Relief Delay | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയില്‍

 
Wayanad Landslide: Central Govt to Decide on Financial Aid This Month
Wayanad Landslide: Central Govt to Decide on Financial Aid This Month

Photo Credit: Website / High Court of Kerala

● സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ആവശ്യത്തിന് തുകയുണ്ടല്ലോ എന്ന നിലപാടും ആവര്‍ത്തിച്ചു
● വിഷയം പരിഗണിച്ചത് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുടെ പ്രത്യേക ബെഞ്ച് 
● സഹായ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കെവി തോമസിന് അയച്ച കത്തും ഹാജരാക്കി 

കൊച്ചി: (KVARTHA) വയനാട് മുണ്ടക്കൈ ചൂരമല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയില്‍. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും ആ സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്നും വ്യക്തമാക്കിയ കേന്ദ്രം സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ആവശ്യത്തിന് തുകയുണ്ടല്ലോ എന്ന നിലപാടും ആവര്‍ത്തിച്ചു. 


ഉരുള്‍ പൊട്ടല്‍ ഉണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും ദുരന്തത്തെ കുറിച്ചുള്ള കേന്ദ്ര നിലപാട് ചര്‍ച്ചയാകുന്നതിനിടെയായിരുന്നു ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുടെ പ്രത്യേക ബെഞ്ച് വിഷയം പരിഗണിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയ്ക്കുള്ള സഹായ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് അയച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. 

പ്രത്യേക സാമ്പത്തിക സഹായമില്ല എന്നു തന്നെയാണ് കത്തു വായിച്ചാല്‍ മനസ്സിലാകുക എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രത്യേക സാമ്പത്തിക സഹായം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് കോടതി തിരിച്ചു ചോദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കഴിയുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു. പുനരധിവാസമടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നത് പോലുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ ദുരന്തം ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത് എന്ന് വ്യക്തമാകണമെന്നും കോടതി അറിയിച്ചു.  ഹിമാചല്‍, സിക്കിം, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതു പോലെ എന്ത് അധിക സഹായമാണ് കേരളത്തിന് നല്‍കിയതെന്നും കോടതി ചോദിച്ചിരുന്നു. 

ജൂലൈ 30ന് ദുരന്തമുണ്ടായി, ഓഗസ്റ്റ് എട്ടിന് കേന്ദ്ര സംഘം സ്ഥലം സന്ദര്‍ശിച്ചതാണെന്ന് സംസ്ഥാന സര്‍ക്കാരും ചൂണ്ടിക്കാട്ടി. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നത് പോലുള്ള കാര്യങ്ങളടക്കം ചെയ്യേണ്ടതുണ്ട്. കേന്ദ്രം അയച്ച കത്തു വായിച്ചാല്‍ മനസിലാകുന്നത് പ്രത്യേക സഹായമില്ല, സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് (എസ് ഡി ആര്‍ എഫ്) കൊണ്ട് കാര്യങ്ങള്‍ നടത്തണം എന്നാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ദുരന്ത പ്രതികരണ ഫണ്ടിലേക്ക് ഇത്തവണ 291.2 കോടി രൂപ നല്‍കിയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ ഫണ്ടില്‍ ബാക്കിയുള്ള തുക കൂടി ചേര്‍ത്ത് 782.99 കോടി രൂപ ഉണ്ടെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നും 251 പേര്‍ മരിക്കുകയും 47 പേര്‍ ഇപ്പോഴും കാണാതാവുകയും ചെയ്ത ഒരു ദുരന്തത്തില്‍ ഒരുവിധത്തിലുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന കാര്യമാണ് എടുത്തുപറയുന്നതെന്നു കേരളം ചൂണ്ടിക്കാട്ടി. 

വയനാട്ടിലുണ്ടായ ദുരന്തത്തെ 'തീവ്ര വിഭാഗ'ത്തില്‍ ഉള്‍പ്പെടുത്തുക, ദുരന്തത്തിന് ഇരയായവരുടെ വ്യക്തിഗത വായ്പകള്‍, വാഹന വായ്പകള്‍, വീട് വായ്പ ഉള്‍പ്പെടെയുള്ള വായ്പകള്‍ എഴുതിത്തള്ളുക, എത്രയും വേഗം അധിക ദുരിതാശ്വാസ സഹായം നല്‍കുക, എങ്കില്‍ മാത്രമേ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിനു മുന്നില്‍ വച്ചിരിക്കുന്നത്. ആവശ്യം എത്രയും പെട്ടെന്ന് തന്നെ പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് സംസ്ഥാനം.

#WayanadLandslide, #KeralaRelief, #CentralGovtDecision, #DisasterResponse, #FinancialAid, #HighCourtVerdict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia