Protest | മരുന്ന് മാറി നൽകിയെന്ന പരാതി: പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിന് നേരെ കരി ഓയിൽ പ്രയോഗം


-
ഖദീജ മെഡിക്കൽ ഷോപ്പിന് നേരെയാണ് കരി ഓയിൽ പ്രയോഗം.
-
ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ ധർണ്ണ നടത്തി.
-
മെഡിക്കൽ ഷോപ്പിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
-
പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: (KVARTHA) എട്ടുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകർ വ്യാഴാഴ്ച ഉച്ചയോടെ ഖദീജ മെഡിക്കൽസിലേക്ക് പ്രതിഷേധ ധർണ നടത്തി. മെഡിക്കൽ ഷോപ്പിൻ്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മെഡിക്കൽ ഷോപ്പിൻ്റെ നെയിം ബോർഡിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കി. പഴയങ്ങാടി പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി മെഡിക്കൽ ഷോപ്പ് തുറന്നു പ്രവർത്തിച്ചിരുന്നില്ല.
എന്നാൽ, മെഡിക്കൽ ഷോപ്പിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ താക്കോൽ കസ്റ്റഡിയിലെടുത്ത് തുറന്ന് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെയാണ് കഴിഞ്ഞ ദിവസത്തെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. പരിശോധന വൈകീട്ട് വരെ നീണ്ടുനിന്നു. ഡ്രഗ്‌സ് ഇൻസ്‌പെക്ടർ പി.എം. സന്തോഷ്, ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഇൻ്റലിജൻസ് ബ്രാഞ്ച് ഇ.എൻ. ബിജിൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
മാർച്ച് എട്ടിനാണ് അസുഖബാധിതയായ കുട്ടിയെ മെഡിക്കൽ ഷോപ്പിൻ്റെ മുകളിലെ ഡോക്ടർ പരിശോധിക്കുന്നത്. സിറപ്പിന് പകരം ഡ്രോപ്പ്സ് നൽകിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയത്. തുടർന്ന് ചികിത്സ തേടിയ ഡോക്ടറുടെ നിർദേശത്തെ തുടർന്നാണ് കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോയത്. മെഡിക്കൽ ഷോപ്പ് ഉടമയെ അറിയിച്ചപ്പോഴും പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കാനാണ് പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കണ്ണൂർ അസിസ്റ്റൻ്റ് കൺട്രോളർ റിപ്പോർട്ട് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുക.
Protest erupted against Khadeeja Medicals in Payangadi, Kannur, following allegations of providing wrong medication to an 8-month-old baby. DYFI, Youth Congress, and BJP workers staged a protest, and the medical shop's signboard was vandalized with tar. Drug control officials conducted an inspection, and police have registered a case.
#Kannur #MedicalNegligence #Protest #WrongMedicine #KeralaNews #Investigation