V D Satheesan | ഉമ്മന്‍ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രിയെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനം, വിവാദമാക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com) ഉമ്മന്‍ചാണ്ടി അനുസ്മരണം തിരുവനന്തപുരത്ത് നടത്താനും അതിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പെടെ മറ്റു പാര്‍ടികളിലെ നേതാക്കളെ ക്ഷണിക്കാനുമുള്ള തീരുമാനം കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായെടുത്തതാണെന്നും വിവാദത്തിന്റെ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനാണ് നേതൃത്വം ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ രീതിയും അതായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനം എടുത്തതെന്നും അദ്ദേഹം വരാമെന്ന് സമ്മതിച്ചതായും സതീശന്‍ വ്യക്തമാക്കി. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച പ്രതികരണത്തില്‍ കെപിസിസി പ്രസിഡന്റ് വ്യക്തത വരുത്തിയിട്ടുണ്ട്. തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വാര്‍ത്തയാണത്.

ഉപതിരഞ്ഞെടുപ്പ് മൂന്നോ നാലോ മാസം കഴിഞ്ഞാണ്. സ്ഥാനാര്‍ഥിയെക്കുറിച്ച് കെപിസിസി ചര്‍ച നടത്തി നിര്‍ദേശം അറിയിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ് പ്രഖ്യാപനം നടത്തുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അവകാശം പാര്‍ടിക്ക് വിട്ടു നല്‍കണമെന്നും സതീശന്‍ അഭ്യര്‍ഥിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തൃക്കാക്കരയില്‍ പാര്‍ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമിഷന്‍ പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ പാര്‍ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിത്വം ഒന്നോ രണ്ടോ പേര്‍ എടുക്കുന്ന തീരുമാനമല്ല, കൂട്ടായ തീരുമാനമാണ്. അതു കൃത്യമായ സമയത്ത് തന്നെ ഉണ്ടാകും. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചര്‍ചകള്‍ എല്ലാ നേതാക്കളും അവസാനിപ്പിക്കണമെന്നും സതീശന്‍ അഭ്യര്‍ഥിച്ചു.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനു പാര്‍ടി രീതികളുണ്ട്. കോണ്‍ഗ്രസ് തീരുമാനമെടുത്താല്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ച് അവരുടെകൂടി സമ്മതത്തോടെയാണ് പ്രഖ്യാപനം നടത്തുന്നത്. ഇതുവരെ പാര്‍ടിയില്‍ സ്ഥാനാര്‍ഥി ചര്‍ച ആരംഭിച്ചിട്ടില്ല. ഉടനെ ആരംഭിക്കുകയുമില്ല. തിരഞ്ഞെടുപ്പിനെ പാര്‍ടി ശക്തമായി നേരിടും. അതിനുള്ള സംഘടനാ സംവിധാനവും മറ്റു കാര്യങ്ങളും ഉചിതമായ സമയത്തുണ്ടാകും. ഇപ്പോള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും സതീശന്‍ അറിയിച്ചു.

കേള്‍വിക്കുറവുള്ള കുട്ടികള്‍ക്കായുള്ള ശ്രുതി തരംഗം പദ്ധതിയില്‍ സര്‍കാര്‍ അടിയന്തരമായി ശ്രദ്ധ ചെലുത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വലിയ തുക ചിലവഴിച്ച് ഉപകരണങ്ങളുടെ അറ്റക്കുറ്റപ്പണി നടത്താന്‍ കഴിയില്ല. സര്‍കാര്‍ ആഘോഷ പരിപാടികള്‍ നടത്തുന്നതിന്റെ പകുതി പണം മതി കുട്ടികളുടെ കുടുംബത്തിന് നല്‍കാന്‍. സര്‍കാര്‍ ദയാരഹിതമായി പെരുമാറരുതെന്നും സതീശന്‍ പറഞ്ഞു.

ഓണത്തിന് വില പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയ്ക്ക് കഴിയില്ല. വലിയ ബാധ്യതയിലാണ് സപ്ലൈകോ. കെഎസ്ആര്‍ടിസിക്ക് സംഭവിച്ചതാണ് സപ്ലൈകോയ്ക്കും സംഭവിക്കുന്നതെന്നും സപ്ലൈകോ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം നേരിടാന്‍ സര്‍കാര്‍ ഇടപെടുന്നില്ല. ഓണക്കാലത്ത് സാധനങ്ങള്‍ക്ക് തീപിടിച്ച വിലയാകും.

V D Satheesan | ഉമ്മന്‍ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രിയെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനം, വിവാദമാക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ്

ഇന്ധന സെസ് വര്‍ധിപ്പിച്ചത് തിരിച്ചടിയായി. സംസ്ഥാനത്ത് ഡീസല്‍ വില്‍പന കുറഞ്ഞു. നികുതിവെട്ടിപ്പ് തടയാന്‍ സംസ്ഥാനത്ത് നടപടി ഇല്ല. നികുതിവകുപ്പ് നോക്കുകുത്തിയാണ്. സര്‍കാര്‍ എല്ലാം മറച്ചുവയ്ക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.

Keywords:  V D Satheesan says to end discussion about Puthuppally by election, Thiruvananthapuram, News, Politics, Oommen Chandy, Controversy, Chief Minister, Pinarayi Vijayan, Invitation, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia