തോട്ടം പണിമുടക്ക് തിങ്കളാഴ്ച ; പെമ്പിളൈ ഒരുമയില്‍ ഭിന്നതയുണ്ടാക്കാന്‍ ട്രേഡ് യൂണിയനുകള്‍

 


ഇടുക്കി: (www.kvarta.com 28.09.2015) സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന അനിശ്ചിതകാല തോട്ടം പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുന്ന മൂന്നാറിലെ പെമ്പിളൈ ഒരുമൈയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം. ഇതേ തുടര്‍ന്ന് മൂന്നാര്‍ മുന്നേറ്റത്തിലെ നായികമാരില്‍ ഒരാളായ ഇന്ദ്രാണി പണിമുടക്കില്‍ പങ്കെടുക്കുമെന്ന്് അറിയിച്ചു. സി.ഐ.ടി.യു അംഗമാണ് ഇന്ദ്രാണി.

കഴിഞ്ഞദിവസം എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു യൂണിയനുകളുടെ നേതൃത്വത്തില്‍ ലയങ്ങള്‍ കയറിയിറങ്ങി തൊഴിലാളികളോട് ജോലിക്ക് പോകരുതെന്നും സമരത്തില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. ഓരോ ഡിവിഷനിലുമുള്ള യൂണിയനുകളുടെ സബ്കമ്മിറ്റികളുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ ഒപ്പം കൂട്ടാനുള്ള ശ്രമം നടക്കുന്നത്. തത്കാലം ട്രേഡ് യൂനിയനുകള്‍ക്കൊപ്പം സമരം ചെയ്യേണ്ടെന്ന നിലപാടിലാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈയിലുള്ള സ്ത്രീതൊഴിലാളികള്‍.

കങ്കാണിമാരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതായും സ്ത്രീതൊഴിലാളികളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മദ്യം നല്‍കി തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു. അതേ സമയം മൂന്നാറിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും സമരത്തില്‍ പങ്കെടുക്കുമെന്നാണ് യൂണിയനുകളുടെ അവകാശവാദം. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കീഴിലുള്ള തോട്ടങ്ങളിലെ തൊഴിലാളികളെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച രാവിലെ മൂന്നാര്‍ ടൗണില്‍ വമ്പിച്ച ജാഥ നടത്താനും യൂണിയനുകള്‍ ആലോചിക്കുന്നുണ്ട്. തിങ്കളാഴ്ച കെ.ഡി.എച്ച്.പി കമ്പനി മൂന്നാറില്‍ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അനൗദ്യോഗിക യോഗം വിളിച്ചിട്ടുണ്ട്.

ശനിയാഴ്ച മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന പി.എല്‍.സി യോഗത്തില്‍ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിച്ച് രണ്ട് മുറികളാക്കാനും ആശുപത്രികളില്‍ സ്‌കാനിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാനും തീരുമാനമായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ ശക്തമായി ഉന്നയിച്ച 500 രൂപ ദിവസ വേതനമെന്ന ആവശ്യം തോട്ടമുടമകള്‍ അംഗീകരിച്ചില്ല.

ഉത്പാദനം വര്‍ധിപ്പിക്കാതെ കൂലി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ ജോലിഭാരം വര്‍ധിപ്പിക്കാതെ കൂലിവര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യത്തില്‍ ട്രേഡ് യൂനിയനുകള്‍ ഉറച്ച് നില്‍ക്കുകയും കമ്പനികള്‍ ഇതിന് തയ്യാറാകാതിരിക്കുകയും ചെയ്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. 29ന് പി.എല്‍.സി യോഗം വീണ്ടും ചേരും.

തോട്ടം പണിമുടക്ക് തിങ്കളാഴ്ച ; പെമ്പിളൈ ഒരുമയില്‍ ഭിന്നതയുണ്ടാക്കാന്‍ ട്രേഡ് യൂണിയനുകള്‍


Also Read:
തെളിവെടുപ്പ് പൂര്‍ത്തിയായി; ഷരീഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി

Keywords:  Workers strike in tea estates in Kerala continues, Threatened, Women, Minister, Shibu Baby John, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia