Letter | ഐ ഐ ടി കളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് വി ശിവദാസന്‍ എംപി
ഫീസ് വര്‍ധന വഴി വിദ്യാഭ്യാസത്തെ പണമുള്ളവന്റെ പ്രത്യേക അവകാശമാക്കി മാറ്റുകയാണ് ബിജെപി സര്‍കാര്‍
ജെ എന്‍ യു അടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
കണ്ണൂര്‍: (KVARTHA) ഐ ഐ ടി കളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവദാസന്‍ എംപി കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്ത് നല്‍കി. ഇന്‍ഡ്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്രയമാകേണ്ടവയാണ്.
എന്നാല്‍ ബിജെപി സര്‍കാര്‍ ഇത്തരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുകയാണ്. ജെ എന്‍ യു അടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ ഫീസ് വര്‍ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഭുവനേശ്വറിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക് നോളജി (ഐഐടി)യിലെ ഫീസ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ഉയര്‍ന്ന വലിയ പ്രതിഷേധങ്ങള്‍ക്ക് നേരെ സര്‍കാര്‍ കണ്ണടയ്ക്കുകയാണ്.
ഫീസ് വര്‍ധന വഴി വിദ്യാഭ്യാസത്തെ പണമുള്ളവന്റെ പ്രത്യേക അവകാശമാക്കി മാറ്റുകയാണ് ഈ സര്‍കാര്‍. അതിനാല്‍, ഈ തീരുമാനം പിന്‍വലിക്കാനും ഐഐടി ഭുവനേശ്വറിലെയും മറ്റ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് നിരക്ക് കുറയ്ക്കാനും സര്‍കാര്‍ തയാറാകണമെന്നും ഡോ. വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.