Wedding | വിവാഹം കഴിക്കാൻ മടിച്ച് യുവതികൾ; പെണ്ണ് കിട്ടാതെ പ്രയാസത്തിലായി ആണുങ്ങളും; മാറ്റത്തിന് കാരണമെന്ത്?

 
Wedding
Wedding

Jeremy Wong/ Pexels

വീട്ടുകാർക്കും ഒരു പരിധിക്ക് അപ്പുറം നിർബന്ധിക്കാൻ കഴിയാതെ ആയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം

ഡോണൽ മുവാറ്റുപുഴ 

(KVARTHA) ഇന്ന് പണ്ടത്തെപ്പോലെയല്ല. പല യുവതികളും വിവാഹം (Wedding) കഴിക്കാൻ വിസമ്മതിക്കുന്നതാണ് കാണുന്നത്. അതിൽ ജോലിയും (Job) വിദ്യാഭ്യാസവും (Education) ഉള്ളവർ വരെ ഉണ്ടെന്നതാണ് സത്യം. ഒരു കാലത്ത് ആണുങ്ങൾ വിവാഹ പ്രായമെത്തിയാലും വിവാഹമൊക്കെ കഴിച്ചിരുന്നത് കുറച്ചു പ്രായം ഏറുമ്പോഴായിരുന്നു. അന്ന് പെൺകുട്ടികളുടെ കാര്യം അങ്ങനെയല്ലായിരുന്നു. വിവാഹപ്രായം തികഞ്ഞാൽ തുടങ്ങുമായിരുന്നു വിവാഹാലോചനകൾ (Marriage proposal). അല്ലെങ്കിൽ വിവാഹ പ്രായമെത്തിയ പെൺകുട്ടികൾ വിവാഹം കഴിക്കാതെ നിന്നാൽ അത് ഒരു പോരായ്മ ആയിട്ടാണ് വീട്ടുകാർ കരുതിയിരുന്നത്. പെൺകുട്ടികൾ പെരനിറഞ്ഞു നിന്നിട്ടും എന്തുകൊണ്ട് കല്യാണം നടത്തുന്നില്ല എന്ന് പലരും ചോദിക്കുമായിരുന്നു. അത് ഒരു ആക്ഷേപം ആയിട്ടാണ് പലരും അതിനെ കണ്ടിരുന്നത്. 

Wedding

എന്നാൽ ഇന്ന് സ്ഥിതി മാറി. വീട്ടുകാർ നിർബന്ധിച്ചാൽ പോലും പല പെൺകുട്ടികൾക്കും വിവാഹം കഴിക്കാൻ തയ്യാറാവുന്നില്ല. അതിൽ അവർ ഒരു കുറച്ചിലും കാണുന്നില്ല എന്നതാണ് സത്യം. വീട്ടുകാർക്കും (Family) ഒരു പരിധിക്ക് അപ്പുറം നിർബന്ധിക്കാൻ കഴിയാതെ ആയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന ധാരാളം സ്ത്രീകളെ പൊതു സമൂഹത്തിൽ കാണാൻ കഴിയും. ഇതിൻ്റെ സത്യസന്ധമായ വസ്തുതയെന്ത്? അതാണ് ഇനി പറഞ്ഞു വരുന്നത്. ഇപ്പോൾ അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പറയുന്ന ഒരു കുറിപ്പ് ആണ് ശ്രദ്ധയാകർഷിക്കുന്നത്.  

കുറിപ്പിൽ പറയുന്നത് 

'ഒരുപാട് പേർ കല്യാണം കഴിച്ചിട്ടുണ്ട്. എന്നാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ജീവിതപങ്കാളിയെ ലഭിച്ചിട്ടുള്ളൂ. ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതി, നമുക്ക് മനസ്സിലാവും എത്ര പേർക്ക് ജീവിത പങ്കാളിയെ ലഭിച്ചിട്ടുണ്ട് എന്ന്. കല്യാണം കഴിച്ചു എന്നത് എന്തോ വലിയ മഹത്തരമായി പറയുന്നവർക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോ നിങ്ങൾക്ക് ഒരു 'ജീവിത പങ്കാളിയെ ' ലഭിച്ചു എന്ന്? കുറച്ചു നാൾ മുൻപ് പ്രിയപ്പെട്ട കലാകാരി മേതിൽ ദേവിക ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി, കൂടെ ആളുകൾ ഉണ്ടെന്നേ ഉള്ളൂ, പലരും ഒറ്റയ്ക്ക് തന്നെയാണ് എന്ന്. 

വിവാഹം കഴിച്ചിട്ടും എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തന്നെ ചെയ്യേണ്ടി വരുന്നവർ നിരവധിയാണ്. ഒറ്റയ്ക്ക് തന്നെ അടുക്കളയിൽ കഷ്ടപ്പെടുക, ഒറ്റയ്ക്ക് തന്നെ യാത്ര പോവുക, പേരിനു മാത്രം ഒരു ഭാര്യ/ഭർത്താവ്. ഓരോരുത്തരും അവരവർക്ക് തോന്നുന്ന വഴിയിൽ. ഇവിടെ പങ്കു വയ്ക്കപ്പെടുന്ന ഒന്നും തന്നെയില്ല എന്ന് വ്യക്തമാകും. കുട്ടികളുടെ കാര്യം നോക്കാനും അവരെ രാവിലെ എഴുന്നേൽപ്പിച്ചു റെഡി ആക്കി സ്കൂളിൽ വിടാനും വൈകീട്ട് ഹോംവർക്ക് ചെയ്യിക്കാനും എല്ലാം ചെയ്യുന്നത് ഒരാൾ മാത്രം. എല്ലാ ജോലിയും ഒരാളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. പല പെൺകുട്ടികളും വിവാഹം കഴിക്കാൻ മടിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ്. 

ഒരു തരത്തിലും സപ്പോർട്ട് ചെയ്യാൻ തയ്യാറാകാത്ത ഒരു വ്യക്തി എന്തിനാണ് നമ്മുടെ ജീവിതത്തിൽ? വിവാഹം ഒരു കൂട്ടുത്തരവാദിത്തമാണ്. ചുമതലകൾ പങ്ക് വയ്ക്കപ്പെടണം, ചർച്ചകൾ, തുറന്ന സമീപനങ്ങൾ ഉണ്ടായിരിക്കണം. വിവാഹം കഴിച്ചിട്ടും സ്വയം ഒറ്റയ്ക്ക് ആകാനും ജീവിതത്തിൽ കൂടെ കൂട്ടിയ വ്യക്തിയെ ഒറ്റയ്ക്ക് വിടാനുമാണ് ആഗ്രഹമെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഭാര്യയെയോ ഭർത്താവിനെയോ കിട്ടാൻ വേണ്ടിയല്ല, ഒരു ജീവിത പങ്കാളിയെ കിട്ടാൻ വിവാഹത്തിനൊരുങ്ങുക'.

വിവാഹം കഴിച്ചിട്ടും ഒറ്റയ്ക്കായവർ 

ഇതാണ് കുറിപ്പിൽ പറയുന്നത്. ചിന്തിക്കുമ്പോൾ ഇത് സത്യമല്ലേയെന്ന് തോന്നുക സ്വഭാവികമാണ്. വിവാഹം കഴിച്ചിട്ടും ഒറ്റപ്പെട്ട് ജീവിക്കുന്ന ധാരാളം ദമ്പതികളെ സമൂഹത്തിൽ കാണാം. അതിൽ പരസ്പരം സ്നേഹബന്ധത്തിലായി വിവാഹം കഴിച്ചവർ വരെയുണ്ട്. അവരൊക്കെ പിന്നെ കുടുംബ പ്രശ്നങ്ങളുമായി വിവാഹമോചനത്തിലെത്തുന്നതാണ് കാണുന്നത്. ഇതിൽ സെലിബ്രറ്റികൾ വരെ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. ഇതു കണ്ട് വളർന്നതുകൊണ്ടാവാം പുതുതലമുറ വിവാഹത്തിന് തയ്യാർ എടുക്കാൻ വിസമ്മതിക്കുന്നത്. ഒന്നും വേണ്ടാതെ കെട്ടാൻ തയ്യാർ എടുക്കുന്ന ചെറുക്കന്മാർ വരെ ഇപ്പോൾ പൊതുസമൂഹത്തിൽ ഉണ്ട്. എന്നിട്ടും അവർ ഒരു പെൺകുട്ടിയെ കിട്ടുന്നില്ല എന്നതാണ് ശരിയായ വസ്തുത. 

ഫലമോ ധാരാളം ചെറുപ്പക്കാർ മധ്യവയസെത്തിയിട്ടും വിവാഹം കഴിക്കാൻ പറ്റാതെ പുരനിറഞ്ഞു നിൽക്കുന്നു. ഇത് വലിയൊരു മാറ്റമാണ്. എന്തായാലും ഇത് ഒരു ശരിയായ മാറ്റമാണെന്ന് തോന്നുന്നില്ല. നല്ല ഹെൽത്തിയായ കുടുംബങ്ങൾ ഇവിടെ വളരേണ്ടിയിരിക്കുന്നു. അതിലൂടെ നല്ല കുട്ടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. വിവാഹം എന്നത് ഒരു അഡ്ജസ്റ്റ്മെൻ്റ് ആണ്. പരസ്പരം മനസ്സിലാക്കി വിട്ടുവീഴ്ച ചെയ്തുപോയെങ്കിലെ ഏത് കുടുംബവും വിജയിക്കു. 

അല്ലാതെ ഞാൻ പിടിക്കുന്ന മുയലിന് പത്തുകൊമ്പ് എന്ന രീതിയിൽ പോയാൽ എത്ര സമ്പന്ന കുടുംബമായാലും തകരും. ഇത് മനസിലാക്കി യുവതി - യുവാക്കൾ മുന്നോട്ടു പോകുക. പരസ്പരം മനസിലാക്കി വിവാഹത്തിന് തയ്യാറെടുക്കുക. അതിലൂടെ നല്ല കുട്ടികളും നല്ല കുടുംബവും ഇവിടെ സൃഷ്ടിക്കപ്പെടട്ടെ. വിവാഹം വേണ്ടെന്നുള്ള ചിന്ത അപക്വമാണ്. എന്തായാലും പ്രായം ചെല്ലുന്തോറും താങ്ങാകാൻ സ്ത്രീയ്ക്കും പുരുഷനും ഒരു തുണവേണമെന്ന് മനസിലാക്കി പ്രവർത്തിക്കുക.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia