ഉറങ്ങുന്നതിനിടെ തീപൊള്ളലേറ്റ കാന്‍സര്‍ രോഗിയായ വീട്ടമ്മ വെന്തുമരിച്ചു; മാനസിക വെല്ലുവിളികള്‍ നേരിടുന്ന 19 കാരനായ മകന്‍ തീപ്പെട്ടിയുരച്ചപ്പോള്‍ തീ പടര്‍ന്നതെന്ന് നിഗമനം
Mar 16, 2022, 12:24 IST
കാഞ്ഞിരപ്പള്ളി: (www.kvartha.com 16.03.2022) ഉറങ്ങുന്നതിനിടെ തീപൊള്ളലേറ്റ കാന്‍സര്‍ രോഗിയായ വീട്ടമ്മ വെന്തുമരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് പരിസരവാസികളെ കണ്ണീരിലാഴ്ത്തിയ സംഭവം. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പന്‍(47) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് ലൂസിയുടെ വസ്ത്രത്തില്‍ തീപിടിച്ചത്. ഉറക്കത്തില്‍നിന്ന് ലൂസി ഞെട്ടി ഉണര്‍ന്നപ്പോഴേയ്ക്കും തീ നിയന്ത്രിക്കാനാവാത്ത വിധം പടര്‍ന്നിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന മറ്റുമക്കള്‍ അയല്‍വാസിയുടെ സഹായത്തോടെയാണ് ലൂസിയെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഇവര്‍ മരിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ലൂസിയോടൊപ്പം കിടന്നിരുന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്ന 19 കാരനായ മകന്‍ തീപ്പെട്ടിയുരച്ചതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ഉറങ്ങിയ ശേഷമാണ് സാധാരണ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തെ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിന് മുന്‍പ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മകനെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കി സര്‍ടിഫികറ്റ് സഹിതം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വിശദമാക്കി. ലൂസിയുടെ മറ്റുമക്കള്‍: ജയ്‌സന്‍, ജോയ്‌സ്, ജോമോന്‍, ജോജി എന്നിവരാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.