Vizhinjam Port | വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചു; തുറക്കപ്പെട്ടത് കേരളത്തിന്റെ വികസന ചരിത്രത്തിലെ സവിശേഷമായ അധ്യായം;  അങ്ങേയറ്റം അഭിമാനകരമായ മുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി
 

 
When the Vizhinjam Port became a reality it should be recognized that a unique chapter in the development history of Kerala was opened; The Chief Minister said that this is a very proud moment, Thiruvananthapuram, News, Vizhinjam Port, Inauguration, CM Pinarayi Vijayan, Politics, Kerala News
When the Vizhinjam Port became a reality it should be recognized that a unique chapter in the development history of Kerala was opened; The Chief Minister said that this is a very proud moment, Thiruvananthapuram, News, Vizhinjam Port, Inauguration, CM Pinarayi Vijayan, Politics, Kerala News

Photo Credit: Kerala PRD

പോര്‍ട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന്റെ 35 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്


6,000 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കുന്ന ഔട്ടര്‍ റിങ്ങ് റോഡുകൂടി വരുന്നതോടെ പദ്ധതി വലിയ നേട്ടം ഉണ്ടാക്കും 


പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉത്സാഹിച്ച അദാനി ഗ്രൂപിനും അഭിനന്ദനം

തിരുവനന്തപുരം: (KVARTHA) സാമ്പത്തിക വളര്‍ച്ചയുടെ (Economic growth) ഏറ്റവും വലിയ, ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നവ തുറമുഖങ്ങളാണെന്ന് (Port) ലോകത്തിന്റെ ചരിത്രം തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, വിഴിഞ്ഞം തുറമുഖം (Vizhinjam port) യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നു പറയുമ്പോള്‍ കേരളത്തിന്റെ വികസന ചരിത്രത്തിലെ സവിശേഷമായ ഒരു അധ്യായം തുറക്കപ്പെടുന്നു എന്നാണ്  തിരിച്ചറിയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) . വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ മദര്‍ഷിപ്പ് (Mother ships) എത്തിച്ചേരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം (Inauguration) ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതുവിലും അങ്ങേയറ്റം അഭിമാനകരമായ മുഹൂര്‍ത്തമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈവിരലിലെണ്ണാവുന്നത്ര മാത്രമുള്ള ലോകത്തിലെ വന്‍കിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണ്. മദര്‍ ഷിപ്പുകള്‍, അതായത് വന്‍കിട ചരക്കു കപ്പലുകള്‍ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്കു ബര്‍ത്തു ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് ഇവിടം മാറുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 
വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇതോടെ ആരംഭിക്കുകയാണ്. ഇപ്പോള്‍ ട്രയല്‍ അടിസ്ഥാനത്തിലാണെങ്കിലും  തൊട്ടുപിന്നാലെ തന്നെ പൂര്‍ണ പ്രവര്‍ത്തന രീതിയിലേക്കു മാറുകയാണ്. പോര്‍ട്ടുകളുടെ പോര്‍ട്ട് എന്നു പറയാവുന്ന വിധത്തില്‍, ഏതാണ്ട് മദര്‍ പോര്‍ട്ട് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ സുസജ്ജമായ തുറമുഖമായി ഇതു മാറുകയാണ്. 

അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ല. രണ്ടും മൂന്നും നാലും ഘട്ടങ്ങള്‍ പൂര്‍ത്തിയായി എല്ലാ വിധത്തിലും സുസജ്ജവും സമ്പൂര്‍ണ്ണവുമായ വിശാല തുറമുഖമായി ഇത് 2045 ആകുമ്പോഴേക്കും മാറണമെന്ന നിലയ്ക്കാണു വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, അതിന് ഏതാണ്ട് 17 വര്‍ഷം മുമ്പേതന്നെ ഇതു സമ്പൂര്‍ണ്ണ തുറമുഖമായി മാറുന്ന നിലയിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ നമുക്കു കഴിയുന്നു. 2028 ഓടുകൂടി ഇതു സമ്പൂര്‍ണ്ണ തുറമുഖമായി മാറും എന്ന് സന്തോഷത്തോടെ അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനു വഴി വെച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. ഈ വിധത്തില്‍  17 കൊല്ലം മുമ്പേത്തന്നെ ഇതിനെ സമ്പൂര്‍ണ്ണമായി ഉപയോഗയോഗ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍  വേണ്ടതു ചെയ്യാനുള്ള കരാര്‍ ഒപ്പിടാന്‍ പോവുകയാണ്. 

അക്ഷരാര്‍ത്ഥത്തില്‍  ഇതൊരു സ്വപ്ന സാക്ഷാത്ക്കാര നിമിഷമാണ്. ഇന്ത്യയ്ക്കാകെ അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിത്. സത്യത്തില്‍  അയല്‍  രാജ്യങ്ങള്‍ക്കു കൂടി ഉതകുന്നതാണ് ഇത്ര വലിയ ഒരു തുറമുഖത്തിന്റെ സാന്നിധ്യം. അതുകൊണ്ടുതന്നെ, സമീപ രാജ്യങ്ങള്‍ക്കു വരെ അഭിമാനകരമാണിത്.

വിഴിഞ്ഞം ചരിത്ര പ്രസിദ്ധമാണ്. ഇതിന്റെ തുറമുഖം എന്ന നിലയ്ക്കുള്ള വിപുലമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന ചിന്ത രാജഭരണ കാലത്തേയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കും കേരളപ്പിറവിക്കും ഒക്കെ ശേഷമുള്ള സര്‍ക്കാരുകള്‍ ആ ചിന്ത വലിയതോതില്‍ പ്രതിധ്വനിപ്പിച്ചിട്ടുമുണ്ട്. 

2006 സെപ്റ്റംബര്‍ 18 നാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2007 മാര്‍ച്ച് ഒമ്പതിനാണ് വി ഐ എസ് എല്ലിനെ നോഡല്‍ ഏജന്‍സിയാക്കിയുള്ള റീടെണ്ടര്‍ ഉത്തരവു വരുന്നത്. 2007 ജൂലൈ 31 നാണ് വ്യവസ്ഥകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ടെണ്ടര്‍ ക്ഷണിച്ചത്. 2009 നവംബര്‍ 13 ന് പദ്ധതി പഠനത്തിനായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ നിയോഗിച്ചു. 2010 ല്‍  ടെണ്ടര്‍ നടപടികളാവുന്നു. പിന്നീട് കേസും നിയമനടപടികളും ഉള്‍പ്പെടെ കുരുക്കുകളായി. 

ചൈനീസ് കമ്പനിയാണു വരുന്നത് എന്നു പറഞ്ഞ് ചിലര്‍ ആക്ഷേപം ഉയര്‍ത്തിയതും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതും ഒക്കെ ചരിത്രം. ഈ പദ്ധതിക്കു വേണ്ടി 2012 ല്‍  എല്‍ഡിഎഫ് നടത്തിയ ജനകീയ കണ്‍വെന്‍ഷനുകളും 212 ദിവസം നീണ്ട ജനകീയ സമരവും ഇതിന്റെ നാള്‍വഴിയില്‍ സ്ഥാനം പിടിക്കുന്നുണ്ട്. 2013ല്‍   പിന്നീട് ഗ്ലോബല്‍ ടെണ്ടറുകളായി. 

എന്നാല്‍ 2016 ല്‍  ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍  വന്നശേഷം കണ്ടത് കുതിച്ചുയരുന്ന നിര്‍മ്മാണ പ്രവര്‍ത്തനമാണ്. ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ ഇതു പരിശോധിച്ചും ഇടപെട്ടും കൊണ്ടിരുന്നു. കാര്യക്ഷമമായ ആ പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ഗ്രൂപ്പിന്റെ പ്രതിബദ്ധമായ പ്രവര്‍ത്തനങ്ങളും ഏകോപിച്ചു. അതിന്റെ ഫലമാണ് നാം ഇന്ന് ആഘോഷിക്കുന്ന ഈ അഭിമാനമുഹൂര്‍ത്തം. 

ഈ പദ്ധതിയുടെ നിര്‍വ്വഹണ ഘട്ടത്തില്‍  പലവിധ തടസ്സങ്ങളുമുണ്ടായി. അതിലേക്കൊന്നും ഇപ്പോള്‍ കടക്കേണ്ടതില്ല. എന്നാല്‍ , നമ്മുടെ കൂട്ടായ ഇച്ഛാശക്തിയും ദൃഢനിശ്ചയവുമാണ് ഇന്ന് ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്ന നിലയുണ്ടാക്കിയത് എന്നു മാത്രം സൂചിപ്പിക്കുന്നു. 2017 ജൂണില്‍ത്തന്നെ ബര്‍ത്തുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നു. 

