Charity | ഉരുള്‍ പൊട്ടലില്‍ സര്‍വതും നശിച്ച വയനാട്ടിന് വരകള്‍ കൊണ്ടു താങ്ങേകാന്‍ മാടായിപ്പാറയില്‍ ഒത്തുകൂടി ചിത്രകാരന്‍മാര്‍; വിറ്റഴിച്ചത് നിരവധി ചിത്രങ്ങള്‍
സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ്റി അന്‍പതോളം കലാകാരന്‍മാര്‍ പങ്കെടുത്തു
കല മനുഷ്യ സ്‌നേഹമാണെന്ന മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തിയത്
പഴയങ്ങാടി: (KVARTHA) ഉരുള്‍ പൊട്ടലില്‍ സര്‍വതും നശിച്ച വയനാട്ടിന് വരകള്‍ കൊണ്ടു താങ്ങേകാന്‍ മാടായി പാറയില്‍ ഒത്തുകൂടി ചിത്രകാരന്‍മാര്‍. വണ്‍ ആര്‍ട്ട് നേഷന്റെ ആഭിമുഖ്യത്തിലാണ് കാക്കപ്പൂവെന്ന പേരില്‍ മാടായിപ്പാറയിലെ എസ് എന്‍ സ്‌കൂളില്‍ ചിത്രകലാ ക്യാംപ് നടത്തിയത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ്റി അന്‍പതോളം കലാകാരന്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവിടെ നിന്നും ചിത്രം വരച്ചു വില്‍ക്കുന്ന പണം വയനാട് ദുരിതബാധിതരുടെ സഹായ ഫണ്ടിലേക്ക് നല്‍കാനാണ് തീരുമാനം. കല മനുഷ്യ സ്‌നേഹമാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാടായിപ്പാറയില്‍ അത്യപൂര്‍വ്വ ചിത്ര പ്രദര്‍ശനവും ചിത്രരചനാ ക്യാംപും നടന്നത്.
പ്രശസ്ത ചിത്രകാരന്‍ എന്‍കെ പി മുത്തുക്കോയ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാഡമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ മുഖ്യാതിഥിയായി. ചിത്രകാരനും ശില്‍പ്പിയുമായ കെകെ ആര്‍ വെങ്ങര , ബാലകൃഷ്ണന്‍ കതിരൂര്‍, കെഎം ശിവകൃഷ്ണന്‍, കേണല്‍ സുരേശന്‍, സിപി ദിലീപ് കുമാര്‍ തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി.
സമാപനത്തിനോടനുബന്ധിച്ചു ചിത്രങ്ങളുടെ കൈമാറ്റ ചടങ്ങും നടന്നു. ക്യാംപില്‍ 60 ലേറെ ചിത്രങ്ങള്‍ വിറ്റിട്ടുണ്ടെന്ന് വണ്‍ ആര്‍ട്ട് നേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതിനൊപ്പം വരും ദിവസങ്ങളില്‍ ചിത്രങ്ങള്‍ ക്യാംപയ്ന്‍ ചെയ്തുള്ള ചിത്ര വില്‍പ്പനയും നടത്തും. ഇതിനു ശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുക.
വയനാട് ദുരന്തബാധിതരുടെ വിഹ്വലതകളും ഭാവിയെ കുറിച്ചുള്ള ആകുലതയും മനസില്‍ ഉരുക്കിയാണ് ചിത്രകാരന്‍മാര്‍ രചനയിലേര്‍പ്പെട്ടത്. കല മനുഷ്യ സ്‌നേഹം കൂടിയാണെന്നു പ്രഖ്യാപിച്ചു കൊണ്ടാണ് ചിത്രം വരച്ചു വില്‍ക്കുന്ന പണം ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
#WayanadRelief, #ArtForCharity, #PaintingCamp, #Kerala, #India, #DisasterRelief, #ArtistsUnited