പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; എല്ലാ വൃത്തികേടുകളെയും ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസന്‍സാകും, തെറ്റു ചെയ്താല്‍ തെറ്റാണെന്ന് പറയണമെന്നും പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com 10.08.2021) സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ വൃത്തികേടുകളെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസന്‍സാകുമെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; എല്ലാ വൃത്തികേടുകളെയും ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസന്‍സാകും, തെറ്റു ചെയ്താല്‍ തെറ്റാണെന്ന് പറയണമെന്നും പ്രതിപക്ഷ നേതാവ്

അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി മൂപ്പന്റെ കുടുംബത്തെ മര്‍ദിച്ചതും സംസ്ഥാനത്ത് മറ്റിടങ്ങളില്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങളുമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഷോളയൂരിലെ ആദിവാസി മൂപ്പന്റെ മകനും സമൂഹിക പ്രവര്‍ത്തകനുമായ മുരുഗനെ കൊലക്കേസ് പ്രതിയെ പോലെ കൈവിലങ്ങണിയിച്ചാണ് കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ കൈനഗിരിയില്‍ ഡോക്ടറുടെ കരണക്കുറ്റിക്ക് അടിച്ച സി പി എം ലോകല്‍ സെക്രടെറിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും അറസ്റ്റു ചെയ്യാന്‍ തയാറാകാത്ത പൊലീസാണ് ആദിവാസികളെ ഉള്‍പെടെ ആക്രമിക്കുന്നത്. മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിച്ച പൊലീസ് തന്നെയാണല്ലോ 2000 രൂപ പെറ്റി നല്‍കി 500 രൂപയുടെ റസീപ്റ്റ് കൊടുത്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഷോളയൂരില്‍ ആദിവാസി കുടുംബത്തിനെതിരായ അതിക്രമവും സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളും നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്കിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു വിഡി സതീശന്‍.

പൊലീസ് വ്യാപകമായി പിഴ ഈടാക്കുന്നതിനെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. പിതൃ തര്‍പണത്തിന് പോയവര്‍ക്കും പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോയ രണ്ടു പെണ്‍കുട്ടികള്‍ക്കും പൊലീസ് പെറ്റി നല്‍കി. പൊലീസ് തെറ്റു ചെയ്താല്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പറയണം. പൊലീസ് എന്ത് എഴുതിക്കൊടുത്താലും അതു വായിച്ച് ന്യായീകരിക്കുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ല.

ഭാര്യയെ മറ്റൊരാള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഷോളയൂരിലെ മുരുഗന്‍ പൊലീസിന് പരാതി നല്‍കിയത്. കേസെടുക്കാത്തതിനെ തുടര്‍ന്ന് എ എസ് പിയെ നേരില്‍ കണ്ടും പരാതിപ്പെട്ടു. അങ്ങനയുള്ള ആളെയാണ് അതിരാവിലെ കിടക്കപ്പായില്‍ നിന്നും പിടിച്ചുകൊണ്ടു പോയത്. അംഗപരിമിതിയുള്ള മുരുഗന്റെ മകനെയും ആക്രമിച്ചു.

വാദിയെ പ്രതിയാക്കുന്ന രീതിയാണ് ഷോളയൂരില്‍ നടന്നത്. പൊലീസ്- ഭൂ മാഫിയാ ബന്ധമാണ് ഇതിനു പിന്നില്‍. ഭൂ മാഫിയയുടെ ചില്ലിക്കാശിനു വേണ്ടിയാണ് പൊലീസ് പ്രവര്‍ത്തിച്ചത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഏഴാം സ്ഥാനത്താണ് കേരളം. മട്ടന്നൂരില്‍ എസ് സി പ്രമോടറെ എക്സൈസ് സംഘം മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കാന്‍ പോലും തയാറായിട്ടില്ല.

മുട്ടില്‍ മരം മുറി കേസിലെ പ്രതികളായ മരംമുറി ബ്രദേഴ്സിനെ അവരുടെ അമ്മ മരിച്ചപ്പോള്‍ പുറത്തിറങ്ങേണ്ടി വന്നതിനാല്‍ മാത്രമാണ് അറസ്റ്റു ചെയ്തത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും എതിരെ ഇരട്ട നീതിയാണ് പൊലീസ് നടപ്പാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Keywords:  VD Satheesan against CM, Thiruvananthapuram, News, Pinarayi Vijayan, Chief Minister, Criticism, UDF, Police, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia