Backdoor appointment | പി എസ് സിയേയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജിനേയും നോക്കുകുത്തിയാക്കി സര്‍കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നു, ഇത് ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയെന്നും പ്രതിപക്ഷം; വ്യാജ പ്രചാരണമെന്ന് മന്ത്രി
Dec 5, 2022, 12:11 IST
തിരുവനന്തപുരം: (www.kvartha.com) പിന്‍വാതില്‍ നിയമനത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കി പ്രതിപക്ഷം. പി എസ് സിയേയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജിനേയും നോക്കുകുത്തിയാക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്ന് ആരോപിച്ച പ്രതിപക്ഷം സര്‍കാര്‍-അര്‍ധ സര്‍കാര്‍ സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടത്തുന്നത് ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍ നിയമനങ്ങളെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണ പ്രചരണം നടക്കുന്നു. അതിശയോക്തിയും അതിവൈകാരികതയും ചേര്‍ത്ത് അവതരിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികളോട് അനീതി ചെയ്‌തെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ല. ഒന്നാം പിണറായി സര്‍കാര്‍ കാലം മുതല്‍ തന്നെ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കള്‍ ജോലിക്കായി നിര്‍ദേശിച്ച കത്തുകളും എം ബി രാജേഷ് സഭയില്‍ വായിച്ചു.
ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങള്‍ നടന്നുവെന്ന് മന്ത്രി സഭയെ അറിയിച്ചു. ഒന്നാം പിണറായി സര്‍കാര്‍ മുതല്‍ ഇതുവരെ ഇടത് സര്‍കാര്‍ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യുഡിഎഫ് സര്‍കാരിന്റെ കാലത്തേക്കാള്‍ 18,000 കൂടുതലാണിത്. ബോര്‍ഡും കോര്‍പറേഷനും അടക്കം 55 സ്ഥാപനങ്ങളിലെ നിയമനം കൂടി പി എസ് സിക്ക് വിട്ടു. കോവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പി എസ് സി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്ത് പുതിയതായി 181 ഐടി കംപനികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു.
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറുടേതെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് വിവാദമത്രയുമുണ്ടാകുന്നത്. എഴുതിയിട്ടില്ലെന്നും കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ ചൊല്ലിയാണ് വിവാദം. താല്‍കാലിക നിയമങ്ങള്‍ക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. സര്‍കാര്‍ ഇടപെടാറില്ല. മൂന്ന് തവണയാണ് അവിടെ നിയമനത്തിന് അപേക്ഷ വിളിച്ചത്. അതെങ്ങനെ പിന്‍വാതില്‍ നിയമനമാകുകയെന്നും മന്ത്രി വിശദീകരിച്ചു. നിയമനം വിവാദമായപ്പോഴാണ് തദ്ദേശ ഭരണ വകുപ്പ് ഇടപെട്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജിന് വിട്ടത്. അനധികൃത നിയമനം ഉണ്ടെങ്കില്‍ അത് അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വരും. അടിയന്തര പ്രമേയ ചര്‍ച വേണ്ടെന്നും മന്ത്രി എംബി രാജേഷ് സഭയില്‍ നിലപാടെടുത്തു.
ഇതിന് മറുപടി നല്‍കിയ പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥ്, 30 ലക്ഷത്തോളം പേര്‍ തൊഴിലിന് കാത്ത് നില്‍ക്കുന്നതായി സഭയെ അറിയിച്ചു. പിന്‍വാതില്‍ നിയമനത്തിന് പ്രത്യേക റിക്രൂടിങ് കമിറ്റി ഉണ്ടാക്കിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. മേയറുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന ചോദ്യവും എംഎല്‍എ ഉയര്‍ത്തി.
വ്യാജ കത്താണെന്ന് ആരോപണവിധേയയായ മേയര്‍ പോലും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ മന്ത്രി വ്യാജ കത്തെന്ന് പറയും. എഴുതിയ ആള്‍ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡിആര്‍ അനിലിന്റെ കത്ത് സൂചിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. കേരളം ഭരിക്കുന്നത് പിന്‍വാതില്‍ സര്‍കാരാണ്. പട്ടിപിടുത്തക്കാര്‍ മുതല്‍ യൂനിവേഴ്‌സിറ്റി വിസിമാര്‍ വരെ 'കത്തുമായെത്തി ' ജോലി നേടുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പിന്‍വാതില്‍ നിയമനത്തില്‍ യുഡിഎഫ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് സ്പീകര്‍ അനുമതി നിഷേധിച്ചു.
Keywords: UDF resolution in Niyamasabha over backdoor appointment, Thiruvananthapuram, News, Politics, Assembly, LDF, Minister, Allegation, PSC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.