Announcement | തദ്ദേശസ്ഥാപനങ്ങളിൽ അഴിമതി പരാതികൾ അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ


● തദ്ദേശസ്ഥാപനങ്ങളിൽ ഡിജിറ്റൽ നവീകരണം.
● തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനാക്കുന്നു.
● തദ്ദേശസ്ഥാപനങ്ങളുടെ കർത്തവ്യങ്ങൾ പുനർനിർവചിക്കുന്നു.
● വകുപ്പിൽ സുതാര്യത ഉറപ്പുവരുത്തുന്നു.
തിരുവനന്തപുരം: (KVRTHA) സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിന്റെ പ്രകാശനം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പറും (807 806 60 60) ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്ത് ആദ്യമായിട്ട് തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. ഏപ്രിൽ 10 മുതൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ് വെയർ വിന്യസിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങളും നേരിട്ട് പോകാതെ ഓൺലൈനായി ലോകത്ത് എവിടെനിന്നും സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആധുനികവൽക്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ കർത്തവ്യങ്ങൾ പുനർനിർവചിക്കപ്പെടുകയാണ്. അടിസ്ഥാന സൗകര്യവികസനം, ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കൽ, വികസന പദ്ധതികളുടെ പരിപാലനം എന്നതിൽ ഉപരിയായി പ്രാദേശിക സാമ്പത്തിക വികസനം, തൊഴിൽ സൃഷ്ടിക്കൽ, രണ്ടാംതലമുറ വികസന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യൽ, സംരംഭകത്വങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളുമായി തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടു പോവുകയാണ്. ചുമതലകൾ ഭംഗിയായും ഫലപ്രദമായും കാര്യക്ഷമമായും നിറവേറ്റാൻ പ്രാപ്തമാക്കുന്ന നിലയിൽ ആധുനികവൽക്കരണം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഉടനീളം നടപ്പിലാക്കും.
വകുപ്പിൽ സുതാര്യത ഉറപ്പുവരുത്തുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾ, മിഷനുകൾ, ഏജൻസികൾ പദ്ധതികൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി വെബ്‌സൈറ്റ് നവീകരണവും അഴിമതി റിപ്പോർട്ട് ചെയ്യാനുള്ള പൊതു വാട്‌സാപ്പ് നമ്പറും നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
പൊതു വാട്ട്‌സ്ആപ്പ് നമ്പറായ 807 806 60 60 ലൂടെ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സംസ്ഥാന തലത്തിൽ പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയത്തിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടറുടെ കാര്യാലയം കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സെല്ലും പ്രവർത്തിക്കും. ലഭിക്കുന്ന പരാതികൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിനും പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാമ്പശിവ റാവു, കുടുംബശ്രീ ഡയറക്ടർ എച്ച്. ദിനേശൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, അർബൻ ഡയറക്ടർ സുരജ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയുക.
Minister M.B. Rajesh announced the launch of a WhatsApp number (807 806 60 60) for reporting corruption complaints in local self-government bodies in Kerala. This initiative aims for corruption-free institutions and is part of a larger digital modernization effort, including making all local body services online by April 10. Special cells will be established at the state and district levels to handle these complaints with timely resolution and monitoring.
#KeralaGovernance #LocalSelfGovernment #CorruptionFreeKerala #DigitalKerala #WhatsAppComplaint #MBRajesh