കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി; വിശദമായ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ
Oct 2, 2021, 12:31 IST
തിരുവനന്തപുരം: (www.kvartha.com 02.10.2021) കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടര്‍ സര്‍കാരിന് സമര്‍പിച്ച പ്രാഥമിക അന്വേഷണ റിപോര്‍ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരെ നിര്‍ണായകമായ ചില തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വിജിലന്‍സ്. സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ജൂലൈയിലാണ് പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച കോടിക്കണക്കിന് രൂപ സുധാകരന്‍ സ്വന്തം അകൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
കണ്ണൂര്‍ എജ്യൂ പാര്‍കിന്റെ പേരിലും സുധാകരന്‍ കോടികള്‍ സമ്പാദിച്ചുവെന്നും ആറ് കോടിയോളം ചെലവഴിച്ച് സുധാകരന്‍ നിര്‍മിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ ഡി സി സി ഓഫിസിന്റെ നിര്‍മാണത്തിലും തിരിമറി നടന്നതായും പരാതിയില്‍ പറയുന്നു. 2010ല്‍ കെ കരുണാകരന്റെ മരണത്തിനുശേഷമാണ് കെ സുധാകരന്‍ ചെയര്‍മാനായി ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ചത്.
ചിറക്കല്‍ കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന രാജാസ് ഹയര്‍സെകന്‍ഡറി, യുപി സ്‌കൂളുകള്‍, ഏഴ് ഏകര്‍ സ്ഥലം തുടങ്ങിയവ 16 കോടി രൂപക്ക് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോടികള്‍ സമാഹരിച്ച ശേഷം സുധാകരന്‍ തന്നെ ചെയര്‍മാനായി കണ്ണൂര്‍ എജ്യൂ പാര്‍ക് എന്ന സ്വകാര്യ കമ്പനി രൂപവത്കരിക്കുകയായിരുന്നു.
ഈ കമ്പനിയുടെ പേരില്‍ സ്‌കൂള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഇടപാടില്‍ നിന്ന് കോവിലകം മാനേജ്‌മെന്റ് പിന്മാറി. സ്‌കൂള്‍ പിന്നീട് ചിറക്കല്‍ സെര്‍വിസ് സഹകരണ ബാങ്ക് വാങ്ങി. ഇടപാട് നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലര്‍ക്കും ഇനിയും തിരിച്ചുകൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലന്‍സിന് നല്‍കിയ പരാതി.
അതേസമയം സുധാകരനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ പറഞ്ഞു.
Keywords: Vigilance recommends detailed probe against K Sudhakaran, Thiruvananthapuram, News, Politics, Congress, K.Sudhakaran, Corruption, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.