Protest | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെ 19ന് വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും
● പ്രതിപക്ഷവും ഭരണപക്ഷവും വെവ്വേറെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്
● കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയാണ് യുഡിഎഫ് പ്രതിഷേധം
● ഫണ്ട് അനുവദിക്കാത്ത കേന്ദ്രനിലപാടിന് എതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍
കല്‍പറ്റ: (KVARTHA) മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെ വയനാട്ടില്‍ 19ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും. പ്രതിപക്ഷവും ഭരണപക്ഷവും വെവ്വേറെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയാണ് യുഡിഎഫ് പ്രതിഷേധമെങ്കില്‍ ഫണ്ട് അനുവദിക്കാത്ത കേന്ദ്രനിലപാടിന് എതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍.
രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ കടകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ അടച്ചിടാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കിയതെന്നാണ് വിവരം. 2024 ഏപ്രില്‍ ഒന്നുവരെ 394 കോടി രൂപ എസ് ഡി ആര്‍ എഫില്‍ ബാക്കിയുണ്ടെന്ന് അകൗണ്ടന്റ് ജനറല്‍ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയില്‍ പറയുന്നു.
2024- 25ല്‍ എസ് ഡി ആര്‍ എഫിലേക്ക് 388 കോടി കൈമാറിയതില്‍ 291 കോടി കേന്ദ്ര വിഹിതമാണ്. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കി മൂന്നു മാസം കഴിഞ്ഞും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടാതെ തന്നെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി മനസ്സിലാക്കാന്‍ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോര്‍ട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്. എന്നാല്‍, വയനാട് സന്ദര്‍ശനം ഓഗസ്റ്റ് എട്ടിനു പൂര്‍ത്തിയാക്കിയ സംഘം മാസങ്ങള്‍ക്കു മുന്‍പേ റിപ്പോര്‍ട്ട് കൈമാറിയതാണ്.
വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാര്‍ഗരേഖ അനുവദിക്കുന്നില്ലെന്ന് കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണം അടിസ്ഥാനപരമായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടുകളില്‍ നിന്നുള്ള സാമ്പത്തിക സഹായം സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്നും നഷ്ടപരിഹാരം നല്‍കാനല്ലെന്നും കേന്ദ്രം കത്തില്‍ പറയുന്നു.
നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്രനിലപാടിനെ കുറിച്ച് വെള്ളിയാഴ്ച ഹൈകോടതിയും ആരാഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കഴിയുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു. പുനരധിവാസമടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നത് പോലുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ ദുരന്തം ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത് എന്ന് വ്യക്തമാകണമെന്നും കോടതി അറിയിച്ചു. ഹിമാചല്‍, സിക്കിം, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതു പോലെ എന്ത് അധിക സഹായമാണ് കേരളത്തിന് നല്‍കിയതെന്നും കോടതി ചോദിച്ചിരുന്നു.
ജൂലൈ 30ന് ദുരന്തമുണ്ടായി, ഓഗസ്റ്റ് എട്ടിന് കേന്ദ്ര സംഘം സ്ഥലം സന്ദര്‍ശിച്ചതാണെന്ന് സംസ്ഥാന സര്‍ക്കാരും ചൂണ്ടിക്കാട്ടി. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നത് പോലുള്ള കാര്യങ്ങളടക്കം ചെയ്യേണ്ടതുണ്ട്. കേന്ദ്രം അയച്ച കത്തു വായിച്ചാല്‍ മനസിലാകുന്നത് പ്രത്യേക സഹായമില്ല, സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് (എസ് ഡി ആര്‍ എഫ്) കൊണ്ട് കാര്യങ്ങള്‍ നടത്തണം എന്നാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
#WayanadHartal, #KeralaPolitics, #DisasterRelief, #UDFProtest, #LDFProtest, #CentralAid