എവിടെപ്പോയി മാവേലിക്കര രാമചന്ദ്രന്‍?

 


തിരുവനന്തപുരം: (www.kvartha.com 26.09.2014) മാവേലിക്കര രാമചന്ദ്രന്‍ എവിടെപ്പോയി എന്ന് ഉല്‍കണ്ഠപ്പെടുന്ന സുഹൃത്തുക്കളുടെ നിരതന്നെയുണ്ട് ഡല്‍ഹിയിലും തിരുവനന്തപുരത്തും. അദ്ദേഹം മടങ്ങിവന്നെങ്കില്‍ എന്നായിരുന്നു ആദ്യമൊക്കെഅവരുടെ ആഗ്രഹം. ഇപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു. എവിടെയെങ്കിലും ഉണ്ടെന്നും കുഴപ്പമൊന്നുമില്ലാതെ ജീവിക്കുന്നുവെന്നും അറിഞ്ഞാല്‍ മതി. പക്ഷേ, ആ അറിവും കിട്ടുന്നില്ല ഒരിടത്തു നിന്നും. പ്രമുഖ സാഹിത്യകാരന്‍ സക്കറിയ മുതല്‍ സെക്രട്ടേറിയറ്റിന് എതിര്‍വശം സ്റ്റാച്യു ജംഗ്ഷനില്‍ പുസ്തകക്കട നടത്തുന്ന രമേശ് വരെയുള്ള സുഹൃത്തുക്കളോട് ഒരക്ഷരം പറയാതെ മാവേലിക്കര രാമചന്ദ്രന്‍ അപ്രത്യക്ഷനായിട്ട് രണ്ടു വര്‍ഷമായി.

ആകാശവാണി ഡല്‍ഹി നിലയത്തില്‍ അനൗണ്‍സറായി റിട്ടയര്‍ചെയ്തു തിരുവനന്തപുരത്തു വന്നു താമസിച്ചിട്ട് 15 വര്‍ഷത്തോളമായിരുന്നു. സ്വദേശം പേരുസൂചിപ്പിക്കുന്നതുപോലെ മാവേലിക്കര. അവിവാഹിതന്‍. സാഹിത്യകാരനോ സാംസ്‌കാരിക പ്രവര്‍ത്തകനോ ഒന്നുമായിരുന്നില്ല. ഗോപന്‍, ശങ്കരനാരായണന്‍ തുടങ്ങിയവരെയൊന്നും പോലെ സവിശേഷമായ വാര്‍ത്താ അവതരണശൈലിയുടെ ഉടമയായി ശ്രദ്ധ നേടിയുമില്ല. പക്ഷേ, സഹൃദയനായിരുന്നു.

രാജ്യ തലസ്ഥാനത്തു ജോലി ചെയ്യുമ്പോഴും പെന്‍ഷന്‍കാരനായി സംസ്ഥാന തലസ്ഥാനത്തു ജീവിക്കുമ്പോഴും സുഹൃത്തുക്കള്‍ക്കും അവരുടെസുഹൃത്തുക്കള്‍ക്കും സഹായിയായിരുന്നു. കലയും സാഹിത്യവുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ എന്ന വലിയ സമ്പാദ്യം കരുത്തും ദൗര്‍ബല്യവുമായി കൊണ്ടുനടന്ന ഒരാള്‍. തകഴിയുടെയും കാക്കനാടന്റെയും അരവിന്ദന്റെയും സുഹൃത്തായിരുന്നു രാമചന്ദ്രന്‍. കാണാതാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുമുതല്‍ അദ്ദേഹംരോഗിയായിരുന്നു. പിടലിക്ക് ബാധിച്ച രോഗം ശസ്ത്രക്രിയയിലൂടെ വഷളായപ്പോള്‍ മുഖമുയര്‍ത്താന്‍ കഴിയാതായി. തല ഉയര്‍ത്തി അന്തസോടെ നടന്ന കാലത്തുനിന്ന് പൊടുന്നനെ, കഴുത്തു തൂങ്ങിയ നിലയിലായത് അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നുവെന്ന് സുഹൃത്തായിരുന്ന വി.ആര്‍. പിള്ള പറയുന്നു.

അടൂര്‍ഗോപാലകൃഷ്ണന്റെ ഒട്ടുമിക്ക സിനിമകളിലുംസ്വയം തയ്യാറായിമുഖംകാണിച്ചിരുന്നു അദ്ദേഹം. എടുത്തു പറയത്തക്ക വേഷങ്ങളില്‍, അഭിനയം എന്നു പറയാവുന്ന വിധത്തിലുള്ള സാന്നിധ്യമായിരുന്നില്ല അതൊന്നും. പക്ഷേ, അടൂരിനും മാവേലിക്കരയെ ഇഷ്ടമായിരുന്നതുകൊണ്ട് അദ്ദേഹം ചെറിയ ഒരിടം എപ്പോഴും കരുതിവച്ചു എന്നു പറയുന്നതാകും ശരി. എല്ലാവരെയും സ്‌നേഹിക്കുകയും സഹായിക്കുകയും മാത്രം ചെയ്‌യതിനു പ്രത്യുപകാരമായി അടൂരിന്റെ ഒരുതരം സ്‌നേഹപ്രകടനം.

സുഹൃത്തായ മധു നായരുടെ ശംഖുമുഖത്തെ ഫഌറ്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അവിടെ സുഹൃത്തുക്കളെല്ലാമായി ഒരു ഒത്തുചേരല്‍ ആഗ്രഹിക്കുകയും അതെക്കുറിച്ച് പലരോടും പറയുകയും ചെയ്തിരുന്നുവെന്ന് മറ്റൊരുസുഹൃത്ത് രാധാകൃഷ്ണന്‍ തമ്പി ഓര്‍മിക്കുന്നു. പക്ഷേ, അതു നടന്നില്ല. ഒരുകാറില്‍ ആരോ വന്നെന്നും അവര്‍ക്കൊപ്പം പോയെന്നും മറ്റും പറഞ്ഞുകേട്ടതല്ലാതെ അദ്ദേഹത്തിന്റെ തിരോധാനത്തേക്കുറിച്ച് തമ്പിക്കു കാര്യമായ വിവരമൊന്നുമില്ല. മാവേലിക്കരയില്‍ ബന്ധുക്കള്‍ക്കൊപ്പം ജീവിക്കുന്നുണ്ടാകും എന്ന് ആശ്വസിക്കുകയും ചെയ്യുന്നു അദ്ദേഹം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് തന്നെ സ്‌നേഹിക്കുകയും തിരയുകയും ചെയ്യുന്ന സുഹൃത്തുക്കളില്‍ നിന്ന് മറഞ്ഞു നില്‍ക്കുന്നു?' അത്ഓരോ ആളിന്റെയും സ്വകാര്യ തീരുമാനമല്ലേ' എന്നാണ് തമ്പിയുടെ വിശദീകരണം.

ഏതായാലും കാണാതായ ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് വലിയതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജി.എന്‍. പണിക്കര്‍, അഡ്വ. റഹീം, വള്ളക്കടവ് ഷാഫി, പത്രപ്രവര്‍ത്തകനായിരുന്ന വിതുര ബേബി തുടങ്ങിയവരാണ് അതിനു മുന്‍കൈ എടുത്തത്. വിതുര ബേബി ഇന്നു ജീവിച്ചിരിപ്പില്ല. അന്വേഷണം എന്തായി എന്ന് ആദ്യമൊക്കെ എല്ലാവരും താല്‍പര്യം കാട്ടിയിരുന്നു. പിന്നീട് അവരവരുടെ ജീവിതത്തിരക്കുകളില്‍ പെട്ടുപോകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന താല്‍പര്യക്കുറവു സംഭവിച്ചു. പക്ഷേ, അത് മറവിയല്ലെന്ന് വള്ളക്കടവ് ഷാഫി പറയുന്നു.

പരാതികൊടുത്ത് ആറുമാസത്തോളം കഴിഞ്ഞ് പോലീസ് ഷാഫിയെ വിളിച്ചു, വിശദമായി ഒന്നുകൂടി മൊഴിയെടുക്കാന്‍. പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നുകൂടി പറഞ്ഞു. പിന്നീട്, ആളെ കണ്ടെത്തി എന്നറിയിച്ച് തുമ്പ സിഐ വിളിച്ചു. ഷാഫിയും അഡ്വ. റഹീമും അങ്ങോട്ടു പുറപ്പെട്ടെങ്കിലും എത്തും മുമ്പ് വീണ്ടും വിളിച്ച സിഐ പറഞ്ഞത് ആളുമാറിപ്പോയി എന്നാണ്. അത് മാവേലിക്കരയെപ്പോലെ താടിനീട്ടിയ, മെലിഞ്ഞ മറ്റാരോ ആയിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സുഹൃത്തുക്കള്‍ പരാതിയുടെ പകര്‍പ്പ് നല്‍കിയിരുന്നു. അതിന്മേല്‍ മന്ത്രിയുടെഓഫീസ് നടപടി ആവശ്യപ്പെട്ടപ്പോഴാണ് പോലീസ് രണ്ടാമതും മൊഴിയെടുത്തത്.

ഡല്‍ഹിയിലായിരുന്നപ്പോള്‍ കേരളത്തില്‍ നിന്ന് എത്തുന്ന ആരുടെയും ആതിഥേയനാകാന്‍ ഇഷ്ടപ്പെട്ടിരുന്നു മാവേലിക്കര. അവര്‍ എഴുത്തും വായനയുമായി ബന്ധമുള്ളവരാണെങ്കില്‍ കൂടുതല്‍ സന്തോഷം. അങ്ങനെയാണ് തകഴിയും മറ്റും പലപ്പോഴും അതിഥിയായത്. തകഴിയുടെ പ്രശസ്തമായ പിശുക്കും മാവേലിക്കരയുടെ നേരേവിപരീത സ്വഭാവവും ചേര്‍ന്നപ്പോള്‍ രണ്ടുപേര്‍ക്കും സന്തോഷമായി എന്നു തമാശ പറയാറുണ്ടായിരുന്നത്രേ സുഹൃത്തുക്കള്‍. ഡല്‍ഹി ജീവിതകാലത്ത് ഉണ്ടായിരുന്ന കാര്‍കൂടുതല്‍ ഓടിയിട്ടുള്ളത് സുഹൃത്തുക്കള്‍ക്കു വേണ്ടിയായിരുന്നു. ആ കാര്‍ പോലുംവിശ്വസിച്ച ആരോ അധികവിലയ്ക്ക് തലയില്‍ കെട്ടിവച്ചതാണെന്നും വൈകി മാത്രം പുറത്തുവന്നിരുന്നു. കളങ്കമില്ലാത്തവര്‍ക്ക് എപ്പോഴും സംഭവിക്കാവുന്ന അബദ്ധം. പക്ഷേ, അതിലും അദ്ദേഹത്തിനു വിഷമമൊന്നുമുണ്ടായിരുന്നില്ല.

'മിക്കപ്പോഴും കറുത്ത മുണ്ടും ഷര്‍ട്ടുമാണ് വേഷം. പക്ഷേ, വെളുത്ത മനസായിരുന്നു. സ്വന്തമായി ഒരുപാടു നഷ്ടങ്ങള്‍ സംഭവിച്ചപ്പോഴും അതൊന്നും വകവയ്ക്കാതെ സുഹൃത്തുക്കളുടെ സന്തോഷം ലാഭമായി കരുതി.' വി.ആര്‍. പിള്ളപറയുന്നു. 'ഒളിച്ചു പോവുകയോ എന്തിന്റെയെങ്കിലും പേരില്‍ കുറ്റബോധത്തോടെ മാറിനില്‍ക്കുകയോ ചെയ്യേണ്ട കാര്യമുള്ളയാളല്ല മാവേലിക്കര. രോഗത്തിന്റെ ദു:ഖത്തില്‍ അദ്ദേഹം സ്വയം തീരുമാനിച്ച് മാറിനില്‍ക്കുന്നതാകാം.' തമ്പിയുടെ പ്രതീക്ഷ അങ്ങനെയാണ്.

സുഹൃത്തുക്കള്‍ തമ്മില്‍ മാവേലിക്കരയുടെ തിരോധാനത്തെക്കുറിച്ചു മിക്കപ്പോഴും സംസാരിക്കുന്നു, അദ്ദേഹത്തിന്റെ നന്മകളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. അദ്ദേഹത്തെ തേടിപ്പിടിക്കാനാകുന്നില്ലല്ലോ എന്ന വിഷമവും സ്വസ്ഥമായി ജീവിക്കുന്നെങ്കില്‍ അങ്ങനെയാകട്ടെ എന്ന ആശംസയും ഒരേപോലെ അവരിലുണ്ട്. പക്ഷേ, മരണം പോലെയല്ല തിരോധാനം. എവിടെ, ഏത് അവസ്ഥയിലായിരിക്കും ഇപ്പോള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ടയാള്‍ എന്ന ആധി. അത് വേദനയായും വിങ്ങലായും എന്നേക്കും നിലനില്‍ക്കും. അതിന്റെ മൂര്‍ധന്യത്തിലാണ് അവരിലേറെപ്പേരും ആഗ്രിച്ചുപോകുന്നത്. എവിടെയെങ്കിലും ഉണ്ടെന്നും കുഴപ്പമൊന്നുമില്ലെന്നും അറിയാന്‍ കഴിഞ്ഞെങ്കില്‍.
എവിടെപ്പോയി മാവേലിക്കര രാമചന്ദ്രന്‍?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Mavelikkara Ramachandran, Kerala, Missing, Police Case, Investigation, Where is Mavelikkara Ramachandran?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia