Cyber Safety | നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാം; ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ! പൊലീസ് നിർദേശങ്ങൾ
വിശ്വസനീയമല്ലാത്ത തേർഡ് പാർട്ടി ആപ്പുകൾക്ക് അക്കൗണ്ട് അനുമതി കൊടുക്കാതിരിക്കുക
തിരുവനന്തപുരം: (KVARTHA) സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധിച്ചുവരുന്ന ഭീഷണി നമ്മുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാക്കുന്നു. ഗൂഗിൾ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. സൈബർ തട്ടിപ്പുകാർക്ക് ഗൂഗിൾ അക്കൗണ്ട് പോലും ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്. ശ്രദ്ധിക്കാൻ ചില കാര്യങ്ങളും പൊലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
* മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
* പാസ്‌വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും (!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും (0,1,2,3,4....9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
* വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിൻ ചെയ്യുക.
* തേർഡ് പാർട്ടി ആപ്പുകളിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
* വിശ്വസനീയമല്ലാത്ത തേർഡ് പാർട്ടി ആപ്പുകൾക്ക് അക്കൗണ്ട് അനുമതി കൊടുക്കാതിരിക്കുക.
* ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
* ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.
സുരക്ഷിതമാക്കാം
പൊലീസിന്റെ ഈ നിർദേശങ്ങൾ പാലിച്ച് ഗൂഗിൾ അക്കൗണ്ട് സുരക്ഷിതമാക്കാം. ️കൂടാതെ അറിയാത്ത സ്രോതസ്സുകളിൽ നിന്നുള്ള ഇമെയിലുകളിലോ സന്ദേശങ്ങളിലോ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. അവ നിങ്ങളുടെ ഉപകരണത്തിൽ ദോഷകരമായ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ ഇടയാക്കിയേക്കാം.