Samastha | സമസ്തയുമായുള്ള അഭിപ്രായ ഭിന്നത തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിൽ യുഡിഎഫ്
Apr 24, 2024, 01:31 IST
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ ചരിത്രത്തിലാദ്യമായി മുസ്ലിം സമുദായ സംഘടനയായ സമസ്തയിൽ അഭിപ്രായ ഭിന്നത അതിരൂക്ഷമായി തുടരുന്നു. സമസ്തയിലെ രണ്ടാം നിര നേതാക്കളിലെ പ്രമുഖരിൽ ചിലർ ഇടതു മുന്നണിയിലേക്ക് ചായുന്നതാണ് പ്രതിസന്ധി അഴിയാകുരുക്കായി മാറുന്നത്. സോഷ്യൽ മീഡിയ പേജുകളിലും ഇരു വിഭാഗത്തെയും അനുകൂലിക്കുന്ന പ്രവർത്തകരുടെ സംവാദം ശക്തമാണ്. എന്നും മുസ്ലിം ലീഗിനെ പിന്തുണക്കുന്ന സമസ്തയിലെ ചേരിതിരിവ് ഇതേ പോലെ പോവുകയാണെങ്കിൽ അത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ഇതിനിടെ ഇടതുമുന്നണിക്ക് അനുകൂല പ്രസ്താവന നടത്തിയ സമസ്ത സെക്രട്ടറിയും മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കത്തെ സമസ്ത നേതൃത്വം തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത ഉന്നത നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യമായ പ്രചാരണങ്ങള്‍ ഒഴിവാക്കാൻ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. സമസ്തയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നാണ് സമസ്ത നേതൃത്വം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ പി പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട് എന്നിവർ ചേർന്നാണ് വാർത്താകുറിപ്പ് പുറത്തിറക്കിയത്. ഇരു സംഘടനകളും അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കരുതെന്നും തെറ്റിദ്ധാരണകള്‍ പരത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെട്ടു.
ബിജെപിയെ പുറത്താക്കാന്‍ ഏറ്റവും നല്ലത് ഇന്ത്യാ മുന്നണിയാണെന്നും ഇന്ത്യാ മുന്നണിയില്‍ ഫാസിസത്തെ ഏറ്റവും ശക്തമായി നേരിടുന്നത് ഇടത് മുന്നണിയാണെന്നും കഴിഞ്ഞ ദിവസം ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു. പൊന്നാനിയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ എസ് ഹംസ സമസ്തക്കാരന് തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം സമസ്തയുടെ ഭൂരിഭാഗം ആളുകളുടെയും പിന്തുണ ഇടത് മുന്നണിക്കാണെന്നും വ്യക്തമാക്കിയിരുന്നു.
ഇതിന് പുറമെ മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം പിഎംഎ സലാമാണെന്നും സലാമിനെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നും ഉമർ ഫൈസി മുക്കം ആവശ്യപ്പെട്ടിരുന്നു. സമസ്തയുമായുള്ള അഭിപ്രായ ഭിന്നത മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ മുസ്ലിം ലീഗിൻ്റെ വോട്ടു ചോർത്തുകയും മറ്റിടങ്ങളിൽ യു.ഡി.എഫിന് തിരിച്ചടിയാകുമോയെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. എത്രയും പെട്ടെന്ന് സമസ്തയുമായുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ അഭിപ്രായം.
Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, UDF worried IN difference between Samastha and IUML
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.