Vishnupriya's Death | വിഷ്ണുപ്രിയയുടെ അതിക്രൂരമായ അരുംകൊലയില്‍ നടുങ്ങി പാനൂര്‍

 


തലശേരി: (www.kvartha.com) പാനൂര്‍ വള്ള്യായി ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപത്തെ ഫാര്‍മസിസ്റ്റായ വിഷ്ണുപ്രിയ(അമ്മു- 23) യുടെ കൊലപാതകത്തിന്റെ നടുക്കത്തില്‍ നിന്നും വിട്ടുമാറാതെ വളള്യായി ഗ്രാമം. ഇന്നലെ വരെ കളിചിരികളുമായി നാട്ടുകാരോട് വര്‍ത്തമാനം പറഞ്ഞിരുന്ന അമ്മു ഇനിയില്ലെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.

വിഷ്ണുപ്രിയയുടെ അച്ഛന്‍ വിനോദിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കുടുംബവും ബന്ധുക്കളുമെല്ലാം തൊട്ടടുത്ത തറവാട്ടിലാണു താമസം. വസ്ത്രം മാറ്റുന്നതിനും മറ്റും സ്വന്തം വീട്ടില്‍ വന്നതായിരുന്നു വിഷ്ണുപ്രിയ. എന്നാല്‍ നേരമേറെ വൈകിയിട്ടും തറവാട്ടില്‍ തിരിച്ചെത്താത്ത വിഷ്ണുപ്രിയയെ അന്വേഷിച്ച് അമ്മയും മറ്റും വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.

Vishnupriya's Death | വിഷ്ണുപ്രിയയുടെ അതിക്രൂരമായ അരുംകൊലയില്‍ നടുങ്ങി പാനൂര്‍

വീട്ടില്‍ നിന്നും പെട്ടെന്നുയര്‍ന്ന നിലവിളി കേട്ട് ബന്ധുക്കളും സമീപവാസികളും ഓടിയെത്തി. വിശ്വസിക്കാനാവാത്ത കാഴ്ച അവരെ നടുക്കത്തിലാഴ്ത്തിയിരുന്നു. ശരീരത്തിലും തലയിലും 25ലേറെ മുറിവുകളുണ്ടെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപോര്‍ട്. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചതായും സംശയിക്കുന്നുണ്ട്. തൊട്ടുത്ത തറവാട് വീട്ടില്‍പോലും ഒരു നേരിയ തേങ്ങല്‍ പോലും കേള്‍പ്പിക്കാതെയാണ് പ്രതി കൃത്യം നിര്‍വഹിച്ച് മടങ്ങിപ്പോയത്.

തൊപ്പി ധരിച്ച ആളെ വീട്ടുമുറ്റത്ത് കണ്ടിരുന്നുവെന്ന് അയല്‍വാസി പറഞ്ഞെങ്കിലും വ്യക്തതയുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് കൂത്തുപറമ്പ് എ സി പി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി വീട് പൊലീസ് നിയന്ത്രണത്തിലാക്കി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉത്തരമേഖലാ റെയ്ഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ ഇളങ്കോയും വിഷ്ണുപ്രിയയുടെ വീട്ടിലെത്തി.

ദുരന്തവാര്‍ത്തയറിഞ്ഞ് മൊകേരിയിലെയും പരിസരങ്ങളിലെയും പ്രദേശങ്ങളിലുള്ള നൂറ് കണക്കിനാളുകള്‍ വീട്ടുമുറ്റത്തൊഴുകിയെത്തിയിരുന്നു. ജനപ്രതിനിധികളായ കെ മുരളീധരന്‍ എം പി, കെ പി മോഹനന്‍ എം എല്‍ എ മൊകേരി പഞ്ചായത് പ്രസിഡന്റ് പി വത്സന്‍ വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു.

Keywords: Woman found murdered at home, Thalassery, News, Murder, Trending, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia