Aralam farm | തമ്പടിച്ച് കാട്ടാനകൾ; ആറളം ഫാം അടച്ചുപൂട്ടലിലേക്ക്

 


കണ്ണൂർ: (www.kvartha.com) കാട്ടാന ശല്യം ശമനമില്ലാതെ തുടരുന്നതിനിടെ ആറളം ഫാമിന്റെ സ്ഥിതി കൂടുതൽ സങ്കീർണമായി. ആറളം ഫാമിൽ ആറാം ബ്ലോകിൽ കക്കുവയ്ക്ക്‌ സമീപം കാട്ടാന കൂട്ടം കീഴ്പ്പള്ളി- പാലപ്പുഴ റോഡരികിൽ സ്ഥിരമായി താവളമാക്കിയതോടെ ഇതുവഴിയുള്ള രാത്രി യാത്ര അസാധ്യമായി. കാട്ടാന ശല്യം കാരണം കക്കുവയിൽ ഏർപെടുത്തിയ സെക്യൂരിറ്റി ജീവനക്കാരുടെ രാത്രി ഡ്യൂടിയും ഫാം അധികൃതർ ഒഴിവാക്കി. കഴിഞ്ഞ ദിവസം സെക്യൂരിറ്റി ഓഫീസിന് സമീപം എത്തിയ ആനക്കൂട്ടം റോഡരികിൽ നേരത്തെ ഹോടലായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർത്തിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളർന്ന് പന്തലിച്ചു നിന്ന മുളച്ചെടികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
  
Aralam farm | തമ്പടിച്ച് കാട്ടാനകൾ; ആറളം ഫാം അടച്ചുപൂട്ടലിലേക്ക്

കഴിഞ്ഞ ഒരുമാസത്തിലധികമായി ആനക്കൂട്ടം ഇവിടങ്ങളിലാണ് രാത്രികാലങ്ങളിൽ താവളമാക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നു. റോഡിലും റോഡിനോട് ചേർന്ന ഭാഗത്തുമായി സ്ഥിരമായ ആനകളെ കണ്ടതോടെ ഇതുവഴി രാത്രി ആറിന് ശേഷം സ്ഥിരമായി പോകുന്ന വാഹനങ്ങൾ പോലും പോകാതെയായിട്ടുണ്ട്. അവിചാരിതമായി എത്തുന്നവരും പ്രദേശത്തെ ആനഭീഷണി അറിയാത്തവരുമാണ് ഇപ്പോൾ ഇതു വഴി പോകുന്നുള്ളു. നിരവധി ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയോട് ചേർന്ന പ്രദേശമാണിത്. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പ്രദേശവാസികളാരും പുറത്തിറങ്ങാറില്ല.

കീഴ്പ്പള്ളിയും ആറളം ഫാമുമായി അതിർത്തി പങ്കിടുന്ന കക്കുവ പുഴയോട് ചേർന്ന ഭാഗത്താണ് ആനഭീഷണി രൂക്ഷമായിരിക്കുന്നത്. ഫാമിന്റെ അധീനതയിലുള്ള ഭൂമിയിൽ വളർന്നു നിൽക്കുന്ന മുളചെടി തിന്നാനാണ് ആനക്കൂട്ടം എത്തുന്നത്. വൈകിട്ട് ആറുമണിയോടെ ഒറ്റയാനായും കൂട്ടമായും എത്തുന്ന ആനക്കൂട്ടം പുലർചെ അഞ്ചുമണിവരെയെങ്കിലും മേഖലയിൽ ഉണ്ടാകും. ഫാമിൽ കൂടുതൽ റബർ കൃഷിയുള്ള പ്രദേശമായതിനാൽ ടാപിങ് തൊഴിലാളികളുടെ അനക്കവും വെളിച്ചവും കാണുന്നതോടെയാണ് ആനക്കൂട്ടം റോഡരികിൽ നിന്നും നീങ്ങുന്നത്. ഇവിടെ കൂട്ടത്തോടെ എത്തുന്ന പത്തിലധികം ആനകളുണ്ടെന്നാണ് പറയുന്നത്. ആനശല്യം രൂക്ഷമായതോടെ പുലർചെയുള്ള ടാപിങ് തൊഴിലും വൈകിയാണ് ആരംഭിക്കുന്നത്.

ആറളം ഫാം നിലവിൽ വന്നതുമുതലുള്ള സുരക്ഷാ സംവിധാനമാണ് ആന ഭീഷണി മൂലം ഇല്ലാതായിരിക്കുന്നത്. ഫാമിന്റെ അതിർത്തിയായ കക്കുവയിലും പലപ്പുഴയിലും രണ്ട് സുരക്ഷാ ഓഫീസുകളാണ് ഉണ്ടായിരുന്നത്. ഫാം കേന്ദ്ര സർകാറിന്റെ അധീനതയിൽ ഉള്ളതുമുതൽ തുടങ്ങിയതായിരുന്നു. എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായാണ് സുരക്ഷ ഒരുക്കിയിരുന്നത്. ഫാമിലേക്ക് വരുന്നതും പോകുന്നതുമായ ഏത് വാഹനവും പരിശോധനയ്ക്ക് വിധേയമായിരുന്നു. ഫാമിലെ വിഭവങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം അനധികൃത കടന്നു കയറ്റവും തടയുകയായിരുന്നു ലക്ഷ്യം. ആന ഭീഷണി രൂക്ഷമായതോടെ കക്കുവ അതിർത്തിയിൽ രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയായി ചുരുക്കി. ആന സെക്യൂരിറ്റി ഓഫീസിന് മുന്നിൽ വരെ എത്തിയതോടെയായിരുന്നു രാത്രി സുരക്ഷ ഒഴിവാക്കിയത്. പാലപ്പുഴ ഓഫീസിന് സമീപം പലപ്രവശ്യം കാട്ടാന എത്തിയതോടെ ഇവിടെ രാത്രി ഡ്യൂടിക്ക് രണ്ട് പേരെയാണ് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്.

സെക്യൂരിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തു നിന്നും രണ്ട് വർഷം മുമ്പ് റെജിയെന്നയാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പ്രദേശത്തെ കൈതച്ചക്ക കൃഷിക്ക് കാവൽ നിൽക്കുമ്പോഴാണ് ആനയുെടെ പിടിയിലായത്. ഇതോടെ മേഖലയിലെ താമസക്കാരും ഭീതിയിലാണ്. ഇപ്പോൾ ആനക്കൂട്ടം വൻതോതിൽ എത്തിയതോടെ പ്രദേശവാസികൾക്ക് ഉറക്കമില്ലാത രാത്രികളാണ്. വനമേഖലയിൽ നിന്നും കിലോമീറ്റർ അകലെയുള്ള പ്രദേശമായിട്ടും ആനകലെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ഒന്നും ഉണ്ടാകുന്നില്ല.


ഫാമിന്റെ അധീനതയിലുള്ള റബറും കശുമാവും വിളഞ്ഞ പ്രദേശങ്ങളിൽ ആവർത്തന കൃഷിക്കായി മുറിച്ചുമാറ്റിയ കൃഷിക്ക് പകരം കൃഷിയിറക്കാഞ്ഞതിനാൽ പ്രദേശം വനത്തിന് സമാനമായ കാടായി വളർന്നു നിൽക്കുകയാണ്. ഇവിടങ്ങളിൽ പകൽ സമയങ്ങളിൽ താവളമാക്കിയ ആനക്കൂട്ടമാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഫാമിന്റെ കൃഷിയിടത്തിൽ നിന്നും ആയിത്തിലധികം തെങ്ങും അതിൽ കൂടുതൽ കശുമാവും മറ്റു വിളകളും ആനക്കൂട്ടം നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ആനപ്രതിരോധ സംവിധനങ്ങൾ വിവാദമായി മാറുമ്പോൾ ആറളം ഫാം അടച്ചു പൂട്ടലിനടുത്തേക്ക് നീങ്ങുകയാണെന്നാണ് സൂചന.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia