കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്; കൊല നടന്നത് 7 വയസുകാരന്‍ മകന്റെ മുന്നില്‍ വച്ച്; പ്രതി കസ്റ്റഡിയില്‍
Jan 1, 2022, 21:38 IST
കടയ്ക്കല്‍: (www.kvartha.com 01.01.2022) കൊല്ലം കടയ്ക്കലില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. കോട്ടപ്പുറം ലതാമന്ദിരത്തില്‍ ജിന്‍സിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഏഴുവയസുകാരന്‍ മകന്റെ മുന്നില്‍വെച്ചാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ജിന്‍സിയും ദീപുവും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ജിന്‍സി ജിന്‍സിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്. വൈകിട്ടോടെ ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്.
ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. തുടര്‍ന്ന് കുട്ടി ഓടിരക്ഷപ്പെട്ട് അല്‍പം അകലെയുള്ള കടയിലെത്തി വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും ജിന്‍സി ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. നാട്ടുകാര്‍ ജിന്‍സിയെ കടയ്ക്കല്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറച്ച് ഉള്‍പ്രദേശത്താണ് ജിന്‍സിയുടെ വീട്. അതുകൊണ്ടു തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുകയും ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷം ബൈകില്‍ രക്ഷപ്പെട്ട ദീപു, പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപെര്‍ വൈസറായിരുന്നു ജിന്‍സി. ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതാവാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിന്‍സി-ദീപു ദമ്പതികള്‍ക്ക്. ഒരു കുട്ടി ജിന്‍സിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.
Keywords: Woman Found Dead in House, Kollam, News, Local News, Killed, Police, Custody, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.