിച്ചത്.

അന്ധമായ കോൺഗ്രസ് വിരോധം ഇനി എത്ര നാൾ

2014 ൽ രണ്ടാം യുപിഎ സർകാരിനെ വലിച്ചിട്ടു ബിജെപിക്ക് അധികാരത്തിലെത്താൻ വഴിവെച്ചു കൊടുത്ത സിപിഎമിന്റെ അഖിലേൻഡ്യ സെക്രടറിയായിരുന്നു കാരാട്ടെന്ന് ആക്ഷേപമുണ്ട്. മുൻപും പിൻപും നോക്കാതെയുള്ള എടുത്ത ചാട്ടമായിരുന്നു ആണവ കരാറിന്റെ പേരിലുള്ള ഈ നടപടി. ജ്യോതി ബസു ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയാകുന്നത് തടഞ്ഞതും ഇതേ കാരാട്ടിന്റെ നേതൃത്വത്തിൽ തന്നെയാണ്. കടുത്ത കോൺഗ്രസ് വിരോധിയാണ് കാരാട്ടും അദ്ദേഹത്തെ അനുകൂലിക്കുന്ന പിണറായി വിജയനും കേരളാ ഘടകം നേതാക്കളും. ആങ്ങള ചത്താലും സാരമില്ല നാത്തു ന്റെ കണ്ണീര് കണ്ടാൽ മതിയെന്ന ലൈൻ സ്വീകരിക്കുന്ന പൊട്ട കിണറ്റിലെ തവളകളാണ് ഇവർ.

കോൺഗ്രസുമായി വിശാല ഐക്യം സ്ഥിരമായി വേണമെന്ന് പാർടിയിലെ യാഥാർത്ഥ്യ ബോധമുള്ള ഏക നേതാവായ അഖിലേൻഡ്യ സെക്രടറി സീതാറാം യെച്ചുരി ആവശ്യപ്പെടുമ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ പൾസ് തിരിച്ചറിയാൻ കഴിയാതെ എകെജി സെന്ററിലെ ശീതികരിച്ച മുറിയിൽ നിന്നും അവൈല്ബൾ പിബി ചേരുന്നുവെന്ന നാട്യത്തിൽ ചായയും കട്ടൻ ചായയും കുടിച്ച് മൂഡസ്വർഗത്തിൽ കഴിയുകയാണ് കാരാട്ടും കൂട്ടരും.

Keywords: News, Kannur, Kerala, Politics, Congress, BJP, CPM, Karnataka, Election,   Truths that CPM is yet to recognize.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia