Disaster Relief | ദുരന്തത്തില്‍ പൊലിഞ്ഞ വയനാട് നിവാസികള്‍ക്ക് ഒരു കൈതാങ്ങ്; ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ കൈകോര്‍ത്ത് ഈ 2 റസ്റ്റോറന്റുകള്‍
വയനാട്: (KVARTHA) വയനാട്ടിലെ (Wayanad) ഉരുള്‍ പൊട്ടലില്‍ (Landslides) വിറങ്ങലിച്ച് നില്‍ക്കുകയാണ് സംസ്ഥാനം മുഴുവനും. നാനാഭാഗങ്ങളില്‍ നിന്നും സഹായം ഒഴുകി എത്തുന്നുമുണ്ട്. വസ്ത്രം, ഭക്ഷണം, മരുന്ന് എന്നുവേണ്ട എല്ലാ സഹായങ്ങളും എത്തിക്കാന്‍ അന്യനാട്ടില്‍ നിന്നുപോലും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ചേരാന്‍ കൈകോര്‍ത്തിരിക്കയാണ് വയനാട്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഈ രണ്ട് റസ്റ്റോറന്റുകള്‍.
ഭക്ഷണവും കുടിവെള്ളവുമാണ് ഇവര്‍ എത്തിക്കുന്നത്. വയനാട്ടിലെ പ്രധാന റസ്റ്റോറന്റുകളായ ഓലനും ഷെഫ് പിള്ളയുടെ സഞ്ചാരിയുമാണ് ദുരന്തത്തിനിരയായവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കാന്‍ കൈകോര്‍ത്തത്. റസ്റ്റോറന്റുകളില്‍ എത്തുന്ന അതിഥികള്‍ക്കായി തയാറാക്കിയ ഭക്ഷണമാണ് കഴിഞ്ഞദിവസം മുതല്‍ ഇവര്‍ ദുരന്തത്തില്‍ നടുങ്ങി നില്‍ക്കുന്നവര്‍ക്കായി എത്തിച്ചു നല്‍കുന്നത്.
ദുരന്തത്തെക്കുറിച്ച് അറിഞ്ഞ നിമിഷം മുതല്‍ തന്നെ ഇവര്‍ പകലും രാത്രിയുമെന്നില്ലാതെ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. ഓലന്‍ റസ്റ്റോറന്റ് മേപ്പാടി ഗവണ്‍മെന്റ് ആശുപത്രിയിലുള്ള റെസ്‌ക്യൂ ടീം, പൊലീസുകാര്‍, ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചുകൊടുത്തു. അയ്യായിരത്തോളം ലിറ്റര്‍ കുടിവെള്ളവും ഓലന്‍ റസ്റ്റോറന്റ് എത്തിക്കുന്നുണ്ട്.
ദുരന്തം നടന്ന സ്ഥലങ്ങളില്‍ നിന്നും പതിനെട്ടു കിലോമീറ്റര്‍ മാത്രം അകലയാണ് ഓലന്‍ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് റസ്റ്റോറന്റിന്റെ ഭക്ഷണ വിതരണം. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ഭക്ഷണം എത്തിച്ചു നല്‍കുന്നതില്‍ ഓലനൊപ്പം തന്നെ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ഷെഫ് പിള്ളയുടെ സഞ്ചാരി റസ്റ്റോറന്റും മുമ്പിലുണ്ട്.
ദുരിത ബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കുമാണ് സഞ്ചാരിയും ഭക്ഷണം ഒരുക്കുന്നത്. ഹോടെലിലെ ഭക്ഷണം തയാറാക്കുന്നതിനൊപ്പം തന്നെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവയെത്തിച്ചു നല്‍കാനുള്ള സൗകര്യങ്ങളും ചെയ്യുന്നതായി ഷെഫ് പിള്ളയും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.