മൃഗ ഡോക്ടര്‍മാരുടെ സംഘടനയില്‍ കോടികള്‍ കിലുങ്ങുന്ന വിവാദം; പണിമുടക്ക് പിന്‍വലിക്കാന്‍ സമ്മര്‍ദം

 


തിരുവനന്തപുരം: (www.kvartha.com 28.02.2016) ശമ്പളവര്‍ധനയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരില്‍ ഇടപെടല്‍ നടത്താന്‍ സംസ്ഥാനത്തെ മൃഗഡോക്ടര്‍മാരുടെ പ്രമുഖ സംഘടന അംഗങ്ങളില്‍ നിന്നു കോടികള്‍ പിരിച്ചുവെന്ന് ആരോപണം.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും ഇടപെടലിനു ഫലമുണ്ടാകാത്തതിനെക്കുറിച്ച് അസോസിയേഷനിലെ ഒരു വിഭാഗം അന്വേഷിച്ചപ്പോഴാണ് പിരിച്ചെടുത്ത പണം പ്രധാനപ്പെട്ട ഭാരവാഹികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുകയാണെന്നു വ്യക്തമായത്. ഇതിനെതിരേ ഒരു വിഭാഗം ഉയര്‍ത്തിയ ആരോപണത്തില്‍ അസോസിയേഷന്‍ ആടിയുലയുകയാണ്.

ഭാരവാഹികള്‍ ഒന്നടങ്കം മാറണമെന്നും പിരിച്ചെടുത്ത പണം തിരിച്ചുകൊടുക്കണമെന്നും ആവശ്യമുയര്‍ന്നു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കുന്നവരെ തടയാന്‍ പ്രസിഡന്റ് ഡോ. അരുണിനെയും ജനറല്‍ സെക്രട്ടറി ഡോ. ശ്രീകുമാറിനെയും അനുകൂലിക്കുന്നവര്‍ സംഘടിതമായി പങ്കെടുത്തു. അസോസിയേഷന്‍ പിളര്‍പ്പിലേക്കു നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ, കഴിഞ്ഞ ഒരാഴ്ചയിലധികമായി മൃഗഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്കിനെതിരേ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പതാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ മൃഗ ഡോക്ടര്‍മാരുടെ ശമ്പളവര്‍ധന നിശ്ചയിച്ചതില്‍ അപാകതകളുണ്ടെന്നാണ് അസോസിയേഷന്റെ വിമര്‍ശനം. അതു പരിഹരിക്കാനാണ് പണം പിരിച്ചത്.

അപാകതകള്‍ പരിഹരിച്ച് മറ്റു ഡോക്ടര്‍മാര്‍ക്ക് തുല്യമായി ശമ്പളനവര്‍ധന ലഭിച്ചാല്‍ വലിയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങള്‍ 'ഇടപെടല്‍ ഫണ്ടിലേക്ക്' പണം നല്‍കിയത്. എന്നാല്‍ പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടു വരികയും അത് സര്‍ക്കാര്‍ നടപ്പാവുകയും ചെയ്തിട്ടും ഒമ്പതാം കമ്മീഷന്‍ ശുപാര്‍ശകളിലെ അപാകത തിരുത്തിക്കാനോ മൃഗ ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനോ സാധിച്ചില്ല. ഇതുസംബന്ധിച്ച വിമര്‍ശനങ്ങള്‍ രൂക്ഷമായപ്പോള്‍ സംഘടനാ നേതാക്കളുടെ മുഖം രക്ഷിക്കാനാണ് ഒരാഴ്ച മുമ്പ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. അതുകൊണ്ടും സര്‍ക്കാര്‍ നിലപാട് അനൂകലമാക്കാന്‍ സാധിച്ചില്ല.

കൈക്കൂലി കൊടുത്ത് ശമ്പളവര്‍ധന യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമമെന്നു മനസിലായതോടെ ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ പിന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ അര മണിക്കൂറിലധികം ചര്‍ച്ച നടത്തിയെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും പ്രചരിപ്പിച്ചു പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ് അസോസിയേഷന്‍ നേതൃത്വം. അതിനിടെ, കഴിഞ്ഞ ദിവസം കൃഷി മന്ത്രി കെ പി മോഹനനെ കണ്ട് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ ഏതുവിധവും പണിമുടക്ക് അവസാനിപ്പിക്കുന്നതിനും അസോസിയേഷന്‍ അംഗങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്.

ഇതോടെ, മൃഗ ഡോക്ടര്‍മാരുടെ ജനതാദള്‍ (യു) അനുകൂല സംഘടന മന്ത്രിയെക്കൊണ്ട്
പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. അത് നടന്നാല്‍ ഇപ്പോഴത്തെ പ്രധാന അസോസിയേഷന്‍ പിളരുകയും ജനതാദള്‍ സംഘടനയിലേക്ക് ഭൂരിഭാഗം ഡോക്ടര്‍മാരും പോവുകയും ചെയ്യുമെന്നതാണു സ്ഥിതി. നേരത്തേ നിലവിലുണ്ടായിരുന്ന മൂന്ന് ചെറു സംഘടനകള്‍ ലയിച്ചാണ് അസോസിയേഷന്‍ ഉണ്ടായത്.

ഒമ്പതാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ തങ്ങളോട് നീതി കാട്ടിയില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഇത് പഠിക്കാന്‍ റിട്ടയേഡ് അഡീഷണല്‍ സെക്രട്ടറി ഗീതാ എന്‍ പോറ്റിയെ ഏകാംഗ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഗീതാ പോറ്റി കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പ്രശ്‌നം തീരുമമെന്നാണ് ഡോക്ടര്‍മാരുടെ വാദം. എന്നാല്‍ ധന വകുപ്പ് ഇത് അംഗീകരിക്കുന്നില്ല. കമ്മീഷനെ വച്ചതുതന്നെ ധനവകുപ്പിന്റെ അറിവോടെയല്ലെന്നും കൃഷി വകുപ്പ് സ്വന്തം നിലയ്ക്ക് ചെയ്തതാണന്നും അവര്‍ പറയുന്നു. ഇതും പ്രശ്‌നപരിഹാരത്തിനു തടസമായി. അതിനിടെയാണ്, അധികാരത്തിന്റെ ഇടനാഴികളിലെ ദല്ലാര്‍മാര്‍ മുഖേന ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിക്കാന്‍ അസോസിയേഷന്‍ പണം പിരിച്ചു കുടുങ്ങിയത്.

മൃഗ ഡോക്ടര്‍മാരുടെ സംഘടനയില്‍ കോടികള്‍ കിലുങ്ങുന്ന വിവാദം; പണിമുടക്ക് പിന്‍വലിക്കാന്‍ സമ്മര്‍ദം


Also Read:
വിദേശ സിഗരറ്റ് കടത്താന്‍ ശ്രമിച്ച 11 കാസര്‍കോട് സ്വദേശികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍
Keywords:  Veterinary doctors Asso. in dilemma; Controversy on cash collection , Thiruvananthapuram, Corruption, Controversy, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia