Landslide | ഒടുവിൽ വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രത്തിന്റെ അംഗീകാരം; പ്രത്യേക പാക്കേജിൽ വ്യക്തതയില്ല
● സംസ്ഥാനത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്നാണ് അംഗീകാരം.
● ആഭ്യന്തര മന്ത്രാലയം കത്ത് കേരള സർക്കാരിന് കൈമാറി
● വിവിധ കേന്ദ്ര സഹായങ്ങൾക്ക് ഇത് വഴിയൊരുക്കും.
തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ ദുരന്തചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി ഒടുവിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചു. സംസ്ഥാനത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച കത്ത് കേരള സർക്കാരിന് കൈമാറിയത്.
കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക തീരുമാനം. ദുരന്തമുണ്ടായി അഞ്ചു മാസത്തിനു ശേഷമാണ് കേരളത്തിന്റെ പ്രധാന ആവശ്യം കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത, സംസ്ഥാന റവന്യൂ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് കത്ത് കൈമാറിയത്.
സംസ്ഥാന സർക്കാരിന് തനിച്ചുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തങ്ങളെയാണ് ലെവൽ മൂന്ന് കാറ്റഗറിയിൽ അഥവാ അതിതീവ്ര ദുരന്തമായി കണക്കാക്കുന്നത്. ജൂലൈ 30-ന് നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ കേരളത്തിന്റെ ദുരിതത്തിന് ആക്കം കൂട്ടി. തുടക്കം മുതൽ തന്നെ ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്ന്, അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേരളം മുന്നോട്ട് പോവുകയായിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും ഈ ആവശ്യം ശരിവച്ചിരുന്നു. ദുരന്തത്തിൽ നഷ്ടമായ മനുഷ്യ ജീവനുകൾ, കന്നുകാലികൾ, വിളകൾ, സ്വത്ത്, തകർന്ന പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നാശനഷ്ടം കണക്കാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് വിവിധ തലങ്ങളിൽ നിന്നുള്ള ധനസഹായം ലഭിക്കാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. വിവിധ കേന്ദ്ര വകുപ്പുകളിൽ നിന്നും ധനസഹായം ലഭിക്കാനും എംപി ഫണ്ട് ഉപയോഗിക്കാനും ഇനി അപേക്ഷിക്കാൻ കഴിയും. പിഡിഎൻഎ അപേക്ഷയും കേന്ദ്രം പരിഗണിക്കും. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതൽ ഫണ്ട് ലഭിക്കണമെങ്കിൽ ദുരന്തത്തെ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമായിരുന്നു. ഈ ആവശ്യം സംസ്ഥാനം നിരവധി തവണ കേന്ദ്രത്തെ അറിയിച്ചിരുന്നു.
എന്നാൽ, അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് കത്തിൽ വ്യക്തമായ പരാമർശമൊന്നുമില്ല. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം മൗനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇതിനകം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് പണം നൽകിയിട്ടുണ്ടെന്നാണ് കേന്ദ്രം കത്തിൽ സൂചിപ്പിക്കുന്നത്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം നൽകുക, ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, പുനർനിർമാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്.
#WayanadLandslide #KeralaDisaster #NaturalCalamity #DisasterRelief #CentralGovernment #IndiaDisaster