എന്നാല്‍ അതിനുശേഷമുണ്ടായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി നിശ്ചയിച്ച സമയക്രമത്തെ പ്രതികൂലമായി ബാധിച്ചു എന്നത് വസ്തുതയാണ്. അത്തരം പ്രതിസന്ധികളെ മറികടന്നുകൊണ്ടു കൂടിയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കുന്നത്. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയര്‍ന്നുവരുമ്പോള്‍ അത് നമ്മുടെ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം ഒന്നുകൂടി വര്‍ധിക്കും.  അതില്‍ അസഹിഷ്ണുതയുള്ള ചില അന്താരാഷ്ട്ര ലോബികള്‍ പോലും ഇത് യാഥാര്‍ത്ഥ്യമാവാതിരിക്കാന്‍ രംഗത്തുണ്ടായിരുന്നു. വിഴിഞ്ഞം അങ്ങനെ ഉയരുന്നത് പല വാണിജ്യ ലോബികള്‍ക്കും ഇഷ്ടമായിരുന്നില്ല. അവരും രംഗത്തുണ്ടായിരുന്നു. ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് സ്ഥാപിത താല്‍പര്യങ്ങളോടെ ചിലര്‍ നടത്തിയ പ്രക്ഷോഭവും ഇതിനോടു ചേര്‍ത്ത് കാണേണ്ടതുണ്ട്. എന്നാല്‍  അതിനൊക്കെ മേലേ നമ്മുടെ കൂട്ടായ ഇച്ഛാശക്തിയും നിര്‍വ്വഹണശേഷിയുമുണ്ടായി. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയരണമെന്ന കാര്യത്തില്‍  നമുക്കു പണ്ടേ വ്യക്തമായ നിലപാടുണ്ടായിരുന്നു. ഒരു കാര്യത്തില്‍  മാത്രമായിരുന്നു നിഷ്‌ക്കര്‍ഷ. അതിനെ അഴിമതിക്കുള്ള വഴിയായോ ചൂഷണത്തിനുള്ള ഉപാധിയായോ ആരും മാറ്റരുത് എന്നതായിരുന്നു അത്. ആ ഒരു അപകടസാധ്യതയെക്കുറിച്ച് നാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ സാധ്യതകളുടെ എല്ലാ പഴുതുകളും അടച്ചുകൊണ്ടു തന്നെ ഈ തുറമുഖത്തെ ഈ വിധത്തില്‍  സര്‍വ്വസജ്ജമാംവിധം പുനരുജ്ജീവിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതില്‍  നമുക്കെല്ലാം അഭിമാനിക്കാം. 

അന്താരാഷ്ട്ര കപ്പല്‍  ചാലിന്റെ കേവലം 11 നോട്ടിക്കല്‍ മൈലിനുള്ളില്‍  സ്ഥിതി ചെയ്യുന്നതും പ്രകൃതിദത്തമായ 20 മീറ്റര്‍ സ്വാഭാവിക ആഴമുള്ളതുമായ തുറമുഖമാണിത്. മുഖ്യ കടല്‍ പ്പാതയോട് ഇത്രമേല്‍ അടുത്തുനില്‍ക്കുന്ന മറ്റൊരു തുറമുഖം ഇന്ത്യയിലില്ല. 

ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം ട്വന്റി ഫുട്ട് ഇക്വലന്റ് യൂണിറ്റ് കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖമായി ഇതു മാറും. ഈ തുറമുഖം സമയബന്ധിതമായി ഈ വിധത്തില്‍  പൂര്‍ത്തിയാക്കാന്‍ പ്രത്യേക ശ്രദ്ധയും കരുതലുമാണ് സര്‍ക്കാര്‍ കാട്ടിയത്. 2021ല്‍ പുലിമുട്ടിന്റെ നീളം ഭാഗികമായി മാത്രമാണ് തയ്യാറാക്കുവാന്‍ സാധിച്ചത്, കേവലം 650 മീറ്റര്‍. 


ആ ഘട്ടത്തില്‍  നിര്‍മ്മാണോത്പന്നങ്ങളുടെ ലഭ്യതക്കുറവ് ചെറിയ തോതിലുള്ള പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് തുറമുഖനിര്‍മ്മാണം തടസ്സപ്പെട്ടുകൂട എന്ന ലക്ഷ്യത്തോടെ പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുകയായിരുന്നു. പ്രതിമാസ അവലോകനങ്ങള്‍ നടത്തി, ദൈനംദിന അവലോകനങ്ങള്‍ക്ക് പ്രത്യേക മൊബൈല്‍  ആപ്പ് തന്നെ തയ്യാറാക്കി. 


സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട ഓരോ ഘടകത്തിന്റെയും സമയകൃത്യത ഉറപ്പാക്കി. 2022 ജൂണ്‍ 30 ന് ഇലക്ട്രിക് സബ്‌സ്റ്റേഷനും അതേത്തുടര്‍ന്ന് പ്രധാന സബ്‌സ്റ്റേഷനും പൂര്‍ത്തിയാക്കി. കഴിഞ്ഞ ഏപ്രില്‍  മാസത്തിലാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത്. മേയ് മാസത്തില്‍  വര്‍ക്ക്‌ഷോപ്പ് കെട്ടിടം പൂര്‍ത്തിയാക്കി. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍  ആദ്യ കപ്പല്‍  ഇവിടെ എത്തിച്ചേര്‍ന്നിരുന്നു.

തുടക്കത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അതിവേഗത്തിലാണ് പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ 2,960 മീറ്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇതില്‍  2,500 മീറ്ററോളം അക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് വിഴിഞ്ഞം മുതല്‍  ബാലരാമപുരം വരെ 11 കിലോമീറ്റര്‍ പ്രകൃതിസൗഹൃദ തുരങ്ക റെയില്‍വേ പാത നിര്‍മ്മിക്കുന്നതിന് ഡി പി ആര്‍ സമര്‍പ്പിക്കുകയും അതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. 

പോര്‍ട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന്റെ 35 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 6,000 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കുന്ന ഔട്ടര്‍ റിങ്ങ് റോഡുകൂടി വരുന്നതോടെ ഈ പദ്ധതി വലിയ നേട്ടം ഉണ്ടാക്കുക തന്നെ ചെയ്യും. 

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിലും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളിലും എത്രമാത്രം ശ്രദ്ധയാണ് സര്‍ക്കാര്‍ ചെലുത്തുന്നതെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാകും. 800 മീറ്റര്‍ കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ 400 മീറ്റര്‍ പ്രവര്‍ത്തനസജ്ജമാണ്. സ്വീഡനില്‍  നിന്നു കൊണ്ടുവന്ന 31 അത്യാധുനിക റിമോട്ട് കണ്‍ട്രോള്‍ഡ് ക്രെയിനുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 


വിഴിഞ്ഞം തുറമുഖത്തിന് 8,867 കോടി രൂപയാണ് ആകെ മുതല്‍ മുടക്ക്. ഇതില്‍  5,595 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് വഹിക്കുന്നത്. അതുകൊണ്ടു തന്നെ വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ തുറമുഖമാണ്. രാജ്യത്ത് ആദ്യമായി തുറമുഖ നിര്‍മ്മാണത്തിനായി യൂണിയന്‍ സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അംഗീകരിച്ചത് ഈ തുറമുഖത്തിന് വേണ്ടിയാണെന്ന പ്രത്യേകതയുമുണ്ട്. 

അദാനി കമ്പനിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാതാക്കളും നടത്തിപ്പുകാരും. ആ നിലയ്ക്ക് പബ്ലിക് പ്രൈവറ്റ് പാര്‍ട് ണര്‍ഷിപ്പിന്റെ ഉത്തമ മാതൃകയായി വളരേണ്ട സംരംഭമാണിത്. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കുന്നതിന്  കാട്ടിയ മുന്‍കൈയും സഹകരണവും മുന്‍നിര്‍ത്തി അദാനി ഗ്രൂപ്പിനെ അഭിനന്ദിക്കുന്നു.

തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു. ആ നിലയ്ക്ക് ഈ സര്‍ക്കാരിന് കേരളത്തിലെ ജനങ്ങളോടുള്ള, പ്രത്യേകിച്ച് അടിസ്ഥാനവര്‍ഗ്ഗങ്ങളോടുള്ള കരുതലിന്റെയും പ്രതിബദ്ധതയുടെയും കൂടി ദൃഷ്ടാന്തമാണ് ഈ തുറമുഖം.

നിര്‍മ്മാണം ആരംഭിച്ചശേഷം പല ഘട്ടങ്ങളിലായി വിഴിഞ്ഞം നിവാസികള്‍ വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. അവയുടെ പരിഹാരത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 

5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. തുറമുഖാധിഷ്ഠിത തൊഴി പരിശീലനത്തിന് 50 കോടി രൂപ ചിലവില്‍  ട്രെയിനിംഗ് സെന്റര്‍ കൂടി ഒരുക്കിക്കൊണ്ട് കൂടുതല്‍  ചെറുപ്പക്കാര്‍ക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍  ഉള്‍പ്പെടുത്തി നടപ്പാക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തില്‍  5,000 കോടി രൂപയുടെ പാക്കേജ് സംസ്ഥാനത്ത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം, കേരളം രാജ്യത്തിനാകെ നല്‍കുന്ന സംഭാവനയും സമ്മാനവുമാണ് വിഴിഞ്ഞം തുറമുഖം.

ഈ തുറമുഖം പൂര്‍ണ്ണതോതില്‍  പ്രവര്‍ത്തനസജ്ജമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നര്‍ ബിസിനസിന്റെ കേന്ദ്രമായിട്ട് കേരളം മാറും എന്നാണ് കണക്കാക്കപ്പെടുന്നത്. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍  വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം തുറമുഖം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധ വ്യവസായങ്ങള്‍ക്ക് അനന്തമായ സാധ്യതയാണ് ഈ പ്രദേശത്ത് കാണുന്നത്. അവ പ്രയോജനപ്പെടുത്തുവാന്‍ മറ്റ് വാണിജ്യ വ്യവസായ രംഗങ്ങളിലെ സംരംഭകരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകള്‍ എത്തിച്ചേരുന്നത് സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കും. വിഴിഞ്ഞം തുറമുഖം വഴി കേരളത്തിലേക്ക് ചരക്കിറക്കുമ്പോള്‍ അതിന്റെ മൂല്യത്തിന്മേല്‍  ഇന്റഗ്രേറ്റഡ് ജി എസ് ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിന് ലഭിക്കും. ഇതിനു പുറമെ ചരക്കുകള്‍ ലോഡ് ചെയ്യുന്നതിനും അണ്‍ലോഡ് ചെയ്യുന്നതിനുമുള്ള ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകള്‍ക്ക് നല്‍കുന്ന മറ്റു സേവനങ്ങളുടെ ഫീസിന്മേലും നികുതി ലഭിക്കും. കപ്പലുകള്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കും.

സാധാരണ സാമ്പത്തിക അവസ്ഥകളില്‍ പോലും സാധ്യമാവാത്ത കാര്യങ്ങളാണ് സാമ്പത്തിക വൈഷമ്യത്തിന്റെ കാലയളവില്‍  നമ്മള്‍ നടപ്പാക്കിയത്. ഇത് ചരിത്രം സൃഷ്ടിക്കല്‍  തന്നെയാണ്. എന്നാല്‍  നമ്മള്‍ ഇവിടെ വിശ്രമിക്കുകയല്ല ചെയ്യുന്നത്. മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തുകയാണ്. അതിനായി വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും എല്ലാം കേരളത്തെ പരിവര്‍ത്തിപ്പിക്കുകയാണ്. ഈ മാറ്റം സാധ്യമാക്കുന്നതില്‍  വ്യവസായ-വാണിജ്യ മേഖലയ്ക്കു വലിയ പങ്ക് വഹിക്കാന്‍ കഴിയും. അതിന് ഊര്‍ജ്ജം പകരുന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പൂര്‍ത്തീകരണം. അത് സമയബന്ധിതമായി തന്നെ പൂര്‍ണതോതില്‍ സാധ്യമാക്കും എന്ന ഉറപ്പ് കേരളത്തിനാകെ നല്‍കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia