Tragedy | നൊമ്പരമായി 119 പേർ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പുറത്ത്; നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച് എംവിഡിയും
ദുരിതാശ്വാസ കാംപുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാൻ ആലോചന
തിരുവനന്തപുരം: (KVARTHA) വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 119 പേർ ഇപ്പോഴും കാണാമറയത്തെന്ന് സർകാർ കണക്ക്. കാണാതായവരുടെ പുതുക്കിയ കരട് പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യത്തെ കണക്കനുസരിച്ച്, 128 പേരെയാണ് കാണാതായിരുന്നത്. എന്നാൽ, പിന്നീട് കാണാതായവരുടെ ശരീരഭാഗങ്ങൾ കണ്ടെത്തി ഡിഎൻഎ പരിശോധന നടത്തിയപ്പോൾ ചിലരെ തിരിച്ചറിയാൻ സാധിച്ചു. പുതിയ വിവരങ്ങൾ അനുസരിച്ച് കാണാതായവരുടെ പട്ടിക പുതുക്കുകയും അതിൽ 119 പേരായി കുറയുകയും ചെയ്തു.
തിരച്ചിൽ ദൗത്യങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെങ്കിലും, ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ കാന്തൻപാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂർ മേഖലകളിലും തിരച്ചിൽ നടന്നിരുന്നു. സേനാവിഭാഗങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകരും തിരച്ചിലിന്റെ ഭാഗമായി. എന്നാൽ, വനത്തിനുള്ളിലൂടെയുള്ള തിരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവർത്തകരെ അനുവദിച്ചിരുന്നില്ല.
ഉരുൾപൊട്ടലിൽ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങളിൽ കേന്ദ്രീകരിച്ചാണ് നിലമ്പൂർ മേഖലയിൽ തിരച്ചിൽ നടന്നത്. ഉള്‍വനത്തിലെ പാറയുടെ അരികുകളും പരിശോധിച്ചു. മുണ്ടേരി ഫാം പരപ്പന്‍പാറ, പനങ്കയം പൂക്കോട്ടുമണ്ണ, പൂക്കോട്ടുമണ്ണ ചാലിയാർ മുക്ക്, ഇരുട്ടുകുത്തി കുമ്പളപ്പാറ, കുമ്പളപ്പാറ പരപ്പന്‍പാറ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് ഇവിടെ തിരച്ചിൽ നടന്നത്.
ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പും ശേഖരിക്കുന്നുണ്ട്. അതേസമയം, ദുരിതാശ്വാസ കാംപുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ കാംപുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനും സർകാർ ആലോചിക്കുന്നതായി വിവരങ്ങളുണ്ട്. 10 സ്കൂളുകൾ നിലവിൽ കാംപുകൾ ആയി പ്രവർത്തിക്കുന്നുണ്ട്.
വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികളടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർകാർ പ്രഖ്യാപനം.