Relief | വയനാട്ട് ‘അക്ഷയപാത്രം’ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു
അക്ഷയപാത്രം വയനാട് ദുരന്തത്തിൽ സഹായം, ഭക്ഷണ കിറ്റുകൾ വിതരണം, 5 ലക്ഷം പേർക്ക് ഭക്ഷണം
തിരുവനന്തപുരം: (KVARTHA) വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ കർണാടക ആസ്ഥാനമായ അക്ഷയപാത്ര ഫൗണ്ടേഷൻ രംഗത്ത്. അക്ഷയപാത്രം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഇതിനകം 1000 പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്ത അക്ഷയപാത്രം വരും ദിവസങ്ങളിൽ 9000 കിറ്റുകൾ കൂടി വിതരണം ചെയ്യാൻ പദ്ധതിയിടുന്നു. ഓരോ കിറ്റിലും ഒരു കുടുംബത്തിന് ഒരു ആഴ്ചത്തേക്ക് ആവശ്യമായ അരി, ഗോതമ്പ്, പയറുവർഗങ്ങൾ, എണ്ണ, മസാലകൾ, ബിസ്ക്കറ്റ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ആഗസ്റ്റ് എട്ടോടെ 168000 പേർക്കും ആഗസ്റ്റ് 12 ഓടെ 210000 പേർക്കും ആകെ 5 ലക്ഷം പേർക്കും ഭക്ഷണം എത്തിക്കുക എന്നതാണ് ലക്ഷ്യം.
കൽപ്പറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ കേന്ദ്രീകരിച്ച് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഇവ വിതരണം നടക്കുന്നതായും ആവശ്യമുള്ളവരിലേക്ക് ഭക്ഷണം എത്തിക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതായും വാർത്താകുറിപ്പിൽ പറയുന്നു..
വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സർക്കാരിന്റെ പിന്തുണയോടെ ഞങ്ങൾ ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിപുലീകരിക്കും,അക്ഷയപാത്ര ഫൗണ്ടേഷൻ വൈസ് ചെയർമാൻ ചഞ്ചലപതി ദാസ് പറഞ്ഞു.