പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തി 6 മാസം മുമ്പ് മാത്രം പരിചയപ്പെട്ട കാമുകനൊപ്പം നാടുവിട്ടു; പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍; ഒടുവില്‍ ഒന്നരമാസത്തിനുശേഷം കമിതാക്കള്‍ അറസ്റ്റില്‍
Mar 26, 2022, 14:17 IST
മഞ്ചേരി: (www.kvartha.com 26.03.2022) പിഞ്ചു കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കികിടത്തിയ ശേഷം ആറുമാസം മുമ്പ് മാത്രം പരിചയപ്പെട്ട കാമുകനൊപ്പം നാടുവിട്ടു. പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍. ഒടുവില്‍ ഒന്നരമാസത്തിനുശേഷം കമിതാക്കള്‍ അറസ്റ്റില്‍.
പുല്‍പറ്റ മംഗലന്‍ ശഹാന ശെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തില്‍ ഫൈസല്‍ റഹ് മാനെയുമാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. ചെന്നൈയിലെ ആണ്ടാള്‍ നഗര്‍ ഗ്രാമത്തില്‍ നിന്നുമാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ആറു മാസം മുന്‍പാണ് ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്ന് പരിചയപ്പെട്ടത്. തുടര്‍ന്ന് അടുപ്പത്തിലാവുകയായിരുന്നു.
രണ്ടു പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച് ഇരുവരും ബൈകില്‍ നാടുവിടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഇതോടെ വിദേശത്തായിരുന്ന യുവതിയുടെ ഭര്‍ത്താവ് നാട്ടിലെത്തി കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. ശഹാന ശെറിന്റെ പിതാവിന്റെ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും ഇട്ടിരുന്നു. ചെന്നൈയിലെ താമസ സ്ഥലത്ത് നിന്ന് 50 മുതല്‍ 80 കിലോമീറ്റര്‍ അകലെയുള്ള വിവിധ ഷോപിങ് മാളുകള്‍, ഫുഡ് കോര്‍ടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നതായുള്ള പോസ്റ്റുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇട്ടിരുന്നത്.
ഇതിനിടെ യുവതി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മറ്റൊരു സുഹൃത്ത് വഴി പുതിയ ഫോണും സിമും തരപ്പെടുത്തി. ഫോടോകളും വീഡിയോകളും ഫേസ്ബുകില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ടതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദിവസങ്ങളോളം തമിഴ്നാട്ടിലെ ചെന്നൈയില്‍ താമസിച്ച് കമിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളുടെയും ഫോടോകളുടെയും ഉറവിടം കണ്ടെത്തുകയും സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. പിന്നീട് ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ആവടി ജില്ലയിലെ വീരപുരം, ആണ്ടാള്‍ നഗര്‍ ഗ്രാമത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ എ ടി എമില്‍ നിന്നും ഒന്നില്‍ കൂടുതല്‍ തവണ ഇവര്‍ പണം പിന്‍വലിച്ചതായും കണ്ടെത്തി.
തുടര്‍ന്ന് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകള്‍ പരിശോധിച്ചതോടെ കമിതാക്കള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെത്തി. പിന്നാലെ ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി ഇരുവരേയും പിടികൂടുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത കമിതാക്കള്‍ക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് പ്രകാരമാണ് കേസെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ എസ് ഐ ബശീര്‍, എ എസ് ഐ കൃഷ്ണദാസ് പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ അനീഷ് ചാക്കോ, ദിനേഷ്, മുഹമ്മദ് സലീം എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
Keywords: Woman, lover held for abandoning minor kids, Malappuram, News, Eloped, Police, Arrested, Kerala, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.