പണിമുടക്ക് ദിവസം കെ എസ് ആര് ടി സി ബസ് യാത്രയ്ക്കിടെ തന്നെ ഉപദ്രവിച്ചയാളെ സിനിമാ സ്റ്റൈലില്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്പിച്ച് 21 കാരി; അഭിനന്ദനവുമായി നടി നവ്യാ നായര്‍ അടക്കമുള്ളവര്‍
Mar 31, 2022, 18:26 IST
കാസര്‍കോട്: (www.kvartha.com 31.03.2022) പണിമുടക്ക് ദിവസം കെ എസ് ആര് ടി സി ബസില്‍ യാത്ര ചെയ്യുന്നതിനിടെ തന്നെ ഉപദ്രവിച്ചയാളെ സിനിമാ സ്റ്റൈലില്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്പിച്ച് 21 കാരി. കരിവെള്ളൂര്‍ കുതിരുമ്മലെ പി തമ്പാന് പണിക്കരുടെയും ടി പ്രീതയുടെയും മകള്‍ പി ടി ആരതിയാണ് തന്നെ ഉപദ്രവിച്ചയാളെ കാഞ്ഞങ്ങാട് ടൗണില്‍ വെച്ച് സിനിമാ സ്റ്റൈലില്‍ പിടികൂടിയത്.
സംഭവത്തില്‍ പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. കരിവെള്ളൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ആരതി കയറിയ കെ എസ് ആര് ടി സി ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള് ലുങ്കിയും ഷര്‍ടും ധരിച്ച ഒരാള്‍ ശല്യം ചെയ്യാന്‍ തുടങ്ങി.
പലതവണ മാറിനില്ക്കാന് ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള സഹയാത്രികര്‍ ആരും സംഭവത്തില്‍ പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക് പൊലീസിനെ വിളിക്കാന്‍ ബാഗില്‍നിന്ന് ഫോണെടുത്തു. ഇതിനിടെ പ്രതി രക്ഷപ്പെട്ടാല്‍ പരാതി നല്കുമ്പോള് ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോടോയുമെടുത്തിരുന്നു.
ബസ് കാഞ്ഞങ്ങാട്ടെത്തിയതോടെ പ്രതി ഇറങ്ങിയോടി. വിട്ടുകൊടുക്കാന്‍ തയാറാകാതെ പിന്നാലെ ആരതിയും ഇറങ്ങി. ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. ഒടുവില്‍ പ്രതി ലോടറി സ്റ്റാളില്‍ കയറി ലോടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പൊലീസിനെ വിവരമറിയിച്ചു.
ഉടന്‍ തന്നെ കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരം സാമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെ, 'ഒരുത്തീ'യിലെ നായിക നവ്യാ നായര്‍ അടക്കമുള്ളവര്‍ ആരതിയുടെ ധൈര്യത്തെയും ചെറുത്തുനില്പിനെയും പുകഴ്ത്തി രംഗത്തെത്തി.
'ആരതി മറ്റൊരുത്തീ ... ഒരുത്തീ 🔥🔥🔥' എന്ന അടിക്കുറിപ്പോടെയാണ് വിവരം നവ്യാനായര്‍ പങ്കുവെച്ചത്. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി കോളജിലെ എന്‍ സി സി സീനിയര്‍ അന്‍ഡര്‍ ഓഫിസറായിരുന്നു. ഇതിനു മുന്‍പും ബസില്‍വെച്ച് ഇത്തരമൊരു അനുഭവമുണ്ടായപ്പോള്‍ പൊലീസില്‍ പരാതിപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
Keywords: Woman chased the man who abused in bus, Kasaragod, News, Abuse, KSRTC, Complaint, Police, Arrested, Kerala, Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.