Analysis | ഉരുള്‍ പൊട്ടലിന് കാരണം വയനാട്ടിലെ സ്വര്‍ണ ഖനനവും? അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങൾ
ഖനനം മൂലമുണ്ടായ പാരിസ്ഥിതിക നാശമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
ദക്ഷാ മനു
(KVARTHA) വയനാട് ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെ പലരും ദുരന്തത്തിന്റെ കാരണങ്ങളെ കുറിച്ച് വാചാലരാവുകയും മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ക്വാറി ഖനനം, അനധികൃത കുടിയേറ്റം, റിസോര്‍ട്ട് നിര്‍മാണം അങ്ങനെ പല ആരോപണങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇതൊന്നുമല്ലാത്തൊരു ഖനന കഥ ചരിത്രത്തിന്റെ മടിത്തട്ടില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്.
ബ്രിട്ടീഷ് കാലത്ത് വയനാട്, അതിര്‍ത്തിയിലെ തമിഴ്‌നാട് ഭാഗം എന്നിവിടങ്ങളില്‍ നടന്ന സ്വര്‍ണ ഖനനത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. തമിഴ്‌നാട്ടിലെ ഗൂഢല്ലൂര്‍, ചൂരല്‍മല, പടിഞ്ഞാറേത്തറ മേഖലകളിലെ പാറകളില്‍ സ്വര്‍ണത്തിന്റെ അംശമുണ്ടെന്ന വാര്‍ത്ത 1850കളില്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പ്രചരിച്ചിരുന്നു. സ്വര്‍ണാംശം ആദ്യം കണ്ടെത്തിയത് ഡോ. ബുക്കനന്‍ എന്ന ബ്രിട്ടീഷ് പര്യവേക്ഷകനായിരുന്നു, 1807ലായിരുന്നു അത്.
അതിന് ശേഷം മിസ്റ്റര്‍ യങ് എന്ന ബ്രിട്ടീഷുകാരന്‍ നീലഗിരി മലകളിലെ അരുവികളില്‍ നിന്ന് സ്വര്‍ണ സാമ്പിള്‍ ശേഖരിച്ചിരുന്നു. 1830ല്‍ മലബാര്‍ കളക്ടറായിരുന്ന ടി.എച്ച് ബാബര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിലമ്പൂര്‍ രാജാവ് ഒരുത്തരവ് പുറപ്പെടുവിച്ചു; രാജ്യാതിര്‍ത്തിര്‍ത്തിയില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണത്തിന്റെ 10 ശതമാനം റോയല്‍റ്റി രാജാവിന് നല്‍കണം. ഇതിന് ശേഷം കുറച്ചുകാലം സ്വര്‍ണ ഖനനമൊന്നും അങ്ങനെ നടന്നില്ല. 1865ല്‍ ഓസ്‌ട്രേലിയന്‍ സ്വര്‍ണ പര്യവേക്ഷകരായ സ്‌നേണും വിതേഴ്‌സും ചേര്‍ന്ന് ആല്‍ഫ ഗോള്‍ഡ് കമ്പനി രൂപീകരിച്ച് പന്തല്ലൂരില്‍ സ്വര്‍ണ ഖനനം നടത്തിയിരുന്നു. ഉപരിതല പാറകളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതിനാല്‍ കുറച്ചു കൊല്ലങ്ങള്‍ കമ്പനി മുന്നോട്ട് പോയി.
1878 ആയപ്പോഴേക്കും വയനാട് പ്രോസ്‌പെറ്റിങ്, പ്രിന്‍സ് ഓഫ് വെയില്‍സ് എന്നീ പുതിയ രണ്ട് കമ്പനികള്‍ കൂടി എത്തി. എന്നാലിവര്‍ക്ക് സ്വര്‍ണം കണ്ടെത്താനായില്ല. 1879ല്‍ ഓസ്‌ട്രേലിയക്കാരനായ ബറോസ്മിത്ത് എന്ന ഖനന വിദഗ്ധന്‍ വയനാട്ടിലെത്തി. പടിഞ്ഞാറെത്തറയിലെ രണ്ടായിരം ഏക്കറില്‍ പര്യവേക്ഷണം ആരംഭിച്ചു. ആഫ്രിക്കയിലെ ഖനികളില്‍ നിന്ന് കുഴിച്ചെടുത്ത സ്വര്‍ണം വയനാട്ടിലേതാണെന്ന പേരില്‍ ഇംഗ്ലണ്ടിലേക്ക് അയച്ചുകൊടുത്തു. അതോടെ ഇംഗ്ലണ്ടിലുള്ളവര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. അവിടെ നിന്ന് 41 കമ്പനികള്‍ വയനാട്ടിലെത്തി. ഇന്ത്യയില്‍ നിന്ന് ആറ് കമ്പനികളും.
ഇവയെല്ലാം സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു. ആറ് ദശലക്ഷം പൗണ്ടായിരുന്നു ഈ കമ്പനികളുടെ മൂലധനം. വിദേശത്തു നിന്ന് ഖനന വിദഗ്ധരെയും കമ്പനികള്‍ കൊണ്ടുവന്നു. അതോടെ കമ്പനികളുടെ ഓഹരിമൂല്യം കുത്തനെ കൂടി. ഗൂഡല്ലൂരിന് അടുത്തുള്ള പന്തല്ലൂരില്‍ വലിയ സത്രങ്ങളും ഗോള്‍ഫ് മൈതാനങ്ങളും ഉണ്ടായി. ഓസ്‌ട്രേലിയയില്‍ നിന്ന് ഖനന യന്ത്രങ്ങളും റെയിലുകളും കൊണ്ടുവന്നിരുന്നു. ആയിരക്കണക്കിന് ഏക്കര്‍ നിബിഡ വനങ്ങളും കാപ്പിത്തോട്ടങ്ങളും മൈനിംഗ് കമ്പനികള്‍ വാങ്ങിക്കൂട്ടി.
1881ല്‍ ഖനനം തുടങ്ങി. ഒരു ടണ്‍ അയിരില്‍ നിന്ന് നാല് ഔണ്‍സ് സ്വര്‍ണം ലഭിക്കുമെന്ന വ്യാജ സന്ദേശം ഇംഗ്ലണ്ടില്‍ പ്രചരിച്ചു. അതോടെ കമ്പനികളുടെ ഓഹരി മൂല്യം വീണ്ടും ഉയര്‍ന്നു. 1888 ആയപ്പോഴേക്കും ചെമ്പ് പുറത്തായി. വ്യാവസായിക അടിസ്ഥാനത്തില്‍ ഖനനം ചെയ്യാനുള്ള സ്വര്‍ണം വയനാട്ടിലില്ലെന്ന സത്യം പുറത്തുവന്നു. അപ്പോഴേക്കും കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് നേരത്തെ മുന്നില്‍ കണ്ട പ്രമോട്ടര്‍മാര്‍ ഓഹരി വലിയ വിലയ്ക്ക് വിറ്റശേഷം നാട് വിട്ടിരുന്നു. സ്മിത്തിന്റെ സ്വര്‍ണപ്പാടവും ബംഗ്ലാവും ബാണാസുര സാഗര്‍ അണക്കെട്ടിലെ റിസോര്‍വോയറിന്റെ അടിത്തട്ടിലെവിടെയോ ആണ്. ഇന്ത്യയിലെ അന്നത്തെ സമ്പന്നരായിരുന്ന മദ്രാസ് ചെട്ടിമാരോ, ബോംബെയിലെ കച്ചവടക്കാരോ സ്വര്‍ണ ഖനനത്തിന് മുതല്‍ മുടക്കാന്‍ തയ്യാറായില്ല.
സ്വര്‍ണം ഇല്ലെന്ന് അറിഞ്ഞതോടെ ഭൂമി വാങ്ങിക്കൂട്ടി കമ്പനികള്‍ അവിടമാകെ തേയില വെച്ച് പിടിപ്പിക്കാന്‍ തുടങ്ങി. ഖനനത്തിനായി മലബാറില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക മേഖലകളില്‍ നിന്നും കൊണ്ടുവന്ന തൊഴിലാളികളെ തേയില തോട്ടങ്ങളിലെ പണിക്ക് നിര്‍ത്തി. അവരുടെ പിന്മുറക്കാരാണ് ഇന്നും വയനാട്ടിലുള്ളത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഗൂഡല്ലൂര്‍, പന്തലായിനി, ചൂരല്‍മല പ്രദേശങ്ങളില്‍ സ്വര്‍ണഖനനത്തിനായി എടുത്ത കുഴികള്‍ മൂടിയിരുന്നില്ല. ആയിരക്കണക്കിന് ഏക്കര്‍ നിബിഡ വനങ്ങള്‍ വെട്ടിമാറ്റിയാണ് ഖനികളും മറ്റ് സ്ഥാപനങ്ങളും സൃഷ്ടിച്ചത്.
നൂറ് കൊല്ലത്തിലധികമായി ഈ കുഴികളില്‍ മഴക്കാലത്ത് വെള്ളം ഇറങ്ങുന്നു. 1984ലാണ് മുണ്ടകൈയില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. അന്ന് 200 മില്ലീ മീറ്ററിലധികം മഴയാണ് ഒരു ദിവസം പെയ്തത്. ഇക്കൊല്ലവും അങ്ങനെ തന്നെയായിരുന്നു. അടുത്തകാലത്ത് ജാര്‍ഖണ്ഡിലെ പലയിടങ്ങളിലും ബദരീനാഥിലും മണ്ണൊലിപ്പില്‍ ചില പട്ടണങ്ങള്‍ തകര്‍ന്നിരുന്നു. ഹിമാലയന്‍ പര്‍വതങ്ങളുടെ അടിവാരത്ത് 1960ല്‍ തന്നെ ഉപേക്ഷിച്ച കല്‍ക്കരി ഖനികള്‍ മൂടാതെ കിടക്കുന്നത് കൊണ്ടായിരുന്നു ഇതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലാകാലങ്ങളില്‍ പല തരത്തില്‍ പ്രകൃതിയില്‍ ചെയ്ത ചൂഷണത്തിന്റെ ഫലമാണ് വയനാട് ജനത ഇന്ന് അനുഭവിക്കുന്നത്. അതിന് ഏതെങ്കിലും വിഭാഗം മനുഷ്യരെയോ, സര്‍ക്കാരുകളെയോ മാത്രം വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്.
#WayanadLandslide #goldmining #BritishIndia #environmentalimpact #Kerala #naturaldisaster