Walayar Case | വാളയാര്‍ പീഡനക്കേസ്; തുടരന്വേഷണത്തിന് സിബിഐയുടെ പുതിയ ടീം
Nov 10, 2022, 10:50 IST
പാലക്കാട്: (www.kvartha.com) വിവാദമായ വാളയാര്‍ പീഡനക്കേസില്‍ തുടരന്വേഷണം നടത്താന്‍ സിബിഐയുടെ പുതിയ ടീമിനെ നിയമിച്ചു. സിബിഐ കൊച്ചി യൂനിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപോര്‍ട് സിബിഐ പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പിച്ചു. അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേസില്‍ സിബിഐയുടെ നിലവിലെ കുറ്റപത്രം പോക്‌സോ കോടതി തള്ളിയിരുന്നു. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ഓഗസ്റ്റ് 10 നാണ് പാലക്കാട് പോക്‌സോ കോടതി (ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ) വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂനിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍ തുരന്വേഷണം നടത്തണമെന്നാണ് പാലക്കാട് പോക്‌സോ കോടതി ആവശ്യപ്പെട്ടത്.
2017 ലാണ് കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ വാളയാറില്‍ 13ഉം ഒമ്പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 13 കാരിയെ ജനുവരി 13 ന് വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡിലും ഒമ്പത് വയസുള്ള ഇളയ സഹോദരിയെ മാര്‍ച് നാലിനുമാണ് സമാന സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസും പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍ 13 ഉം ഒമ്പതും വയസ് മാത്രമുള്ള തന്റെ മക്കളുടേത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്.
Keywords: News,Kerala,State,palakkad,CBI,Case,Judiciary,Enquiry,Top-Headlines, Walayar sisters assault and death case; New CBI team for further investigation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.