വിയാന്റെ മൃതദേഹം സംസ്‌കരിച്ചു: അറസ്റ്റ് ശാസ്ത്രീയ തെളിവ് ലഭിച്ചതിനു ശേഷമെന്ന് പൊലീസ്, രക്ഷിതാക്കളെ ചോദ്യം ചെയ്തത് പത്തുമണിക്കൂര്‍

 



കണ്ണൂര്‍: (www.kvartha.com 18.02.2020)  കണ്ണൂര്‍ തയ്യില്‍ കൂര്‍മ്പക്കാവിന് സമീപത്തെ പ്രണവ്-ശരണ്യ ദമ്പതികളുടെ മകന്‍ വിയാന് നാടിന്റെ കണ്ണീരോടെ വിട. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. വന്‍ജനാവലി വിയാന് അന്ത്യമൊഴി നല്‍കാനായി തയ്യില്‍ കടല്‍പ്പുറത്ത് എത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ഒന്നര വയസുകാരന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ കണ്ടെത്തിയത്. രാത്രി മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയതായിരുന്നു കുഞ്ഞ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹമരണം കൊലപാതകമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൂര്‍ധാവിലേറ്റ കനത്ത മുറിവാണ് മരണകാരണമായി പറയുന്നത്. ഫോറന്‍സിക് സര്‍ജനാണ് ഈക്കാര്യം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ തലയ്ക്കടിച്ചു കൊന്നതിനു ശേഷം കടല്‍ക്കരയിലേക്ക് എറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം കുഞ്ഞ് കടല്‍വെള്ളം കുടിച്ചിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേ സമയം കുഞ്ഞിന്റെ അമ്മ ശരണ്യയെയും പിതാവ് പ്രണവിനെയും പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഇരുവരും പരസ്പരം കുറ്റമാരോപിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. കൊലയാളിയാരെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. അര്‍ധരാത്രിയില്‍ കടല്‍ക്കരയില്‍ ആരാണോ പോയത് അവരുടെ ശരീരത്ത് മണല്‍ത്തരികളുണ്ടാകുമെന്നും ഇതു കസ്റ്റഡിയിലുള്ള ഒരാളുടെ ദേഹത്തു നിന്നും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇതിനു ശാസ്ത്രീയമായ പിന്‍ബലം വേണം. കോടതിയില്‍ ഈക്കാര്യം കാണിച്ച് ഹര്‍ജി നല്‍കി ശരണ്യയെയും പ്രണവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രണവിന്റെയും ശരണ്യയുടെയും മൊഴികളിലെ പരസ്പര വൈരുദ്ധ്യം പൊലിസീനെ കുഴക്കുന്നുണ്ട്. വിയാന്റെ മൃതദേഹം കാണിച്ചപ്പോള്‍ മറ്റുള്ളവര്‍ വാവിട്ടു കരയുമ്പോള്‍ ശരണ്യ നിര്‍വീകാരമായി നില്‍ക്കുന്നത് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നുണ്ട്. ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രണവിനെയാണ് ബന്ധുക്കളും പൊലീസും സംശയിച്ചിരുന്നതെങ്കില്‍ പിന്നീട് ശരണ്യ മൊഴി മാറ്റി പറയുന്നത് ചിത്രം മാറ്റുകയായിരുന്നു. കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ സിറ്റി സി. ഐ പി. ആര്‍ സതീഷും സംഘവും നീണ്ടപത്തുമണിക്കൂറുകളോളമാണ് ശരണ്യയെയും പ്രണവിനെയും ചോദ്യം ചെയതത്.

പ്രണയവിവാഹിതരായ ശരണ്യയും പ്രണവും തമ്മില്‍ കുടുംബകലഹമുണ്ടായിരുന്നുവെന്നാണ് പൊലിസീന് ലഭിച്ച വിവരം. തയ്യിലിലുള്ള ശരണ്യയുടെ വീട്ടില്‍ പ്രണവ് വരാറുണ്ടെങ്കിലും അവിടെ താമസിക്കാറില്ല. ശരണ്യയുടെ പിതാവും സഹോദരനും മത്സ്യതൊഴിലാളികളാണ്. ഇവരുമായി പ്രണവ് അത്ര നല്ല സുഖത്തിലല്ല. ഞായാറാഴ്ച ഇരുവരും കടലില്‍ മത്സ്യബന്ധനത്തിന് പോയിരിക്കുകയായിരുന്നു. അന്നേ ദിവസവും ഇവര്‍ തമ്മില്‍ വഴക്കു നടന്നതായി അയല്‍വാസികള്‍ പറയുന്നു. പ്രണവിന് സംശയരോഗമുള്ളതായും കുഞ്ഞ് തന്റെതല്ലെന്നു പറഞ്ഞ് ഇയാള്‍ വഴക്കിടാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

വിയാന്റെ മൃതദേഹം സംസ്‌കരിച്ചു: അറസ്റ്റ് ശാസ്ത്രീയ തെളിവ് ലഭിച്ചതിനു ശേഷമെന്ന് പൊലീസ്, രക്ഷിതാക്കളെ ചോദ്യം ചെയ്തത് പത്തുമണിക്കൂര്‍


Keywords:  Kerala, News, Kannur, Police, Murder case, Arrest, Parents, Dead Body, Baby, Viyan's dead body buried; investigation goes on
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia