VD Satheesan | ഫര്‍സീനെതിരെ 19 കേസുകള്‍, എല്ലാം നിസാര വകുപ്പുകള്‍; 40 ക്രിമിനല്‍ കേസുകളുള്ള എസ് എഫ് ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍കാര്‍ തയാറാകുമോ എന്ന് വി ഡി സതീശന്
Aug 19, 2022, 16:12 IST
കോഴിക്കോട്: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാനുള്ള തീരുമാനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
എല്ലാം നിസാരവകുപ്പുകളാണ്. ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ളതാണ്. അതില്‍ പല കേസുകളും അവസാനിച്ചു. അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ് എഫ് ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍കാര്‍ തയാറാകുമോയെന്ന് സതീശന് ചോദിച്ചു.
പ്രസ്തുത നേതാവിനെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിനും ഒരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനല്‍ കേസുകളുള്ള എസ് എഫ് ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നതെന്നും സതീശന് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം അക്രമികള്‍ക്കും കാല് വെട്ടി ബൈകില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവര് കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കുമെന്നും സതീശന് വ്യക്തമാക്കി. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും സതീശന് പറഞ്ഞു.
അനധികൃത നിയമനം മരവിപ്പിച്ച ചാന്‍സലറുടെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സര്‍കാരിന്റെ നീക്കം വിചിത്രവും നിയമവിരുദ്ധവുമാണെന്നും സതീശന് കുറ്റപ്പെടുത്തി. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ചാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമനം റദ്ദാക്കിയത്. നിയമനം മരവിപ്പിക്കുക മാത്രമാണ് ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അല്ലാതെ നടപടി എടുത്തിട്ടില്ല. നോടിസ് കൊടുത്ത് ഹിയറിങ് നടത്തി നടപടി എടുക്കാനിരിക്കെയാണ് ചാന്‍സലര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതെന്നും സതീശന് ചൂണ്ടിക്കാട്ടി.
സര്‍വകലാശാലകളില്‍ ആറ് വര്‍ഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാന്‍ ഗവര്‍ണര്‍ തയാറാകണം. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ സി പി എം ബന്ധുക്കള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണെന്നും സതീശന് പറഞ്ഞു.
Keywords: VD Satheesan reacts to imposition of Kappa against Farzeen Majeed, Kozhikode, News, Politics, Congress, CPM, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.