Investigation | പ്രശാന്തിനെതിരെ കുരുക്ക് മുറുകുമോ? സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന കോൺഗ്രസ് നേതാവിന്റെ പരാതിയിൽ വിജിലൻസ് മൊഴിയെടുത്തു
● വിജിലൻസ് സൂപ്രണ്ട് അബ്ദുൽ റസാഖ് പരാതിക്കാരനായ മോഹനനെ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു.
● സർക്കാർ സർവീസിലിരിക്കെ വ്യവസായ സംരംഭം തുടങ്ങുന്നതിനായി അപേക്ഷിച്ചതിന് പ്രശാന്തിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
കണ്ണൂർ: (KVARTHA) കണ്ണൂർ എ.ഡി.എം നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തിനെതിരെ വിജിലൻസ് അന്വേഷണം തുടരുന്നു. കണ്ണൂർ കോർപ്പറേഷൻ മുൻ മേയറും കോൺഗ്രസ് നേതാവുമായ ടി.ഒ മോഹനൻ, പ്രശാന്തിന്റെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ മോഹനന്റെ മൊഴിയെടുക്കുന്നതിനായി കോഴിക്കോട്ടെ വിജിലൻസ് സംഘം ശനിയാഴ്ച ഉച്ചയോടെ കണ്ണൂരിലെത്തി. വിജിലൻസ് സൂപ്രണ്ട് അബ്ദുൽ റസാഖ് പരാതിക്കാരനായ മോഹനനെ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനായ പ്രശാന്തിന് എങ്ങനെയാണ് എ.ഡി.എമ്മിന് കൈക്കൂലി കൊടുക്കാനായി ഒരു ലക്ഷം രൂപ കിട്ടിയതെന്ന് മോഹനൻ തന്റെ പരാതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ, കോടികളുടെ നിക്ഷേപത്തിൽ പെട്രോൾ പമ്പ് തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ് പ്രശാന്തിന് എവിടെ നിന്നു ലഭിച്ചു എന്നും, ഇതിന് പിന്നിൽ ബിനാമി ഇടപാടുകൾ ഉണ്ടോ എന്നും മോഹനൻ സംശയിക്കുന്നു. അടുത്ത ദിവസങ്ങളിൽ പ്രശാന്തിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും.
സർക്കാർ സർവീസിലിരിക്കെ വ്യവസായ സംരംഭം തുടങ്ങുന്നതിനായി അപേക്ഷ നൽകിയതിന് പ്രശാന്തിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.