Tragedy | ഇന്നാർക്കും മതവും രാഷ്ട്രീയവും ഇല്ല, വേണ്ടത് രണ്ടുകാലുകൾ കുത്തിനിൽക്കാനുള്ള ഒരു കൊച്ചു മൺതിട്ടമാത്രം; വയനാട്ടിലെ ദുരന്തഭൂമിയിൽ കാണുന്നത്
ഉരുൾപൊട്ടലിൽ ഇല്ലാതായത് ആയിരക്കണക്കിന് ലയങ്ങളും വീടുകളും ആണ്. കാണാതായവർക്ക് കണക്കില്ല. ശരിക്കും ഒരു മരണഭൂമിയായി മാറിയിരിക്കുന്നു മുണ്ടക്കൈ. ഈ സംഭവം നമ്മുടെ ഓരോരുത്തരുടെയും സ്ഥലത്തായിരുന്നു നടന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.
മിന്റാ മരിയ തോമസ്
(KVARTHA) വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തം ശരിക്കും കേരളക്കരയെ മുഴുവൻ ഞെട്ടിച്ചു എന്ന് മാത്രമല്ല മനുഷ്യമനസ്സിനെ വല്ലാതെ ഉലച്ചു വെന്നും പറയാം. ഇവിടെയുണ്ടായ ഉരുൾപൊട്ടലിൽ ഇല്ലാതായത് ആയിരക്കണക്കിന് ലയങ്ങളും വീടുകളും ആണ്. കാണാതായവർക്ക് കണക്കില്ല. ശരിക്കും ഒരു മരണഭൂമിയായി മാറിയിരിക്കുന്നു മുണ്ടക്കൈ. ഈ സംഭവം നമ്മുടെ ഓരോരുത്തരുടെയും സ്ഥലത്തായിരുന്നു നടന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.
അത്തരം ഒരു സാഹചര്യം ഓർമ്മിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ശ്രദ്ധേയമാണ്. നാളെ ഒരുപക്ഷേ, നമ്മുടെ ഒരോരുത്തരുടെയും ജീവിതത്തിലും ഇങ്ങനെയൊന്ന് സംഭവിക്കാമെന്ന് ഈ പോസ്റ്റ് ഓർമ്മപ്പെടുത്തുന്നു. എന്നാൽ അങ്ങനെയൊന്നും ആരുടെയും ജീവിതത്തിൽ സംഭവിക്കരുതെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ പോസ്റ്റ് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു.
കുറിപ്പിൽ പറയുന്നത്:
‘നമ്മളെല്ലാവരും ഒരു നിമിഷമെങ്കിലും ചിന്തിച്ചു കാണില്ലേ വയനാട്ടിൽ നടന്ന ദുരന്തം നമ്മൾ പാർക്കുന്ന നാട്ടിൽ ആയിരുഞ്ഞുവെങ്കിൽ എന്താകുമായിരുന്നു എന്ന്..?. നമ്മളുടെ മക്കൾ നമ്മളുടെ ജീവിത പങ്കാളി, നമ്മളുടെ അച്ഛനമ്മമാർ, നമ്മുടെ സഹോദരങ്ങൾ പാറകളുടെയും മണ്ണിന്റെയും അടിയിൽ പെട്ടുപോയി ജീവനായി മല്ലടിക്കുന്നത് ഒന്ന് ഓർത്തു നോക്കിയോ? തലേ ദിവസം കിടന്നുറങ്ങുന്നതിനു മുൻപ് നമ്മൾ എന്തെല്ലാം നാളേക്ക് പ്ലാൻ ചെയ്താണ് കിടക്കുന്നത്?
കിടന്നിട്ടും ഉറക്കം വരാതെ നമ്മൾ തിരിഞ്ഞും മറിഞ്ഞും കിടന്നു ചിന്തിക്കാറില്ലേ,? മകളെ സ്കൂളിൽ വിടണം അതുകഴിഞ്ഞു ജോലിക്ക് പോകണം, മോൾക്ക് നാളെ ട്യൂഷൻ ഫീസ് അടക്കണം അവൾ പഠിച്ചു രക്ഷപെട്ടാൽ ഒന്ന് വിശ്രമിക്കണം, അങ്ങനെ എന്തെല്ലാം കിനാക്കൾ കണ്ടിട്ടാണ് ഒരു അഗാധ നിദ്രയിലേക്ക് നമ്മൾ പോകുന്നത്. ആ നിദ്രയിൽ എല്ലാം ഒരുനിമിഷം കൊണ്ട് ഭൂമി അങ്ങ് കവർന്നെടുത്താലോ..?
ആ സ്വപ്നം കണ്ടതിൽ മറ്റുള്ളവരെല്ലാം മരണപെട്ടു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ, അല്ലെങ്കിൽ ശവശരീരം പോലും കിട്ടാത്ത അവസ്ഥയിൽ നമുക്ക് നിൽക്കേണ്ടി വന്നാലോ?. ആ ഒരു അവസ്ഥയിലേക്ക് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ,.! ആ ഒരു അവസ്ഥയിൽ ആണ് ചൂരൽ മലയിൽ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ.
പ്രിയ കൂട്ടുകാരെ സ്വാന്തനമാകാൻ പറ്റുമെങ്കിൽ അത് ചെയുക, സഹായിക്കാൻ പറ്റുമെങ്കിൽ അതുചെയ്യുക. ഇന്ന് നമ്മൾ സേഫ് ആണെങ്കിൽ നാളെ ഇതേ അവസ്ഥ നമ്മുടെ അരികിലേക്കും ആണ് വരാൻ പോകുന്നത്. നിങ്ങൾക്ക് എന്ത് സഹായം ചെയ്യാൻ പറ്റുമോ അതെല്ലാം ഇപ്പോൾ ചെയ്യുക.. നമുക്ക് അധികം സമയമില്ല’.
വെളിച്ചം പകരുന്ന സന്ദേശം
എല്ലാവരുടെയും ജീവിതത്തിലേയ്ക്ക് വെളിച്ചം പകരുന്ന വലിയ സന്ദേശം ഈ പോസ്റ്റിലുണ്ട്. ഈ ദുരന്തം സംഭവിക്കുന്നതിന് മുൻപ് ഇവിടെ എന്തെല്ലാം പോർവിളികളാണ് അരങ്ങേറിയത്. ചില മതക്കാർ ചില മതക്കാരുടെ ഭക്ഷണം കഴിക്കില്ല. അവരോട് സമ്പർക്കത്തിന് താല്പര്യമില്ല. അങ്ങനെ എന്തൊക്കെ മുറവിളികൾ ഇവിടെ ഉയർന്നു. ഒപ്പം രാഷ്ട്രീയത്തിൻ്റെ പേരിലും ഇവിടെ വെല്ലുവിളികളും തർക്കങ്ങളും ഉണ്ടായി. ഈ ദുരന്തം ഉണ്ടായതിന് ശേഷം ജാതിയോ, വർഗ്ഗമോ, ഭാഷയോ, രാഷ്ട്രീയമോ ഇല്ലാതെ ആരെങ്കിലും തങ്ങളോട് കരുണകാണിക്കണേ എന്ന് വിലപിക്കുന്ന ജനസമൂഹത്തെയാണ് ഈ ദുരന്തമുഖത്ത് കാണുന്നത്.
ഏത് ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലുള്ളവനായാലും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് കൈ മെയ് മറന്ന് ഒരുപോലെ പ്രവർത്തിക്കുന്ന ഒരു ജനസമൂഹത്തെയാണ് കേരളത്തിലെങ്ങും കാണുന്നത്. ഒരു മതവും ജാതിയും രാഷ്ട്രീയവും ചിന്തിക്കാതെ ഒന്നു ചേർന്ന് വയനാടിന് വേണ്ട സഹായമെത്തിക്കാൻ എല്ലാവരും ഒരുപോലെ പരിശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ അതിനെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു കുറിപ്പും വൈറലാവുകയാണ്.
വൈറൽ കുറിപ്പ്:
‘ഒരു നിമിഷം ചിന്തിക്കൂ. ദുരന്തമുഖത്തു ഇന്നാർക്കും നിസ്കാരമുറി വേണ്ട; കുരിശടികൾ വേണ്ട; ലിംഗപ്രതിഷ്ഠ നടത്തേണ്ട. വേണ്ടത് രണ്ടുകാലുകൾ കുത്തിനിൽക്കാനുള്ള ഒരു കൊച്ചു മൺതിട്ടമാത്രം ജാതി നോക്കാതെ, മതം നോക്കാതെ, വിറങ്ങലിച്ചു നിൽക്കുന്ന മനുഷ്യർ, തങ്ങളിലേക്ക് നീളുന്ന സഹായഹസ്തങ്ങളിൽ കയറിപിടിക്കുകയാണ്. ജാതിയും മതവും വസ്ത്രധാരണവും നോക്കാതെ ദുരന്തഭൂമിയിലുള്ള മനുഷ്യരെ മറ്റു മനുഷ്യർ രക്ഷിക്കുകയാണ്.
അല്ലെങ്കിലും ദുരന്തമുഖങ്ങളിൽ മാത്രമേ നാം മനുഷ്യർ ആകുന്നുള്ളു. ദുരന്തങ്ങൾക്ക് തൊട്ടു മുൻപ് വരെ, നമ്മൾ ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും ആണ്; നായരും ഈഴവനും സുന്നിയും ഒക്കെ ആണ്.. എന്തിനേറെ പറയുന്നു നൂറു സമുദായങ്ങൾ വേറെയും. എന്നിരുന്നാലും ദുരന്തമുഖങ്ങളിൽ എങ്കിലും മനുഷ്യനാകാനുള്ള അപൂർവ നന്മ നമ്മളിൽ അവശേഷിക്കുന്നു.. കുറച്ചുദിവസങ്ങൾക്കു ശേഷം നാമിതും മറക്കും; വീണ്ടും നമ്മുടെ ജാതിമത കൊത്തളങ്ങളിലേക്കു തിരികെ പോകും.
കപ്പേളകൾക്കും, നിസ്കാരമുറികൾക്കും, പ്രാണപ്രതിഷ്ഠയ്ക്കും, വേണ്ടി മുറവിളികൂട്ടും. ജീവൻപൊലിഞ്ഞ എല്ലാസഹോദരങ്ങൾക്കും ആദരാഞ്ജലികൾ. ജീവൻരക്ഷപ്രവർത്തനം നടത്തുന്ന സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്’.
മനുഷ്യനെന്ന വികാരം
ഇങ്ങനെയാണ് ആ കുറിപ്പ് അവസാനിക്കുന്നത്. ശരിക്കും ഈ ദുരന്തമുഖത്താണ് ഇന്ന് പല മനുഷ്യരെയും മനുഷ്യരായി കാണാൻ പറ്റുന്നത്. ഇന്നലെ വരെ അവരൊക്കെ ആരുടെയോ ഒക്കെ വക്താക്കളായിരുന്നു. ഈ നില നാളെയും തുടർന്നാൽ ഇവിടം എന്ത് സ്വർഗ്ഗമാകും. അതാണ് മനുഷ്യൻ പഠിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. ഇപ്പോൾ ദുരന്തഭൂമിയിൽ ഉള്ള എല്ലാവരെയും ഭരിക്കുന്നത് ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും അല്ല. മനുഷ്യനെന്ന വികാരമാണ്. അതാണ് നാളെയും ഇവിടെ ഉണ്ടാകേണ്ടതും വേണ്ടതും.
#KeralaLandslide #UnityInDiversity #Humanity #NaturalDisaster #Compassion #Hope #ClimateChange #DisasterRelief #StandTogether