ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ, അങ്ങ് ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ?; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com 17.07.2021) റവന്യൂ മന്ത്രി കെ രാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിന് ഇപ്പോൾ റവന്യൂ മന്ത്രി ഉണ്ടോ എന്നാണ് പ്രതിപക്ഷനേതാവ് ഫേസ്ബുകിലൂടെ ചോദിച്ചത്. മരം മുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ചതിൽ ആണ് പ്രതിപക്ഷനേതാവിന്റെ പരിഹാസം.

ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ, അങ്ങ് ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ?; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ, പ്രിയപ്പെട്ട ശ്രീ കെ.രാജൻ അങ്ങ് ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? അതോ ആ വകുപ്പിൻ്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറ വെച്ചോ? ഇത് ചോദിക്കേണ്ടി വരുന്നത് അങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞതിനാലാണ്. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥ ക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങൾ താങ്കൾ അറിഞ്ഞില്ല എന്നു പറയുന്നത് കേട്ടപ്പോൾ ചോദിച്ചു പോയി എന്നേയുള്ളൂ.
റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയെ ആദ്യം അവർ വഹിച്ചിരുന്ന വിവരാവകാശ ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിന്ന് പൊടുന്നനെ മാറ്റുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ആ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി അവധിയിൽ പോകാൻ വാക്കാൽ നിർദ്ദേശിക്കുന്നു. അവധി അപേക്ഷയിൽ വ്യക്തിപരമായ കാരണങ്ങളാൽ അവധിയിൽ പോകുന്നു എന്നും എഴുതാനായിരുന്നു ഉത്തരവ്. അവിടം കൊണ്ടും കഴിഞ്ഞില്ല .അരിശം തീരാഞ്ഞ് ഈ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി സെക്രട്ടറി യജമാനൻ റദ്ദാക്കി.എന്നാൽ 2021 ന് ഇതേ ഉദ്യോഗസ്ഥൻ ഒപ്പിട്ടു നൽകിയതാണ് ഗുഡ് സർവീസ്.

ഇനി ഫയലിൽ അദ്ദേഹം എഴുതിയത് നോക്കുക:- 'എന്നാൽ ചില ഫയലുകളുടെ പ്രാഥമിക പരിശോധനയിൽ ഈ ഉദ്യോഗസ്ഥയുടെ സത്യസന്ധത വിശ്വാസ്യത (integrity) സംശയത്തിന് അതീതമല്ലെന്ന് കണ്ടെത്തി. അതിനാൽ 'എൻ്റെ' അഭിപ്രായത്തിൽ അവർ ഗുഡ് സർവീസ് എൻട്രിക്ക് അർഹയല്ല. ഈ സാഹചര്യത്തിൽ 'ഞാൻ'ഗുഡ് സർവീസ് എൻട്രി റദ്ദാക്കുന്നു.
ഒപ്പ്: എ ജയതിലക്. പ്രിൻസിപ്പൽ സെക്രട്ടറി.( 15'7.2021) എനിക്ക്, ഞാൻ, എൻ്റെ - ഇങ്ങനെ ഫയലെഴുന്നതാവാം പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിലെ ഒരു രീതി. നമോവാകം.

2021 ഏപ്രിലിനും ജൂലൈക്കുമിടയിൽ ഈ അണ്ടർ സെക്രട്ടറി ആകെ ചെയ്ത പാതകം എന്തെന്നല്ലേ? മുട്ടിൽ മരംമുറി ഫയൽ വിവരാവകാശ നിയമം അനുസരിച്ച് പുറത്ത് നൽകി എന്നതാണ് അവർ ചെയ്ത കുറ്റം. ഈ സർക്കാരിൻ്റെ ഒരു രീതി വെച്ച് അവർക്കെതിരെ കുറഞ്ഞത് ഒരു യു.എ.പി.എ കേസെങ്കിലും ചുമത്തേണ്ടതായിരുന്നു. ഗുഡ് സർവീസ് എൻട്രി റദ്ദാക്കുക മാത്രമല്ലെ ചെയ്തുള്ളൂ. (നവോത്ഥാനം, മതിൽ, ഒപ്പമുണ്ട്, കരുതൽ എന്നീ വാക്കുകൾ ഓർക്കരുതെന്ന് അപേക്ഷ ). അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥ മികച്ച രീതിയിൽ അവരിൽ നിക്ഷിപ്തമായ ജോലി നിർവഹിച്ചു. അവർ അശ്രാന്തം പരിശ്രമിച്ച് കെട്ടിക്കിടന്ന ഫയലുകൾ തീർപ്പാക്കി.അവർ സഹ പ്രവർത്തകർക്ക് പ്രചോദനവും വഴികാട്ടിയും മികച്ച മേലുദ്യോഗസ്ഥയുമായി പ്രവർത്തിച്ചു. റവന്യൂ ചട്ടങ്ങളെ കുറിച്ചുള്ള അവരുടെ അറിവ് അപാരമാണ്. കുറ്റമറ്റ രീതിയിൽ ഫയൽ നോട്ടുകൾ തയാറാക്കുന്നു. അവർക്ക് ജോലിയോടുള്ള ആത്മാർഥതയും ആത്മാർപ്പണവും കണക്കിലെടുത്ത് ഗുഡ് സർവീസ് എൻട്രി നൽകുന്നു. ഒപ്പ്‌.എ.ജയതിലക് (1. 4.2021) ഇതായിരുന്നു ഗുഡ് സർവീസ് എൻട്രി നൽകിയ ഫയലിൽ എ.ജയതിലക് എഴുതിയത്. മൂന്നു മാസം കൊണ്ട് അണ്ടർ സെക്രട്ടറിയുടെ ഗുഡ് സർവീസ് ബാഡ് സർവീസായി.

ഫയലുകൾക്ക് സ്കി സോഫ്രേനിയവരും കാലം. വായിക്കുന്നവർ കുഴയും. പ്രിയപ്പെട്ട രാജൻ റവന്യൂ മന്ത്രിയെന്ന നിലയിൽ താങ്കളുടെ വകുപ്പിൽ നടക്കുന്നതൊക്കെ ഒന്നറിയാൻ ശ്രമിക്കുക. എളുപ്പമല്ല... എങ്കിലും യുക്തിക്കു നിരക്കുന്ന ഭരണരീതിയും പൊതു നൻമയും ഒരു വനിതാ ജീവനക്കാരിയുടെ അന്തസും ഒക്കെ സംരക്ഷിക്കേണ്ടത് അങ്ങയുടെ കൂടി ചുമതലയാണ്. മുഖ്യമന്ത്രിയോടും സി പി എമ്മിനോടും ഒരു ലളിതമായ ചോദ്യം? നിങ്ങളാരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇത്?.


Keywords:  News, Thiruvananthapuram, V.D Satheeshan, UDF, Kerala, State, Facebook Post, Facebook, Minister, Revenue minister, VD Satheeshan Facebook post against Revenue minister.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia