Inflation | കമ്പോളങ്ങളിലെ വിലക്കയറ്റം പിടിച്ചുനിർത്താത്തതിന് പിന്നിൽ ആരുടെ കൈകൾ? കേരളത്തിൽ മാറേണ്ട കാര്യങ്ങൾ
മിന്റാ മരിയ തോമസ്
(KVARTHA) ജനജീവിതം ദുസഹമാകുന്ന അവസ്ഥയിലേയ്ക്ക് വിലക്കയറ്റം എത്തുകയാണ്. പച്ചക്കറിക്കും നിത്യോപയോഗസാധങ്ങൾക്കും ഇപ്പോൾ പൊള്ളുന്ന വിലയാണ് മാർക്കറ്റിൽ. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള യാതൊരു നടപടിയും സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നത് പൊതുസമൂഹത്തെ അമ്പരിപ്പിക്കുന്നതാണ്. പച്ചക്കറി വിലയാണെങ്കിൽ കമ്പോളത്തിൽ ദിവസം ചെല്ലുന്തോറും കുത്തനെ കൂടുന്ന കാഴ്ചയാണ് കാണുന്നത്. വിപണിയിൽ ഇതുവരെ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
കേരളത്തിൽ ജില്ല തിരിച്ചുള്ള മാർക്കറ്റുകളുടെ അവസ്ഥയും ഇതുതന്നെയാണ്. എവിടെയും കൊള്ളവിലയ്ക്ക് കച്ചവടം പൊടിപൊടിയ്ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതിൻ്റെ പിന്നിലെ നിജസ്ഥിതി എന്താണ്? കേരളത്തിലെ ഒരു ചന്തയിലോ കടയിലോ സാധനത്തിൻ്റെ വില കൂടുന്നേ എന്നു വിളിച്ചു പറയുകയല്ല വേണ്ടത്. കേരളത്തിൽ വരുന്ന സാധനത്തിൻ്റെ വില എവിടെ വച്ചു കൂടുന്നു എന്ന് കണ്ടുപിടിച്ച് അത് ജനങ്ങളോട് പറയുകയാണ് വേണ്ടത്. അതോടൊപ്പം വീട്ടുമുറ്റത്ത് എന്തെങ്കിലുമൊക്കെ കൃഷി ചെയ്യാൻ വേണ്ട ആവശ്യകതയും ബോധവൽക്കരണവും കൂടി ജനങ്ങൾക്ക് നൽകാൻ ഇവിടുത്തെ സർക്കാരിനും മാധ്യമങ്ങൾക്കും ഒക്കെ കഴിഞ്ഞാൽ ഇവിടുത്തെ പച്ചക്കറിയുടെ വിലയെങ്കിലും ഒരു പരിധി വരെ പിടിച്ചു നിർത്താനാകും.
വർഷം തോറും കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനത്തു പച്ചക്കറിയുടെ വില കൂടി പോലും. ഇതു പറയുന്നതു പോലും ശരിക്കും നാണക്കേട് ഉണ്ടാക്കുന്ന വസ്തുതയാണ്. കൃഷി ചെയ്യുന്ന കർഷകർ കടക്കെണിയിൽ ആണ്. അവർ സമൂഹത്തെ ഉദ്ധരിക്കാൻ കൃഷിയ്ക്ക് ഇറങ്ങുമ്പോൾ അതിൻ്റെ ചെലവിന് വരുന്ന ലാഭം പോലും കർഷകന് കിട്ടുന്നില്ലെന്നാണ് വാസ്തവം. പാവപ്പെട്ട കർഷകൻ ഇവിടെ കടക്കെണിയിലും ആകുന്നു. വീട് വരെ പണയപ്പെടുത്തിയാകും ഇവിടുത്തെ കർഷകൻ കൃഷിപ്പണിയ്ക്ക് ഇറങ്ങിയത്. ഒടുവിൽ കടം കയറി ഒരു തുണ്ട് കയറിൽ കയറി ജീവിതം തന്നെ അവസാനിപ്പിക്കുന്ന അവസ്ഥയിലാകുന്നു. ഇവിടം സ്വർഗമാക്കാൻ ശ്രമിക്കുന്ന കർഷകർക്ക് വേണ്ട പ്രോത്സാഹനം സർക്കാർ ചെയ്തുകൊടുത്താൽ ഒരുപരിധിവരെ വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിക്കും.
അതിനായി കർഷകനെ ഉദ്ധരിക്കുന്ന യാതൊന്നും കേരളത്തിൽ തുടർച്ചയായി വരുന്ന സർക്കാരുകൾ ചെയ്യുന്നില്ലെന്നതാണ് വാസ്തവം. ഇവിടെയുള്ള ആളുകൾക്ക് പച്ചക്കറിക്കും നിത്യോപയോഗ സാധനങ്ങൾക്കുമായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് തന്നെ ഗതികേട് ആണ്. അത് പറഞ്ഞറിയിക്കാൻ വയ്യാത്തതുമാണ്. തമിഴ് നാട് പോലെയുള്ള അയൽ സംസ്ഥാനങ്ങളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഒരുപാട് സഹായങ്ങൾ അവിടുത്തെ സർക്കാരുകൾ ചെയ്യുന്നുണ്ടെന്ന് ഓർക്കണം. അതുകൊണ്ട് തന്നെ അവിടെ വിളയിച്ച വിളകൾ കേരളത്തിൽ കൊണ്ടു വിൽക്കുമ്പോൾ അവർക്ക് ചാകരയാണ്. ഇതൊക്കെ തന്നെയാണ് കമ്പോളങ്ങളിൽ പച്ചക്കറിക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും ഇവിടെ വിലകൂടാൻ കാരണം.
കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇവിടേയ്ക്ക് കൊണ്ടുവരുന്ന പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിൽപനയ്ക്ക് വെയ്ക്കുമ്പോൾ വിലപേശൽ നടത്തി ഡിമാൻ്റ് വർദ്ധിപ്പിക്കാൻ ഇവിടെ ഇടനിലക്കാരും ഉണ്ട്. കൂടാതെ വലിയ സൂപ്പർമാർക്കറ്റിൽ ചെന്ന് എന്ത് വിലകൊടുത്തും വാങ്ങുന്നവരും ഇവിടെയുണ്ട്. അതുകൊണ്ട് ഈ വിഷയം പൊതുവിഷയം ആകാതെ വരുന്നതും വില വർദ്ധനയ്ക്ക് കാരണമാകുന്നു. ഫലമോ പാവപ്പെട്ടവൻ്റെ നടുവാണ് ഒടിക്കുന്നത്. മുൻപ് ഇവിടെ സ്ത്രീകളുടെ നേതൃത്വത്തിൽ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നുണ്ടായിരുന്നു. അന്ന് ഭരിച്ച സർക്കാർ അതിന് വലിയ പ്രോത്സാഹനവും നൽകിയിരുന്നു. ഇപ്പോൾ അതും കാണാനില്ലാതായിരിക്കുന്നു. ഏത് കാലവസ്ഥയാണ് മട്ടുപ്പാവിലെ കൃഷിക്ക് തടസമെന്നാണ് മനസിലാകാത്തത്.
വിലക്കയറ്റം സംബന്ധിച്ച് നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു സൂപ്പർ മാർക്കറ്റിൽ, വിൽപനയ്ക്ക് വെച്ച മാങ്ങയിൽ ഞെക്കരുത് വേണമെങ്കിൽ ബോളിൽ ഞെക്കാമെന്ന് എഴുതി വെച്ച് ഒരു ബോൾ തൂക്കിയിട്ടിക്കുന്ന ചിത്രം വൈറലായിരുന്നു. ആളുകൾ ഞെക്കി മാങ്ങ നശിപ്പിച്ചാൽ വില്പനക്കാരന് നഷ്ടമാണ് നേരിടേണ്ടി വരിക. വിലക്കയറ്റം ഉള്ളത് കൊണ്ടാണ് ഇങ്ങനയൊക്കെ ബോർഡ് വെക്കേണ്ടി വരുന്നതെന്ന് നെറ്റിസൻസ് ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ കേരളം കൃഷിയ്ക്ക് അനുയോജ്യമായ സംസ്ഥാനമാണ്. കാലാവസ്ഥകൊണ്ടും ഭൂപ്രകൃതി കൊണ്ടും മികച്ച ശുദ്ധജലവും ഒക്കെ കൊണ്ടും ഏറ്റവും മെച്ചപ്പെട്ട നിലയിൽ കൃഷി പ്രോത്സാഹിപ്പിക്കാവുന്ന സംസ്ഥാനമാണ് നമ്മുടെ ഈ കൊച്ചു കേരളം. അതിന് തയാറെടുക്കുന്നവരുടെ മനം മടുപ്പിക്കാതെ അതിന് വേണ്ടുന്ന പ്രോത്സാഹനം ഒരോ കാലത്തും ഭരിക്കുന്ന സർക്കാരുകൾ നൽകിയാൽ ഇവിടെ പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലകുറയും.
ഇപ്പോൾ ധാരാളം പ്രദേശങ്ങൾ ഒരു കൃഷിയും ചെയ്യാതെ വെറുതെ കിടക്കുന്നുണ്ട്. അവിടെയൊക്കെ കൂട്ടുകൃഷിക്ക് വേണ്ട പ്രോത്സാഹനവും വായ്പ സഹായങ്ങളും സബ്സിഡിയും ഒക്കെ നൽകണം. അങ്ങനെ കൃഷിയെയും കർഷകനെയും പ്രോത്സാഹിപ്പിച്ചാൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലകുറയും എന്ന് മാത്രമല്ല, ധാരാളം ചെറുപ്പക്കാർക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാവുകയും ചെയ്യും. ഒപ്പം ഇവിടം സ്വർഗമായിത്തീരുന്ന അവസ്ഥ സംജാതമാകും.