Relief Fund | വയനാട് ദുരിതാശ്വാസത്തിന് മുസ്ലിം ലീഗിന്റെ അടിയന്തര സഹായം; സമാഹരിച്ചത് 27 കോടി
* ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് വലിയ സഹായം ലഭിച്ചു.
* ഈ മാസം 31 വരെ ധനശേഖരണം തുടരും.
കോഴിക്കോട്: (KVARTHA) വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആശ്വാസം നൽകാൻ മുസ്ലിം ലീഗ് നടത്തിയ 'വയനാടിന്റെ കണ്ണീരൊപ്പാന്‍' ദുരിതാശ്വാസ ധനശേഖരണത്തിൽ 27 കോടി രൂപ സമാഹരിച്ചതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് വലിയ സഹായം ലഭിച്ചു. ഈ മാസം 31 വരെ ധനശേഖരണം തുടരും. സമാഹരിച്ച തുക ഉപയോഗിച്ച് പല ഘട്ടങ്ങളിലായി ദുരിതാശ്വാസം നൽകും. ഓഗസ്റ്റ് 23 മുതൽ അടിയന്തര സഹായം വിതരണം ചെയ്യും. 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം നൽകും. കടകൾ നഷ്ടമായവർക്ക് 50,000 രൂപ വീതം നൽകും. വാഹനങ്ങൾ നഷ്ടമായവർക്ക് വാഹനങ്ങൾ വാങ്ങി നൽകും.
100 കുടുംബങ്ങൾക്ക് 1000 സ്ക്വയർ ഫീറ്റ് വീടുകൾ വച്ച് നൽകും. എട്ട് സെൻ്റ് ഭൂമിയിലാണ് വീട് വച്ച് നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാർട്ടിയുടെ ഓൺലൈൻ ആപ്പിൽ ഈ സഹായ വിതരണത്തിന്റെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം ഫേസ്ബുക്കിൽ അറിയിച്ചു. ധനശേഖരണത്തിനായി പ്രത്യേക ആപ്ലിക്കേഷൻ പുറത്തിറക്കിയാണ് ധനശേഖരണം നടത്തിയത്. തിരുനാവായ സ്വദേശി ബാബുവാണ് പദ്ധതിയിലേക്ക് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ നൽകിയത്. ആപ്ലിക്കേഷൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് പുറത്തിറക്കിയത്.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മനസ് വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ സാദിഖലി ശിഹാബ് തങ്ങൾ, വിവിധയിടങ്ങളിലും വയനാട്ടിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം ആരംഭിക്കും. പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ തുടങ്ങി സമഗ്രമായ പദ്ധതിയാണ് മുസ്ലിം ലീഗിന്റെ പദ്ധതിക്ക് കീഴില്‍ വരുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്. അതിനാല്‍ എല്ലാവരും ഈ പദ്ധതിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.