ഘടക കക്ഷികള്‍ ഓക്കെ; പക്ഷേ, രമേശിന്റെ മന്ത്രിസഭാ പ്രവേശം എളുപ്പമാകില്ല

 


തിരുവനന്തപുരം: ഘടക കക്ഷികളുടെ സമ്മര്‍ദമുണ്ടായിട്ടും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം എളുപ്പമാകില്ല. മന്ത്രിസഭയില്‍ ഇനി ഒരാളെക്കൂടി മാത്രമേ ഉള്‍പെടുത്താന്‍ കഴിയൂ എന്നതും കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കണം എന്ന് കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള ശക്തമായി ആവശ്യപ്പെടുന്നതുമാണു കാരണം.

ഗണേഷിനെയും രമേശിനെയും കൂടി ഉള്‍പെടുത്തണമെങ്കില്‍ ഒരാള്‍ മന്ത്രിസഭയില്‍ നിന്നു മാറണം. അത് നായര്‍ സമുദായാംഗം ആയിരിക്കുകയും വേണം. രണ്ടു നായര്‍ മന്ത്രിമാരെക്കൂടി ഉള്‍പെടുത്തുമ്പോഴുണ്ടാകാവുന്ന സാമുദായിക അസന്തുലിതാവസ്ഥ പരിഹരിക്കാനാണത്. എന്നാല്‍ ഗണേഷിനെ തിരിച്ച് മന്ത്രിസഭയില്‍ എടുക്കുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയില്‍ ഇല്ലെന്നാണു സൂചന. ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കി ക്യാബിനറ്റ് റാങ്ക് നല്‍കിയത് മകനെ വീണ്ടും മന്ത്രിയാക്കണം എന്ന് ആവശ്യപ്പെടില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കോണ്‍ഗ്രസ്-മുന്നണി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

അന്ന് തമ്മില്‍ തികഞ്ഞ ശത്രുതയിലായിരുന്ന പിള്ളയും ഗണേഷും കലഹം അവസാനിച്ച് അടുക്കാനും മന്ത്രിസ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കണക്കിലെടുത്തായിരുന്നത്രേ ഇത്. എന്നാല്‍ അങ്ങനെയൊരു ധാരണയേ ഇല്ലെന്നും കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം അല്ലെങ്കില്‍തന്നെ പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നുമാണ് കേരള കോണ്‍ഗ്രസ് ബിയുടെ വാദം. പിള്ളയെപ്പോലെ മുതിര്‍ന്ന് നേതാവിനെ കോര്‍പറേഷന്‍ ചെയര്‍മാനാക്കിയതുകൊണ്ട് യു.ഡി.എഫ്. നേതൃത്വം പ്രത്യേക താല്പര്യമെടുത്ത് അദ്ദേഹത്തിനു ക്യാബിനറ്റ് റാങ്ക് നല്‍കിയതാണെന്നും അവര്‍ വാദിക്കുന്നു.

ഞായറാഴ്ച തിരുവനന്തപുരത്ത് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കേരള കോണ്‍ഗ്രസ് എം, സോഷ്യലിസ്റ്റ് ജനത പാര്‍ട്ടികള്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തോടുകൂടി മാത്രമേ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയുള്ളു എന്ന നിലപാടാണ് അവരെ അറിയിച്ചത്. മറ്റു ഘടക കക്ഷികള്‍ക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. രമേശിനെ ഏതെങ്കിലും ഒരു വകുപ്പിന്റെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസിനു തീരുമാനിക്കാം.

ഘടക കക്ഷികള്‍ ഓക്കെ; പക്ഷേ, രമേശിന്റെ മന്ത്രിസഭാ പ്രവേശം എളുപ്പമാകില്ലഎന്നാല്‍ രമേശ് വരുന്നത് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കാണെങ്കില്‍ മുന്നണിയുടെ പൊതു തീരുമാനം വേണ്ടിവരും. ഇല്ലാത്ത ഒരു തസ്തിക മന്ത്രിസഭയില്‍ പുതുതായി രൂപീകരിക്കുമ്പോള്‍ മുന്നണിയില്‍ അത് ചര്‍ച്ച ചെയ്യണം എന്ന നിലപാട് നേരത്തേ ഘടക കക്ഷികള്‍, പ്രത്യേകിച്ചു ലീഗ് ശക്തമായി സ്വീകരിച്ചതുകൊണ്ടാണ് രമേശിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഇടക്കാലത്തു നടത്തിയ നീക്കം പൊളിഞ്ഞുപോയത്. ഇത്തവണ യു.ഡി.എഫിന്റെ തീരുമാനം എന്ന നിലയ്ക്കുതന്നെ ഉപമുഖ്യമന്ത്രിയുടെ തസ്തിക സൃഷ്ടിക്കുകയും രമേശിനെ ഉപമുഖ്യമന്ത്രിയാക്കുകയുമാണ് ചെയ്യാന്‍ പോകുന്നതെന്നാണു വിവരം. അപ്പോഴും 21 അംഗങ്ങള്‍ മാത്രമേ മന്ത്രിസഭയില്‍ ഉണ്ടാകാവൂ എന്നതും ഗണേഷിന്റെ പ്രശ്‌നവും അവശേഷിക്കും.

യു.ഡി.എഫ്. സര്‍ക്കാരിന് രണ്ടര വര്‍ഷമായിരിക്കുകയാണ്. പകുതി കാലാവധി തികയുകയും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ ചിലരെ മാറ്റി പരീക്ഷിച്ചാലോ എന്ന അഭിപ്രായം നേതൃതലത്തിലുണ്ടെന്നും അറിയുന്നു. കെ. മുരളീധരനെയും  ജി. കാര്‍ത്തികേയനെയും മറ്റും മന്ത്രിസഭയില്‍ കൊണ്ടുവരികയും വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കുകയും ചെയ്യുക എന്ന ഫോര്‍മുല ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. പക്ഷേ, സ്പീക്കര്‍ സ്ഥാനത്തു നിന്ന് ഇറങ്ങി മന്ത്രിസഭയിലേക്കു വരാന്‍ കാര്‍ത്തികേയന്‍ ഒരുക്കമല്ല.  സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് താല്‍പര്യവുമില്ല.

സോണിയഗാന്ധിയുടെ വരവും അവര്‍ കക്ഷി നേതാക്കളുമായും കോണ്‍ഗ്രസ് നേതാക്കളുമായും നടത്തിയ ചര്‍ച്ചയും യു.ഡി.എഫിനു പുതിയ ഉണര്‍വ്വ് പകരുമെന്ന നേതാക്കളുടെ പ്രതീക്ഷയ്ക്ക് ഈ പ്രശ്‌നങ്ങളെല്ലാം വിലങ്ങുതടിയാണ്. മന്ത്രിസഭാ പ്രവേശന വിവാദത്തില്‍പെട്ട് രണ്ടുതവണ നാണംകെട്ട രമേശ് ചെന്നിത്തലയാകട്ടെ മനസ് തുറക്കാന്‍ വിസമ്മതിക്കുകയുമാണ്. തെരഞ്ഞെടുപ്പിനു ശേഷം ഭരണത്തില്‍ നേതൃമാറ്റം ആവശ്യപ്പെടാമെന്നും അപ്പോള്‍ മുഖ്യമന്ത്രിയാകാമെന്നും അദ്ദേഹത്തെ ഉപദേശിക്കുന്ന ഒരു വിഭാഗം നേതാക്കള്‍ ഐ ഗ്രൂപ്പിലുണ്ട്.

Also read:
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; 6 പേര്‍ക്ക് പരിക്ക്

Keywords:  Thiruvananthapuram, Ramesh Chennithala, Minister, KPCC, Ganesh Kumar, Kerala, R. Balakrishna Pillai, UDF allies ready to accept Ramesh as a minister; except Pillai, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia