കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും ഓടിസം ബാധിച്ച മകന് സനലിനും ഇനി പുതുജീവിതം; വീടും സ്ഥലവും മകന്റെ ചികിത്സയും ഉറപ്പുനല്‍കി മന്ത്രി
Sep 16, 2021, 13:12 IST
തിരുവനന്തപുരം : (www.kvartha.com 16.09.2021) കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും ഓടിസം ബാധിച്ച മകന് സനലിനും ഇനി പുതുജീവിതം. വീടും സ്ഥലവും മകന്റെ ചികിത്സയും ഉറപ്പുനല്‍കി തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍. ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും ഓടിസം ബാധിച്ച മകന് സനലിനുമാണ് മന്ത്രി ഇടപെട്ട് പുതുജീവിതം ഉറപ്പുനല്‍കിയത്.
ഇടുക്കി മൂന്നാര്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലുള്ള വിമലയുടെയും മകന് സനലിന്റെയും ജീവിത ദൈന്യത നേരത്തെ ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്നാണ് ആനയെ ഭയന്ന് ഉയര്‍ന്നു നില്ക്കുന്ന പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കി വിമലയും സനലും കഴിഞ്ഞിരുന്നത്. ഇതോടെ മകന്റെ ചികിത്സയും മുടങ്ങിയിരുന്നു. വൃക്കരോഗിയായതിനാലും മകനെ സംരക്ഷിക്കേണ്ടതിനാലും ജോലിക്ക് പോകാനും വിമലയ്ക്ക് സാധിച്ചിരുന്നില്ല.
ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പെട്ട മന്ത്രി വിമലക്ക് സ്ഥലവും വീടും സമയബന്ധിതമായി നല്‍കുന്നതിന് ഇടപെടുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സെപ്തംബര്‍ 13ന് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രടെറി, എസ് ടി പ്രമോടെര് എന്നിവര്‍ വിമലയെ സന്ദര്‍ശിച്ചു. ആ ദിവസം തന്നെ ഇടുക്കി ജില്ലാതല റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്യവേ, വിമലയുടെയും മകന്റേയും ദുരവസ്ഥ ശ്രദ്ധയില്‍പെട്ട കാര്യവും അതില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി ഗോവിന്ദന് മാസ്റ്റര്‍ പ്രഖ്യാപിച്ചു.
തൊട്ടടുത്ത ദിവസം മന്ത്രിയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് അഡിഷനല്‍ ഡയറക്ടര്‍ എം പി അജിത് കുമാര്‍ തിരുവനന്തപുരത്തുനിന്നും ചിന്നക്കനാലിലേക്ക് കുതിച്ചു. പാറമുകളിലുള്ള വിമലയുടെ വീട് സന്ദര്‍ശിച്ചു. കാളി എന്ന വാചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും മന്ത്രിയുടെ നിര്‍ദേശ പ്രകാരം താല്കാലികമായി മാറ്റി താമസിപ്പിച്ച്, പുതിയ കട്ടിലും കിടക്കയും പുതിയ വസ്ത്രങ്ങളും വാങ്ങി നല്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പെടുത്തി വിമലക്ക് വീട് ലഭ്യമാക്കാനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
2001ല്‍ വിമലക്ക് പട്ടയഭൂമി ലഭിച്ചിരുന്നുവെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാലും ഒറ്റപ്പെട്ട സ്ഥലത്തായതിനാലും അവിടെ താമസിക്കാനായില്ല. മുമ്പുണ്ടായിരുന്ന വീട് കാട്ടാന തകര്‍ത്തതിനെ തുടര്‍ന്നാണ് ഓടിസം ബാധിച്ച മകനുമായി വിമല പാറപ്പുറത്ത് അഭയം തേടിയത്. രോഗാവസ്ഥയിലുള്ള മകന് ചികിത്സ ഉറപ്പാക്കുന്ന തരത്തില്‍ കൂടി സംരക്ഷണം ഉറപ്പുവരുത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കി.
Keywords: Vimala, who had built a shed on a rock for fear of wild elephant, and her son Sanal, who has autism, have a new life, Thiruvananthapuram, News, Protection, Minister, Woman, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.