Controversy | അന്‍വര്‍ ഇനി അധികം മിണ്ടരുത്! വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ഫോര്‍മുലയുമായി സിപിഎമ്മും സര്‍ക്കാരും; അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കാര്യമായ അന്വേഷണം
Controversy | അന്‍വര്‍ ഇനി അധികം മിണ്ടരുത്! വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ഫോര്‍മുലയുമായി സിപിഎമ്മും സര്‍ക്കാരും; അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കാര്യമായ അന്വേഷണം
● ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ ഭാവിക്ക് ദോഷകരമാകുമെന്ന വിലയിരുത്തലില്‍ പാര്‍ട്ടി.
● ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാറിനെ പ്രതികൂട്ടിലാക്കുന്നതായതുകൊണ്ട് ഒതുക്കി തീര്‍ക്കാന്‍ ശ്രമം
തിരുവനന്തപുരം: (KVARTHA) നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. പ്രതിപക്ഷവും ഭരണപക്ഷത്തുള്ള ചിലരെങ്കിലും സംഭവം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ ഭാവിക്ക് ദോഷകരമാകുമെന്ന വിലയിരുത്തലില്‍ സമവായ ഫോര്‍മുലയുമായി സിപിഎമ്മും സര്‍ക്കാരും.
ഇതിന്റെ ഭാഗമായി എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കാര്യമായ അന്വേഷണം ഉണ്ടാകും. എന്നാല്‍ അന്‍വര്‍ ഇനി അധികം മിണ്ടരുതെന്നും പരസ്യ പ്രതികരണം നടത്തരുതെന്നുമാണ് സിപിഎം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാറിനെ പ്രതികൂട്ടിലാക്കുന്നതായതുകൊണ്ട് വിഷയം എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.
അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റുമെന്ന് നേതൃത്വം അന്‍വറിനെ അറിയിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. അന്‍വറിന്റെ ഓരോ ആരോപണങ്ങളും സര്‍ക്കാരിന്റെ ഭാവിയെ തന്നെ തുലാസിലാക്കുകയാണ്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേകാന്വേഷണ സംഘം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫോര്‍മുലയിലൂടെ പാര്‍ട്ടി പ്രശ്‌നം പരിഹരിക്കാനൊരുങ്ങുന്നത്.
അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേല്‍ക്കുന്ന തരത്തിലേക്ക് മാറുന്നത് സിപിഎം കരുതലോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അന്‍വര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ ആവശ്യമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് സിപിഎം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ നിരന്തരം അന്‍വര്‍ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പരാതി രേഖാമൂലം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ചില പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന തെറ്റായ നീക്കങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന അന്‍വറിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ മാമിയുടെ തിരോധാനത്തില്‍ സമഗ്രാന്വേഷണം ഉണ്ടാകുമെന്ന ഉറപ്പ് അന്‍വറിന് ലഭിച്ചതായുള്ള വിവരം പുറത്തുവരുന്നുണ്ട്. സ്വര്‍ണം പൊട്ടിക്കല്‍, ക്വട്ടേഷന്‍ അടക്കമുള്ള ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് അന്‍വറിനോട് സിപിഎമ്മും സര്‍ക്കാരും അറിയിച്ചിട്ടുള്ളതെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കൃത്യമായ തെളിവുകളില്ലാത്തതിനാലും ആരോപണമായി മാത്രം നിലനില്ക്കുന്ന സാഹചര്യത്തിനാലും വിഷയത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പ്രതിസന്ധിയായി വരും എന്നതിനാലും ഇത് ഒഴിവാക്കിക്കൊണ്ടുള്ള നീക്കങ്ങളായിരിക്കും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുക. പിവി അന്‍വര്‍ പരസ്യമായി ഇത്തരം ആരോപണം ഉന്നയിക്കുന്നതില്‍ നിന്ന് മിതത്വം പാലിക്കണമെന്ന നിര്‍ദേശമാണ് സിപിഎമ്മും സര്‍ക്കാരും മുന്നോട്ടു വെച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് മന്ത്രിസഭാ യോഗവും ഇടതുമുന്നണിയോഗവും ചേരുന്നുണ്ട്. ഇതില്‍ കൂടുതല്‍ വ്യക്തത ഉണ്ടായേക്കും.
അതിനിടെ എഡിജിപി എംആര്‍ അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചത് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. ബുധനാഴ്ച എല്‍ഡിഎഫ് യോഗം നടക്കാനിരിക്കെയാണ് അവധി അപേക്ഷ പിന്‍വലിക്കാന്‍ അജിത്കുമാര്‍ കത്തു നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.
അതിന്റെ ചൂടാറും മുന്നേയാണ് അവധി പിന്‍വലിക്കാനുള്ള അജിത് കുമാറിന്റെ നീക്കം. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുമ്പോഴേക്കും അജിത് കുമാറിന് മറ്റൊരു സ്ഥാനം നല്‍കുമെന്നായിരുന്നു സിപിഎം നേതാക്കളും കരുതിയിരുന്നത്. എന്നാല്‍ അതിനെ വെല്ലുന്ന ട്വിസ്റ്റാണ് രാവിലെയോട് പുറത്തുവന്നത്. സര്‍ക്കാരിലെ ഉന്നതരുടെ പിന്തുണയില്ലാതെ അജിത് കുമാര്‍ ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് ഘടകക്ഷികളും സിപിഎമ്മിലെ ചില നേതാക്കളുടെയും വിശ്വാസം. ചൊവ്വാഴ്ച മലപ്പുറം പൊലീസ് ചീഫ് എസ് ശശിധരന്‍ അടക്കം ആരോപണ വിധേയരായ പലര്‍ക്കും സ്ഥാനചലനങ്ങള്‍ ഉണ്ടായിട്ടും അജിത്തിന്റെ കസേര കുലുങ്ങിയിരുന്നില്ല.
സ്ഥലം മാറ്റപ്പെട്ടവരേക്കാള്‍ അന്‍വറിന്റെ പരാതിയില്‍ ഗൗരവമുള്ള പ്രശ്‌നം ഉണ്ടായത് എഡിജിപിക്കും പി ശശിക്കുമെതിരായ പരാതിയിലായിരുന്നു. എന്നാല്‍ മലപ്പുറം പൊലീസ് ചീഫ് അടക്കമുള്ളവരെ കൂട്ടത്തോടെ സ്ഥലംമാറ്റി തല്‍ക്കാലം അന്‍വറിനെ തണുപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നാണ് സൂചന. അന്‍വറിന്റെ അനിഷ്ടത്തിന് ഇരയായവരാണ് സ്ഥലം മാറ്റപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍.
ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം പിവി അന്‍വര്‍ എംഎല്‍എയും സര്‍ക്കാരും തമ്മിലുള്ള ഒത്തുതീര്‍പ്പാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. അജിത് കുമാറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മൗനം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞദിവസം കോവളത്ത് നടത്തിയ പ്രസംഗത്തിലും ആര്‍ എസ് എസ് ബന്ധത്തെ പ്രതിരോധിക്കാന്‍ ശ്രമം നടത്തിയ മുഖ്യമന്ത്രി, എഡിജിപി അജിത് കുമാറിനെ സംബന്ധിച്ച വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു.
#Controversy #CPM #PVAnvar #PinarayiVijayan #ADGPAjithKumar #PoliticalCrisis