Wayanad Disaster | മനുഷ്യന്റെ വിചാരം നമ്മളാണ് ഏറ്റവും വലിയ സംഭവമെന്ന്, പ്രകൃതിയൊന്ന് ഞൊടിച്ചാല്‍ മനുഷ്യനില്ല എന്ന കാര്യം മനസിലാക്കണം; വയനാട് ദുരന്തത്തില്‍ പ്രതികരിച്ച് അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി
കുന്നിന്‍ ചരിവുകള്‍ തെളിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് കേരളത്തില്‍ സാധാരണമായി കഴിഞ്ഞു, വയനാട് ഒരു വേദനയായി നമ്മളെയെല്ലാം ബാധിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കാനാകില്ല
നമുക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ കിട്ടിയിട്ടുണ്ട്. മുകളിലേക്ക് നോക്കുമ്പോഴാണ് അതൊന്നും പോരാന്ന് തോന്നുന്നത്, താഴേക്ക് നോക്കണം. അപ്പോള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാകും. ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുതെന്നും ഓര്‍മിപ്പിക്കല്‍
തിരുവനന്തപുരം: (KVARTHA) കുന്നിന്‍ ചരിവുകള്‍ തെളിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് കേരളത്തില്‍ സാധാരണമായി കഴിഞ്ഞു, വയനാട് ഒരു വേദനയായി നമ്മളെയെല്ലാം ബാധിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കാനാകില്ലെന്ന് പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി. മനുഷ്യന്റെ വിചാരം നമ്മളാണ് ഏറ്റവും വലിയ സംഭവമെന്നാണ്, എന്നാല്‍ പ്രകൃതിയൊന്ന് ഞൊടിച്ചാല്‍ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും മനസിലാക്കണമെന്നും അവര്‍ പറഞ്ഞു.
ലോക മലയാളി കൗണ്‍സില്‍ 14ാം സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നമുക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ കിട്ടിയിട്ടുണ്ട്. മുകളിലേക്ക് നോക്കുമ്പോഴാണ് അതൊന്നും പോരാന്ന് തോന്നുന്നത്, താഴേക്ക് നോക്കണം. അപ്പോള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാകും. ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
മലയാളികള്‍ ഐക്യപ്പെടുന്നത് ദുരന്തം വരുമ്പോള്‍ മാത്രമാണെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. ഇനി ആ സമയത്ത് ഒന്നിച്ചാല്‍ മാത്രം മതിയാവില്ല, ദുരന്തമില്ലാതാക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും ബോധമാന്മാരായിരിക്കണം.
അതിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇത്തരം പരിപാടികളിലൂടെ മുന്‍ കൈയ്യെടുക്കണം. കേരളത്തെ സംബന്ധിച്ച് ഏറ്റവും ദു:ഖകരമായ നാളുകളിലൂടെ കടന്നുപോവുകയാണ്. ഒരു പാട് സ്വപ്നങ്ങളുമായി നമ്മോടൊപ്പം ജീവിച്ച സോദരങ്ങള്‍ ഇല്ല എന്നത് ദു:ഖകരമായ സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ ഹയാത്ത് റിജിയന്‍സിയില്‍ നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന്‍ കീകാട് അധ്യക്ഷനായി. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍, സൂരജ് ലാല്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടത്തിയ ഐവി ശശി ഹ്രസ്വചിത്ര മത്സരത്തില്‍ വിജയിച്ചവര്‍ക്ക് അവാര്‍ഡും വിതരണം ചെയ്തു. കൃഷ്ണ കിരണ്‍ നന്ദി രേഖപ്പെടുത്തി
രാവിലെ നടന്ന ലീഗല്‍ ഫോറം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ അഭിഭാഷകന്‍ ജോണ്‍ എസ് റാല്‍ഫ്, ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന മെഡിക്കല്‍ ആന്റ് ടറിസം സെമിനാറില്‍ അവയവദാനത്തെ കുറിച്ച് ഡോ. നോബിള്‍ ഗ്രേഷ്യസ് സംസാരിച്ചു. ഡോ. സെമി നോബിള്‍, ഡോ. ഷിബാഫ് ബാബു, ഡോ. ജിമ്മി ലോനപ്പന്‍ എന്നിവര്‍ സംസാരിച്ചു.