ബോള്‍ഗാട്ടി ദ്വീപില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിനു സമീപം 24 ഏക്കറിലായി തയാറാക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ നാനൂറോളം സ്റ്റാളുകളാണൊരുക്കുന്നത്. ഇവിടെ നടത്തുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാരൂപങ്ങളും സാസ്‌കാരിക പരിപാടികളും പരമ്പരാഗത ചടങ്ങുകളും അരങ്ങേറും. ഡിസംബര്‍ 22ന് വിപുലമായ വെടിക്കെട്ടോടെയാണ് മേള തുടങ്ങുന്നത്. ജനുവരി ഒന്‍പതുവരെ നടക്കുന്ന മേളയില്‍ നിരവധി വര്‍ണ്ണാഭമായ വിനോദപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ജികെഎസ്എഫിന്റെ കഴിഞ്ഞ സീസണുകളില്‍ ഉയര്‍ന്നുവന്നിരുന്ന ആവശ്യം ഈ മേളയ്ക്ക് ആസ്ഥാനമായി ഒരു വേദി വേണമെന്നതായിരുന്നുവെന്ന് ടൂറിസം വകുപ്പു മന്ത്രി എ.പി. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ആറാമത്തെ സീസണിലെങ്കിലും ഈ ആവശ്യം നിറവേറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച് കൊച്ചിയില്‍ നടത്തിയ യോഗത്തില്‍ കൊച്ചി നഗരസഭ, വാണിജ്യ അസോസിയേഷനുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണം ഉറപ്പുനല്‍കിയിട്ടുണ്ട്. എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ലൂഡി ലൂയിസ്, അന്‍വര്‍ സാദത്ത്, കൊച്ചി മേയര്‍ ടോണി ചമ്മിണി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ കെ.എന്‍.മര്‍സൂക്ക്, കേരള വ്യാപാരി വ്യവസായി സമിതി പ്രതിനിധി ടി.എം.അബ്ദുല്‍ വാഹിദ്, ജി കെ എസ് എഫ് ഡയറക്ടര്‍ യു.വി. ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഹൈബി ഈഡന്‍, ഷെയ്്ക്ക് പരീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി 19 ദിവസം നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജിന്റെ തയാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കും.
ലക്ഷം ചതുരശ്ര അടിയില്‍ ജര്‍മ്മന്‍ മാതൃകയില്‍ രൂപകല്പന ചെയ്ത് പൂര്‍ണമായി എയര്‍ കണ്ടീഷന്‍ ചെയ്തായിരിക്കും ഗ്ലോബല്‍ വില്ലേജ് നിര്‍മിക്കുന്നത്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. നിര്‍മാണം ഉടന്‍ തുടങ്ങും. ഏഴു വിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള തീംപവലിയനുകള്‍ വാണിജ്യമേളയിലുണ്ടാകും. സംസ്ഥാന, ദേശീയ, രാജ്യാന്തര പവലിയനുകള്‍ക്കുപുറമെ കണ്‍സ്യൂമര്‍-ബ്രാന്‍ഡ് വിഭാഗവും കൈത്തറിയും തുണിത്തരങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക നെയ്ത്തു വിഭാഗവുമുണ്ടായിരിക്കും. വിശാലമായ ഫുഡ്‌കോര്‍ട്ടും മേളയുടെ ആകര്‍ഷണമായിരിക്കും.
ലോകനിലവാരമുള്ള പ്രദര്‍ശനമായിരിക്കും ഇതെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. നാട്ടുകാരും വിദേശികളുമായി പത്തുലക്ഷത്തോളം സന്ദര്‍ശകരെ ഗ്ലോബല്‍ വില്ലേജില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ദേശീയ, അന്തര്‍ദേശീയ പവിലിയനുകളില്‍ 30 സ്റ്റാളുകള്‍ വീതമുണ്ടാകും. പങ്കെടുക്കുന്ന രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും തനതായ പ്രത്യേക ഉല്പന്നങ്ങളും കലാരൂപങ്ങളും ഇവിടെയുണ്ടാകും. ബ്രാന്‍ഡ് പവലിയനില്‍ കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തെയും കമ്പനികളുടെ ഉല്പന്നങ്ങളും സേവനങ്ങളും അണിനിരത്തും. കണ്‍സ്യൂമര്‍ പവലിയന്‍ വീട്ടുപകരണങ്ങളുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കു മാത്രമായുള്ളതായിരിക്കും.
നെയ്ത്തു പവലിയന്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രശസ്ത ഉല്പന്നങ്ങളുമായെത്തുന്ന നെയ്ത്തുകാര്‍ക്കും തൊഴിലാളികള്‍ക്കുമായി മാറ്റിവയ്ക്കും. വാരണാസി സില്‍ക്ക്, ബാരബങ്കി സ്‌കാര്‍ഫ്, ബിജ്‌നൗര്‍ ഹോം ഫര്‍ണിഷിംഗ്, കുളു ഷാള്‍, സോണെപ്പൂരിലെയും ബാര്‍ഗറിലെയും ഇകത് സാരികള്‍, ചന്ദേരി കോട്ടണ്‍ സാരി എന്നിവയെല്ലാം ഈ വിഭാഗത്തിലൂണ്ടാകും. കരകൗശല ഉല്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, കയര്‍-റബര്‍ ഉല്പന്നങ്ങള്‍, കശുവണ്ടി, നാളികേര ഉല്പന്നങ്ങള്‍ എന്നിവയായിരിക്കും കേരള പവലിയിനുണ്ടാവുക. കളരി, ഉഴിച്ചില്‍, ആയുര്‍വേദ ചികിത്സാ രീതികള്‍ എന്നിവയ്ക്കുവേണ്ടി പ്രത്യേക വിഭാഗവുമുണ്ടായിരിക്കും.
ഉല്പന്നങ്ങള്‍ അണിനിരത്തുന്നതിനെക്കാള്‍ അവയുടെ നിര്‍മ്മാണ രീതികളും അതിലെ വൈദഗ്ധ്യവും ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുക എന്ന ധര്‍മ്മവും മേളയില്‍ നിര്‍വ്വഹിക്കപ്പെടുമെന്ന് മന്ത്രി ശ്രീ അനില്‍കുമാര്‍ പറഞ്ഞു. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങള്‍, കൈത്തറി കോര്‍പറേഷനുകള്‍ എന്നിവയുമായി ഇതിനോടകം മന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്.
ഗ്ലോബല്‍ വില്ലേജില്‍ എല്ലാ ദിവസവും കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തെയും വിഭവങ്ങളുമായി ഭക്ഷ്യമേളയുണ്ടായിരിക്കും. പല തരത്തിലുള്ള റൈഡുകളും ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും ജല വിനോദങ്ങളും പ്രത്യേക കലാപരിപാടികളും മേളയിലുടനീളമുണ്ടായിരിക്കും.
Keywords: Bolghatty Island Grand Kerala Shopping Festival, Kochi, Kerala, Lulu Convention, Global Village, Malayalam News, Kerala Vartha, Work to begin on GKSF Global Village in Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.