Found Dead | പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചപ്പോള്‍ പറഞ്ഞത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ തെറ്റി താഴേക്ക് വീണെന്ന്; ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍; സുഹൃത്ത് കസ്റ്റഡിയില്‍
Nov 5, 2022, 20:48 IST
പാലക്കാട്: (www.kvartha.com) പട്ടാമ്പിക്കടുത്ത് കൊപ്പത്ത് കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ടം പരിശോധനയില്‍ വ്യക്തമായി. കൊപ്പം മണ്ണേങ്ങോട് അത്താണിയില്‍ മുളയകാവ് പെരുപറതൊടി അബ്ദുള്‍ സലാമിന്റെ മകന്‍ ഹര്‍ശാദിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഹര്‍ശാദിന്റെ സുഹൃത്ത് ഹകീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. യുവാവിന്റെ ബന്ധു കൂടിയാണ് ഇപ്പോള്‍ കൊപ്പം പൊലീസിന്റെ കസ്റ്റഡിയിലുള്ള ഹകീം. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ ചേര്‍ന്നാണ് ഹര്‍ശാദിനെ ആശുപത്രിയില്‍ എത്തിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ തെറ്റി താഴേക്ക് വീണതാണെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ അറിയിച്ചത്.
ഹര്‍ശാദ് മരിച്ചെന്ന് അറിഞ്ഞതോടെ ഇയാളെ ആശുപത്രിയിലെത്തിച്ച മൂന്ന് പേരില്‍ ഒരാള്‍ മുങ്ങി. ഇത് ഹകീമായിരുന്നു. ഇതോടെയാണ് മരണത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നത്. പോസ്റ്റ്‌മോര്‍ടം റിപോര്‍ട് പ്രകാരം ഹര്‍ശാദിന് ക്രൂരമായ മര്‍ദനമേറ്റുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹര്‍ശാദിന്റെ ശരീരത്തിലാകെ അടിയേറ്റ നിരവധി പാടുകളുണ്ട്.
ഹര്‍ശാദിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് പിന്നാലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ഹകീമിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.
പട്ടിക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നാണ് കൊലപാതകത്തിന് കാരണമായി ഹകീം പറയുന്നത്. തര്‍ക്കം രൂക്ഷമായതോടെ ദേഷ്യം കയറിയ ഹകീം ഹര്‍ശാദിനെ തലങ്ങും വിലങ്ങും മൃഗീയമായി മര്‍ദിക്കുകയായിരുന്നു. ഇതോടെ ഹര്‍ശാദ് അവശനിലയിലായി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Keywords: Youth arrested after suspected murder, Palakkad, News, Dead, Police, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.