Video | ഉമ തോമസ് സ്റ്റേജിൽ നിന്ന് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്; വെളിവാകുന്നത് ഗുരുതര സുരക്ഷാ വീഴ്ചകൾ
● ഉമ തോമസ് കലൂർ സ്റ്റേഡിയത്തിലെ മെഗാ ഭരതനാട്യ പരിപാടിക്കിടെയാണ് വീണത്
● 15 അടി ഉയരമുള്ള വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ പര്യാപ്തമല്ലായിരുന്നു
● ആരോഗ്യനിലയിൽ നേരിയ പുരോഗതി
കൊച്ചി: (KVARTHA) കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്നും തൃക്കാക്കര എംഎൽഎ ഉമാ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വെളിവായത് വലിയ തോതിലുള്ള സുരക്ഷാ വീഴ്ചകൾ. 15 അടി ഉയരമുള്ള വേദിയിൽ നിന്ന് റിബൺ പോലുള്ള ബെൽറ്റ് (പട്ട) കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞാണ് എംഎൽഎ അപകടത്തിൽ പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.
പരിപാടിയുടെ സംഘാടകരിൽ ഒരാളായ പൂർണിമയും നടൻ സിജോയ് വർഗീസും ഉമാ തോമസിനൊപ്പം വേദിയിൽ ഉണ്ടായിരുന്നതായും ദൃശ്യങ്ങളിൽ കാണാം. കൊച്ചി സിറ്റി പോലീസ് കമീഷണറുടെ അടുത്തേക്ക് എത്തുന്നതിന് തൊട്ടുമുൻപാണ് ഉമാ തോമസ് താഴേക്ക് വീണത്. വേദിയുടെ മുൻനിരയിൽ സ്ഥലപരിമിതി ഉണ്ടായിരുന്നതും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
Uma Thomas Falls from Stage: Security Lapses Revealed
— kvartha.com (@kvartha) January 2, 2025
Courtesy: WhatsApp video pic.twitter.com/tdaT53Agwk
ഉയരമുള്ള സ്റ്റേജുകളിൽ ഉണ്ടാകേണ്ട ശക്തമായ കൈവരിയോ മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല. ക്യൂ നിർത്താൻ ഉപയോഗിക്കുന്ന സാധാരണ സ്റ്റാൻഡും ബെൽറ്റും മാത്രമാണ് ഇവിടെ സുരക്ഷയ്ക്കായി ഉപയോഗിച്ചത്. ഇത് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് വ്യക്തമാക്കുന്നു.
ഡോക്ടർമാരുടെ ഏറ്റവും പുതിയ റിപോർടുകൾ പ്രകാരം, ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. ശ്വാസകോശത്തിലെ നീർക്കെട്ട് കുറഞ്ഞുവരുന്നുണ്ടെന്നും വെന്റിലേറ്റർ സഹായം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 60-70 ശതമാനം ശ്വാസോച്ഛാസം സ്വന്തമായി എടുക്കാൻ സാധിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവരാൻ കൂടുതൽ സമയം വേണ്ടിവരുമെങ്കിലും നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
#UmaThomas #KeralaNews #StageFall #KochiEvent #PoliticalNews #SafetyLapses