Panchayat | സംസ്ഥാനത്തെ ഒരു പഞ്ചായത് കലക്ടർ ഭരിക്കുമോ? മെയ് 8ന് അറിയാം

 


കാസർകോട്: (www.kvartha.com) സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവമായി ഒരു ഗ്രാമപഞ്ചായതിന്റെ ഭരണം ജില്ലാ കലക്ടർ ഏറ്റെടുക്കുമോയെന്ന് മെയ് എട്ടിന് അറിയാം. കാസർകോട് ജില്ലയിലെ മംഗൽപാടി പഞ്ചായതിനെതിരെയാണ് കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് ശക്തമായ നടപടിക്കൊരുങ്ങുന്നത്.

Panchayat | സംസ്ഥാനത്തെ ഒരു പഞ്ചായത് കലക്ടർ ഭരിക്കുമോ? മെയ് 8ന് അറിയാം

കാലങ്ങളായി മംഗൽപാടി പഞ്ചായതിൽ മാലിന്യ പ്രശ്‌നം രൂക്ഷമാണ്. ദേശീയ പാതയടക്കം വഴിയോരങ്ങളിലും വിവിധ സ്ഥലങ്ങളിലുമെല്ലാം മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുകയാണ്. കടകൾ, ഫ്‌ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നാണ് പരാതി. ഇങ്ങനെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ ദുരിതം വിതയ്ക്കുന്നത്. പഞ്ചായതിലെ പ്രധാന പട്ടണമായ ഉപ്പളയിലേക്ക്, മാലിന്യത്താൽ ദുർഗന്ധം വമിക്കുന്നത് മൂലം മൂക്ക് പൊത്തിപോകേണ്ട അവസ്ഥയാണുള്ളത്.

ജില്ലാ കലക്ടർ തന്നെ നേരിട്ട് ഇടപെട്ടിട്ടും മുന്നറിയിപ്പുകൾ നൽകിയിട്ടും മാലിന്യ പ്രശ്‌നത്തിന് അറുതിവരുത്താനായിട്ടില്ല. പഞ്ചായത് ഭരണസമിതിക്കും ഇതുസംബന്ധിച്ച് പലതവണ നിർദേശങ്ങൾ നൽകിയിട്ടും ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കലക്ടർ ചരിത്രപരമായ തീരുമാനത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.

മംഗൽപാടി പഞ്ചായതിലെ മാലിന്യ പ്രശ്നം മെയ് എട്ടിനകം പരിഹരിച്ചില്ലെങ്കിൽ പഞ്ചായത് ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്നും ഇതുസംബന്ധിച്ച് ഭരണസമിതിക്ക് ഉത്തരവ് കൈമാറിയതായും കലക്ടർ
വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പഞ്ചായത് ഡെപ്യൂടി ഡയറക്ടറുമായും ഭരണ സമിതിയോടും ഇത് സംബന്ധിച്ച കാര്യങ്ങൾ പല തവണ ചർച നടത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

മാലിന്യം നീക്കം ചെയ്യുന്ന കാര്യത്തിൽ പല നടപടികളും കൈകൊണ്ടതായി പഞ്ചായത് അധികൃതർ അറിയിച്ചിട്ടുണ്ട്. 500 ഓളം വീടുകളിൽ എത്തി നോടീസ് കൈമാറി. ഫ്‌ലാറ്റുകളിലെ താമസക്കാരോടും മാലിന്യം വലിച്ചെറിഞ്ഞാൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയതായും കലക്ടർ പറഞ്ഞു. മംഗൽപാടിയിലെ മാലിന്യ പ്രശ്‌നം ഗൗരവമേറിയ വിഷയമായത് കൊണ്ടാണ് സംസ്ഥാനത്തെ മറ്റൊരു ജില്ലയിലും സ്ഥലത്തും നടപ്പാക്കിയിട്ടില്ലാത്ത രീതിയിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നാണ് കലക്ടർ പറയുന്നത്.

ദുരന്ത നിവാരണ നിയം പ്രകാരം കഴിഞ്ഞ മാർച് ഏഴിനാണ് ഉത്തരവ് പഞ്ചായതിന് നൽകിയത്. മാലിന്യ നീക്കത്തിന് ഒരുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ പുരോഗതി വിലയിരുത്താൻ മെയ് എട്ടിന് അവലോകന യോഗം നടക്കും. അതിന് മുമ്പ് മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പഞ്ചായത് ഭരണം കലക്ടറുടെ കൈകളിൽ എത്തുമോയെന്ന് കണ്ടറിയാം.

Keywords: News, Kerala, Kasaragod, Panchayat, Collector, Mangalpady, House, Notice, Garbage,   Will collector rule a panchayat?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia