Innovation | പ്രോബയോട്ടിക്സ് മുതൽ ബയോസീൽ വരെ; വനിതകളുടെ നൂതന ആശയങ്ങൾ; ശാസ്ത്രസാങ്കേതിക വിദ്യയുടെ ചിറകിലേറി യുവ സംരംഭകർ​​​​​​​

 
women entrepreneurs shine with innovative products in kerala
women entrepreneurs shine with innovative products in kerala

Image Credit: Police_erabgi_vaada

● തേനീച്ച കർഷകർക്ക് പുതിയ വിളവെടുപ്പ് സാങ്കേതിക വിദ്യ
● സ്വയം അടയ്ക്കുന്ന ബയോസീൽ കോൺക്രീറ്റ് നിർമ്മാണ രംഗത്ത് വിപ്ലവം

തിരുവനന്തപുരം: (KVARTHA) കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ യുവ വനിതാ സംരംഭകർ ശ്രദ്ധേയമായി. കെ.എസ്.യു.എമ്മും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയും കൈകോർത്ത വിമൺ റിസർച്ച് ആൻഡ് ഇന്നോവേഷൻ പ്രോജക്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴു യുവ വനിതാ സംരംഭകർ, ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നൂതനമായ ഉൽപ്പന്നങ്ങൾ മുന്നോട്ട് വച്ചു.

കുട്ടികൾക്കായുള്ള പ്രോബയോട്ടിക് സപ്ലിമെന്റ്

കുസാറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ. ബിന്ദ്യ ഇ. എസ്. വികസിപ്പിച്ച ‘നട്ട്ബാക്ക്’ എന്ന പ്രോബയോട്ടിക് ഹെൽത്ത് സപ്ലിമെന്റ് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ പുതിയൊരു അധ്യായം തുറന്നിരിക്കുന്നു. പ്രോബയോട്ടിക് ബാക്ടീരിയയെ അടിസ്ഥാനമാക്കിയുള്ള ഈ സപ്ലിമെന്റ് കുട്ടികളുടെ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള സംവേദനാത്മക ഉപകരണം

സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായ രേഷ്മ ജോസ് വികസിപ്പിച്ച സംവേദനാത്മക ഓഡിയോ പ്ലേബാക്ക് കളിപ്പാട്ടം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭാഷാ വികസനത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഉപകരണമാണ്. കുട്ടികൾക്ക് കഥകൾ, പാട്ടുകൾ എന്നിവ കേൾക്കാനും അവരുടെ സ്വന്തം അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യാനും കഴിയുന്ന ഈ ഉൽപ്പന്നം അവരുടെ ആശയവിനിമയ കഴിവുകൾ വളർത്താൻ സഹായിക്കുന്നു.

സ്വയം അടയ്ക്കുന്ന കോൺക്രീറ്റ്

ഡോ. പി എം മേഘയുടെ നേതൃത്വത്തിലുള്ള ഷെൽറ്റ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച ‘ബയോസീൽ’ എന്ന ഡ്രൈ മിക്‌സ് കോൺക്രീറ്റ് നിർമ്മാണ രംഗത്ത് ഒരു വിപ്ലവമാണ്. ബാഹ്യ ഇടപെടലിന്റെ ആവശ്യമില്ലാതെ വിള്ളലുകൾ സ്വയം അടയ്ക്കാനുള്ള ഈ കോൺക്രീറ്റിന്റെ കഴിവ് നിർമ്മാണ മേഖലയിൽ പുതിയ സാധ്യതകൾ തുറന്നിരിക്കുന്നു.

തേൻ വിളവെടുപ്പ് സാങ്കേതിക വിദ്യ

ബി മാസ്റ്റേഴ്‌സ് നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡോ. ശ്രുതി കെ. പി. യുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് വികസിപ്പിച്ചിട്ടുള്ള തേൻ വിളവെടുപ്പ് സാങ്കേതിക വിദ്യ തേനീച്ച കർഷകർക്ക് വലിയൊരു അനുഗ്രഹമാണ്. വിളവെടുപ്പ് വേളയിൽ തേൻ കലം സംരക്ഷിച്ച് ഓരോ സീസണിലും തേൻ വിളവ് വർദ്ധിപ്പിക്കാൻ കർഷകരെ സഹായിക്കുംവിധമാണ് ഈ ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മറ്റ് നൂതന ഉൽപ്പന്നങ്ങൾ

സമീകൃത ഒമേഗ-3 ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയ സപ്പ്‌ളിമെന്റ് വികസിപ്പിച്ച പി.എച്ച്.ഡി. സ്‌കോളറായ വിദ്യ മോഹനൻ, യൂണിവേഴ്‌സൽ ക്ലോറോമീറ്റർ വികസിപ്പിച്ച ഡോ ജീത്തു രവീന്ദ്രൻ, എൻ.ഐ. - ടി.ഐ. ഡെന്റൽ ഫയലുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന യന്ത്രം രൂപകൽപ്പന ചെയ്ത ഡോ. പാർവതി നാരായണൻ എന്നിവരാണ് പ്രോജക്റ്റിന്റെ ഭാഗമായ മറ്റു യുവ വനിതാ സംരംഭകർ.

കേരള സ്റ്റാർട്ടപ്പ് മിഷൻ അനുവദിച്ച ഗ്രാൻഡുകളുടെയും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെയും പിൻബലത്തിലാണ് ഈ യുവ വനിതാ സംരംഭകരുടെ സ്വപ്നങ്ങൾക്ക് ചിറകുവച്ചത്. തങ്ങളുടെ നൂതനമായ ഉൽപ്പന്നങ്ങൾക്ക് മികച്ച സ്വീകരണം വിപണിയിൽ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവസംരംഭകർ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia