Support | ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തന്നെ; സിപിഎമ്മിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി
● മോദി സര്‍ക്കാര്‍ വംശീയ ജനദ്രോഹ അജണ്ട തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ആരോപണം
● കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രഹരമായി ഉപതിരഞ്ഞെടുപ്പ് ഫലം മാറണമെന്ന് ആവശ്യം
● തുടര്‍ ഭരണത്തില്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത് ഏകാധിപത്യ പ്രവണതയും ധാര്‍ഷ്ട്യവും ഭരണ ധൂര്‍ത്തും സംഘ് പരിവാര്‍ വിധേയ നിലപാടുകളും
● സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നു
മലപ്പുറം: (KVARTHA) വയനാട് ലോക് സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംഘ് പരിവാറിന്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക് സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
ബിജെപി സര്‍ക്കാരിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മൂന്നാം തവണ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ തങ്ങളുടെ വംശീയ ജനദ്രോഹ അജണ്ട തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റസാഖ് പാലേരി ആരോപിച്ചു. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രഹരമായി ഉപതിരഞ്ഞെടുപ്പ് ഫലം മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് തുടര്‍ ഭരണത്തില്‍ ഏകാധിപത്യ പ്രവണതയും ധാര്‍ഷ്ട്യവും ഭരണ ധൂര്‍ത്തും സംഘ് പരിവാര്‍ വിധേയ നിലപാടുകളുമാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍ തിരിച്ചടിയും സ്വന്തം ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയും മറികടക്കാന്‍ തീവ്രമായ സാമൂഹിക ധ്രുവീകരണ നീക്കമാണ് ഇടതുപക്ഷം പ്രത്യേകിച്ചും സിപിഎം കേരളത്തില്‍ നടത്തുന്നതെന്നും റസാഖ് ആരോപിച്ചു.
സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്നത്. കേരളത്തിന്റെ സംഘ് പരിവാര്‍ വിരുദ്ധ പ്രതിരോധത്തെ പിന്നില്‍ നിന്ന് കുത്തി ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച സര്‍ക്കാരിനെതിരെ ശക്തമായ താക്കീത് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പെന്‍ഷനുകള്‍ മാസങ്ങളായി കുടിശികയാണ്. പൊതുവിതരണ കേന്ദ്രങ്ങളില്‍ സബ് സിഡി സാധനങ്ങള്‍ കിട്ടാനില്ല. പൊതു മാര്‍ക്കറ്റില്‍ വിലക്കയറ്റമാണ് നിലനില്‍ക്കുന്നത്. ഇത് കുറക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന െൈവസ് പ്രസിഡന്റ് കെ എ ഷഫീഖ്, മുനീബ് കാരക്കുന്ന്, ഇബ്രാഹിംകുട്ടി മംഗലം, ആരിഫ് ചുണ്ടയില്‍ എന്നിവരും പങ്കെടുത്തു.
#WelfareParty #UDF #KeralaByeElections #KeralaPolitics #RazakPaleri #Election2024